ഖാസി വധ കേസ്: വാദം കേള്‍ക്കുന്നത് മാറ്റിവെച്ചത് നാലാഴ്ചത്തേക്ക്

കാസര്‍കോട് സമസ്തകേന്ദ്രമുശാവറ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ വാദത്തിനെടുക്കുന്നതിനായി നാലാഴ്ചത്തേക്ക് മാറ്റിവെച്ചു.
ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ലോക്കല്‍ പോലീസ് അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും തൃപ്തികരമല്ല എന്ന കാരണത്താല്‍ ഖാസി സംയുക്ത സമരസമിതി, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത്, എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി, 
ഖാസിയുടെ കുടുംബാഗംങ്ങള്‍ ഉള്‍പ്പെടെ നടത്തിയ നിരവധി പ്രക്ഷോഭങ്ങളുടെയും നിവേദനങ്ങളുടെയും ഭാഗമായിട്ടായിരുന്നു ഖാസി മരണപ്പെട്ട് ഒരുമാസത്തിനകം തന്നെ അന്വേഷണം സര്‍ക്കാര്‍ സി ബി ഐ ക്ക് കൈമാറിയത്.
ആദ്യഘട്ടത്തില്‍ സി ബി ഐ അന്വേഷണം നല്ലനിലയില്‍ പോയിരുന്നെങ്കിലും പിന്നീട് ദിശ മാറുകയായിരുന്നു. ഇതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ഐ ലാസറിനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയത്. ഖാസി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് അന്നു തന്നെ ആരോപണമുണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന് 2011 സെപറ്റംബറോടുകൂടി അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സി ബി ഐ യില്‍ നിന്നും ലഭ്യമാക്കി തരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫി ദേളി ഹൈക്കോടതിയെ സമീപിക്കുകയും ഇതിലേക്ക് ഖാസി സംയുക്ത സമര സമിതിയും ജില്ലാ എസ് കെ എസ് എസ് എഫും കക്ഷി ചേരുകയും ചെയ്തിരുന്നു.
മേല്‍ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നാലഞ്ചു തവണ കോടതി ആവശ്യപ്പെട്ടെങ്കിലും ഓരോ അവധിക്കും വീണ്ടും വീണ്ടും അവധി ആവശ്യപ്പെട്ട് സി ബി ഐ റിപ്പോര്‍ട്ട് നല്‍കുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
റിപ്പോര്‍ട്ട് ഹാജരാക്കിയില്ലെങ്കില്‍ സി ബി ഐ യുടെ ചെന്നൈയിലുള്ള റീജ്യണല്‍ ഡയരക്ടറെ ഹൈക്കോടതിയിലേക്ക് വിളിപ്പിക്കേണ്ടി വരുമെന്ന് കോടതി കര്‍ശന താക്കീതു നല്‍കിയ ശേഷമാണ് സി ബി ഐ സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പിന്നീട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാര്‍ ആവശ്യപ്പെട്ടങ്കെിലും സി ബി ഐ തടസവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
ഒടുവില്‍ കോടതി നിര്‍ദ്ദേശ പ്രകാരം കോണ്‍ഫിഡന്റലായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് ലഭിച്ചെങ്കിലും റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ അവിശ്വസനീയങ്ങളും വാസ്തവവിരുദ്ധവുമാണെന്നും തിയറി കൊണ്ട് ഖാസിയുടെ മരണത്തെ ആതമഹത്യയാക്കി ചിത്രീകരിക്കാനുമാണ് ശ്രമമുണ്ടായത്.
ഇതേത്തുടര്‍ന്ന് ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫി ദേളിയും, ഖാസി സംയുക്ത സമരസമിതിയും, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയും ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കുന്നത് തടയണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സി ബി ഐ യുടെ എസ് പിക്കു മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് പുന:രന്വേഷണം നടത്തണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നാളിതുവരെയായി പലതവണ കോടതിയില്‍ കേസ് വന്നെങ്കിലും വാദം കേള്‍ക്കാനായി പലതവണ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ മാസം ഖാസിിയുടെ മകന്‍ മുഹമ്മദ് ഷാഫി ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ വീണ്ടും ഒരു ഹര്‍ജികൂടി ഫയല്‍ ചെയ്തിരുന്നു. എല്ലാ ഹര്‍ജികളിലുമുള്ള വാദങ്ങള്‍ ഒന്നിച്ചു കേള്‍ക്കണമെന്ന് കോടതിയില്‍ എല്ലാ കക്ഷികളും ആവശ്യപ്പെടുകയും കോടതി അതു പരിഗണിക്കുന്നതിലേക്കായി ഈ മാസം ഒന്നിലേക്ക് കേസ് മാറ്റിവെക്കുകയും ചെയ്തു. പ്രസ്തുത ദിവസം കേസ് ബഞ്ചില്‍ വന്നെങ്കിലും വീണ്ടും ഇന്നത്തേക്കു മാറ്റി വെക്കുകയുമായിരുന്നു.
ഇന്നു കേസ് പരിഗണിച്ചപ്പോഴാണ് കോടതിക്കു സമയമില്ലാത്തതിനാല്‍ ഖാസി കേസ് വീണ്ടും നാലാഴ്ചത്തേക്ക് മാറ്റി വെച്ചത്. ഇതിനിടയില്‍ ഖാസിയുടെ മരണം ആത്മഹത്യയാണെന്നു ആവര്‍ത്തിച്ചു സ്ഥാപിക്കുന്ന അന്തിമ റിപ്പോര്‍ട്ട് സി ബി ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതായി വാര്‍ത്ത പ്രചരിച്ചിരിക്കുന്നത്‌.