ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് മണിപ്പാല്‍ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് കര്‍ണാടക സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. അതേസമയം ജാമ്യം നല്‍കണമെന്ന മഅ്ദനിയുടെ ആവശ്യം നിരാകരിച്ച കോടതി ആരോഗ്യം മെച്ചപ്പെട്ട ശേഷം പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന് വ്യക്തമാക്കി.
ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനി കര്‍ണാടക ഹൈക്കോടതിയിലാണ് ചികിത്സക്കായി ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെതുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മഅ്ദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞ് ജാമ്യം നല്‍കുന്നതിനെതിരെ രംഗത്തെത്തിയ കര്‍ണാടക സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ നല്‍കുന്നതിനെയും എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് മണിപ്പാല്‍ ആസ്പത്രിയില്‍ ചികിത്സക്ക് സൗകര്യം ഒരുക്കണമെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആവശ്യമെങ്കില്‍ വിക്ടോറിയ ആസ്പത്രിയിലും ചികിത്സ നല്‍കാമെന്ന് കോടതി പറഞ്ഞു.
ചികിത്സാച്ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കണം. ഉറ്റ ബന്ധുക്കള്‍ക്ക് മഅ്ദനിയെ സന്ദര്‍ശിക്കാനും കോടതി അനുമതി നല്‍കി. കണ്ണിന്റെ ശസ്ത്രക്രിയ നടത്തിയ ശേഷം ആരോഗ്യം മെച്ചപ്പെടുന്നതുവരെ ചികിത്സ നല്‍കാനും കര്‍ശന സുരക്ഷയോടെ ആസ്പത്രിയില്‍ മുറി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മഅ്ദനിക്ക് ജാമ്യം നല്‍കുന്ന പക്ഷം സംസ്ഥാനത്ത് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് കേരളം ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു.
കോടതിവിധി ആശ്വാസം; ജാമ്യം നിഷേധിച്ചതില്‍ ഖേദം -മഅ്ദനി ഫോറം
തിരുവനന്തപുരം: കര്‍ണാടക സര്‍ക്കാറിന്‍െറ കള്ളപ്രചാരണങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് മഅ്ദനിക്ക് അടിയന്തരചികിത്സ ആവശ്യമാണെന്നും അത് മണിപ്പാല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ നല്‍കണമെന്നും ചികിത്സാചെലവ് മുഴുവന്‍ കര്‍ണാടക സര്‍ക്കാര്‍ വഹിക്കണമെന്നുമുള്ള കോടതിവിധി ആശ്വാസം നല്‍കുന്നതാണെങ്കിലും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചതില്‍ ഖേദമുണ്ടെന്നും ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം സംസ്ഥാന ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, വൈസ് ചെയര്‍മാന്മാരായ ഡോ. നീലലോഹിതദാസന്‍ നാടാര്‍, ഭാസുരേന്ദ്രബാബു എന്നിവര്‍ പറഞ്ഞു. ഇപ്പോള്‍ മഅ്ദനിക്ക് ചികിത്സയാണ് അത്യാവശ്യമെന്നും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാമെന്നുമുള്ള കോടതി തീരുമാനം പ്രതീക്ഷ നല്‍കുന്നു.
ജാമ്യം നല്‍കിയാല്‍ മഅ്ദനി വിചാരണക്ക് തിരികെ കോടതിയില്‍ എത്തില്ളെന്നുള്ള കര്‍ണാടക സര്‍ക്കാര്‍ വാദം ബാലിശമാണ്. ജാമ്യം ലഭിച്ചാല്‍ മഅ്ദനിക്ക് സംരക്ഷണം നല്‍കുമെന്ന കേരളസര്‍ക്കാറിന്‍െറ വാഗ്ദാനം സുപ്രീംകോടതിയില്‍ അറിയിച്ച സ്ഥിതിക്ക് കോടതിയില്‍ ഹാജരാകില്ളെന്ന വാദത്തിന് പ്രസക്തിയില്ല. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാല്‍ മഅ്ദനിയെ കേസിന്‍െറ അവധിക്ക് വിചാരണകോടതിയില്‍ ഹാജരാക്കാമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കണമെന്നും ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.