ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ്; മഹല്ല് ശാക്തീകരണ കാമ്പയിന്‍ 20 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആദ്യ ഘട്ടത്തില്‍  100 മഹല്ലുകൾ പങ്കാളികളാകും 
തിരുവനന്തപുരം : പട്ടിക്കാട് ജാമിഅ: നൂരിയ്യ: കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ''സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ്'' നടത്തുന്ന മഹല്ല് ശാക്തീകരണ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന യൂണിറ്റുകളായ മഹല്ല് ജമാഅത്തുകളുടെ സമ്പൂര്‍ണ്ണ ശാക്തീകരണം ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയില്‍ 100 മഹല്ലുകളാണ് ആദ്യ ഘട്ടത്തില്‍ പങ്കാളികളാവുക. വിദ്യാഭ്യാസം, പ്രബോധനം, സന്നദ്ധസേവനം, തര്‍ക്കപരിഹാരം, ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ മഹല്ലു ജമാഅത്തുകളുടെ മുഴുവന്‍ ഇടപെടല്‍ മേഖലകളിലും കൃത്യമായ ദിശാബോധം നല്‍കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുക.
2013 നവംബര്‍ 20 ബുധനാഴ്ച ഉച്ചക്ക് 2 ന് തിരുവനന്തപുരത്ത് (ഒളിമ്പ്യന്‍ഹാള്‍,പാളയം) നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ജാമിഅ നൂരിയ്യ
പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ കര്‍മ്മ പദ്ധതി അവതരിപ്പിക്കും. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഇ.അഹമ്മദ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ശശിതരൂര്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍, നഗരകാര്യവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹാജി.കെ.മമ്മദ് ഫൈസി പ്രസംഗിക്കും. മഹല്ല് ലീഡേഴ്‌സ് വര്‍ക്ക് ഷോപ്പിന് എസ്.വി.മുഹമ്മദലി നേതൃത്വം നല്‍കും.