മുസ്ലീങ്ങളെ ഇസ്ലാമിനെക്കുറിച്ച് പഠിപ്പിക്കാന്‍ ആര്‍.എസ്.എസ് ചാനല്‍ തുടങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലീങ്ങളെ ഇസ്ലാമിനെക്കുറിച്ച് പഠിപ്പിക്കാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍.എസ്.എസ്) ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു. പൈഗാം ടി.വിയെന്നാണ് ചാനലിന്റെ പേര്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ചാനല്‍ നിലവില്‍ വരുമെന്നാണ് റിപോര്‍ട്ട്.
അടുത്തിടെ ആര്‍.എസ്.എസ് പൈഗാം മഡ്രേ വതന്‍ എന്ന പേരില്‍ ഉറുദു പത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇവയെക്കൂടാതെ ഒരു എഫ്.എം ചാനലും ആരംഭിക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിടുന്നുണ്ട്. ഉറുദു പത്രത്തിന്റെ എഡിറ്റര്‍ ഗിരീഷ് ജുയാലും മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ മറ്റൊരാളുമാണ് ഈ സംരംഭങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം പുതിയ ഇലക്ട്രോണിക് മാധ്യമ സംരംഭങ്ങള്‍ക്ക് പിറകില്‍ ആര്‍.എസ്.എസ് അല്ലെന്ന് ഗിരീഷ് അറിയിച്ചു. ഇതൊരു വ്യക്തിപരമായ സംരംഭമാണ്. ആര്‍.എസ്.എസിനോ മുസ്ലീം രാഷ്ട്രീയ മഞ്ചിനോ ഇതില്‍ യാതൊരു പങ്കുമില്ല ഗിരീഷ് പറഞ്ഞു.
മുസ്ലീം രാഷ്ട്രീയ മഞ്ച് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നാഷണല്‍ ഓര്‍ഗനൈസിംഗ് കണ്‍ വീനറാണ് ഗീരീഷ്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഇന്ദ്രേഷ് കുമാര്‍ ആണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. 2014ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്ക് സര്‍വ്വ പിന്തുണയും നല്‍കുന്ന ആര്‍.എസ്.എസ് മോഡിയുടെ വിജയമുറപ്പാക്കാനുള്ള ശ്രമത്തിലാണ്.

ആര്‍.എസ്.എസ് ഒരു ചാനലിനും സാമ്പത്തീക സഹായം നല്‍കുന്നില്ല. മുസ്ലീം രാഷ്ട്രീയ മഞ്ച്(എം.ആര്‍.എം) സ്വാശ്രയ സംഘടനയാണ്. ആര്‍.എസ്.എസിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. അതിന്റെ പ്രവര്‍ത്തനങ്ങളും സ്വതന്ത്രമാണ് ആര്‍.എസ്.എസ് വക്താവ് രാം മാധവ് പറഞ്ഞു. എന്നാല്‍ മുസ്ലീങ്ങളിലേയ്‌ക്കെത്താനുള്ള പുതിയ സംരംഭത്തിന് തന്റെ പിന്തുണയുണ്ടെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ഉറുദു പത്രം, സോഷ്യല്‍ മീഡിയ, ടിവി ചാനല്‍ എന്നിവയിലൂടെ മുന്നേറാനാണ് ഞങ്ങളുടെ തീരുമാനം. മുസ്ലീങ്ങളെ ഇന്ത്യാവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്. സാമൂഹികമായും സാംസ്‌ക്കാരികമായും അവരുടെ മനസ് മാറ്റിയെടുക്കണം. ഇപ്പോള്‍ മുസ്ലീങ്ങള്‍ ഞങ്ങള്‍ക്ക് എതിരല്ല. അവര്‍ ഞങ്ങളോട് വളരെ അടുത്താണ്. മുസ്ലീങ്ങള്‍ ഉപയോഗിക്കപ്പെടുകയാണ്. രാഷ്ട്രീയമായി അവരെ ചൂഷണം ചെയ്യുകയാണ്. അത് മാറേണ്ടത് ആവശ്യമാണ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും ചാനല്‍ തുടങ്ങുന്നതിനുള്ള അംഗീകാരം ലഭിച്ചാലുടനെ തന്നെ ചാനലിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഗിരീഷ് ജുയാല്‍ അറിയിച്ചു.