വാഫി, വഫിയ്യ വിദ്യാര്‍ഥി-കുടുംബ സംഗമം ഞായറാഴ്ച
വളാഞ്ചേരി: ആറാമത് സംസ്ഥാന വാഫി കലോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ നടക്കും. രണ്ട് ദിവസത്തെ വാഫി കലോത്സവത്തില്‍ സംസ്ഥാനത്തെ 36 കോളേജുകളില്‍ നിന്നായി 3200 പ്രതിഭകള്‍ മാറ്റുരക്കും. അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി 144 ഇനങ്ങളില്‍ മത്സരങ്ങളുണ്ടാകും. കലാമത്സരങ്ങള്‍ക്ക് പുറമെ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന സെഷനുകളുമുണ്ടാകും.
ശനിയാഴ്ച 11ന് നടക്കുന്ന സെഷനില്‍ സമൂഹസേവനത്തിന്റെ പ്രസക്തിയും പ്രായോഗിക രീതികളും ചര്‍ച്ചചെയ്യും. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസലിയാര്‍ ഉദ്ഘാടനംചെയ്യും. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ വിശിഷ്ടാതിഥിയാകും. കെ.എം. ഷാജി എംഎല്‍.എ മുഖ്യപ്രഭാഷണം നടത്തും. രാത്രി നടക്കുന്ന ഹിഖ്ഹ് സെമിനാറില്‍ 'ഒരിടത്ത് ജുമുഅ പലതവണ' എന്ന വിഷയം ചര്‍ച്ചചെയ്യും. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.
ഞായറാഴ്ച 10ന് സംസ്ഥാനത്തെ വാഫി, വഫിയ്യ കോളേജുകളിലെ വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടിന് വാഫി ഗ്രാജ്വേറ്റ് മീറ്റുമുണ്ടാകും. വൈകീട്ട് നടക്കുന്ന സമാപനസംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.