10 മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി 14 കാരന്‍ ശ്രദ്ധേയനായി

കല്‍പ്പറ്റ : പത്തു മാസത്തിനിടയില്‍ സ്‌കൂള്‍ പഠനത്തോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി വയനാട് പഴഞ്ചനയിലെ തോലന്‍ ഉസ്മാന്‍-സൗദ ദമ്പതികളുടെ മകന്‍ 14 കാരന്‍ മുഹമ്മദ് അസ്‌ലം ശ്രദ്ധേയനാവുന്നു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 6-ാമത് ബാച്ചിലെ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് അസ്‌ലം. ഹാഫിള് ശിഹാബുദ്ദീന്‍ ദാരിമിയുടെ ശിക്ഷണത്തിലാണ് പഠനം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ 7-ാം തരം വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുവര്‍ഷം കൊണ്ട് എസ് എസ് എല്‍ സി യോടൊപ്പം ഖുര്‍ആന്‍ മനഃപാഠമാക്കുന്ന രീതിയിലാണ് ഇവിടുത്തെ കോഴ്‌സ്. ഇതിനകം ഹിഫ്‌ള് പൂര്‍ത്തിയാക്കി സനദ് നല്‍കപ്പെട്ട ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ വാഫിയിലും മറ്റു കോഴ്‌സിലുമായി തുടര്‍പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പുതിയ ബാച്ചിന്റെ ക്ലാസ്സ് ഉദ്ഘാടനം ജൂണ്‍ 10 ന് തിങ്കളാഴ്ച 10 മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിക്കും. മൂന്നു വര്‍ഷത്തെ കോഴ്‌സില്‍ ചേര്‍ന്ന് 10 മാസം കൊണ്ട് ഹിഫ്‌ള് പൂര്‍ത്തിയാക്കി മികവ് പ്രകടിപ്പിച്ച മുഹമ്മദ് അസ്‌ലമിനെ മാനേജ്‌മെന്റും സ്റ്റാഫും അനുമോദിച്ചു. കെ ടി ഹംസ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ ദാരിമി, മൂസാ ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍, സി പി ഹാരിസ് ബാഖവി, എ കെ സുലൈമാന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.