ന്യൂഡല്‍ഹി: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഇന്നു പുറപ്പെടും. സഊദി അറേബ്യ ഭരണകൂടത്തിന്റെ ക്ഷണപ്രകാരമാണ് മന്ത്രി ഇ. അഹമ്മദ് ചടങ്ങില്‍ സംബന്ധിക്കുന്നത്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനുവേണ്ടി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ചടങ്ങിന് നേതൃത്വം നല്‍കും. ഇരുഹറം കാര്യാലയ മേധാവി ഡോക്ടര്‍ അബ്ദുറഹ്മാന്‍ അല്‍സുദസ്, ഹറം കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് ബിന്‍ നാസില്‍ അല്‍ഖുസൈം, കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍, പണ്ഡിതന്മാര്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. മേല്‍ത്തരം പനിനീര്‍ വെള്ളവും സംസവും കൂട്ടിക്കലര്‍ത്തിയണ് കഅ്ബയുടെ അകവും ചുമരുകളും കഴുകുന്നത്. കഅ്ബ കഴുകുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയതായി ഇരുഹറം കാര്യാലയ അധികൃതര്‍ പറഞ്ഞു. ഓരോ വര്‍ഷവും ഹിജ്റ മാസങ്ങളായ ശഅബാന്‍, മുഹറം മാസങ്ങളിലാണ് ചടങ്ങ് പ്രാധാന്യപൂര്‍വം നടക്കാറുള്ളത്.