അബുദാബി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, കാസറഗോഡ്, കുമ്പള സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങീ ഒട്ടനവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പ്രമുഖ പണ്ഡിതനും കൂടിയായ ഈ അടുത്ത് അന്തരിച്ച ഖാസി ടി.കെ.എം ബാവ മുസ്‌ലിയാര്‍ അനുസ്മരണവും ദിക്ര്‍ ദുആ സദസ്സും സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സമീര്‍ അസ്അദി കമ്പാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹാരിസ് ബാഖവി കടമേരി അനുസ്മരണ പ്രഭാഷണം നടത്തി.
എസ്.വൈ.എസ്. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ നാസര്‍ മൌലവി കല്പറ്റ, അബുദാബി കാസറഗോഡ് ജില്ലാ കെഎംസിസി പ്രസിഡന്റ് പികെ അഹ്മദ് ബല്ലാകടപ്പുറം, പാറക്കാട് മുഹമ്മദ് ഹാജി, ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ പൊവ്വല്‍ എന്നിവര്‍ സംബന്ധിച്ചു.
ആത്മീയ സദസ്സിനു സമീര്‍ അസ്അദി, അബ്ദുല്‍ അസീസ് മുസ്ലിയാര്‍ എന്നിവര്‍ നേത്രത്വം നല്‍കി. ജന. സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍ പരപ്പ സ്വാഗതവും അഷ്‌റഫ് ഹോസ്ദുര്‍ഗ് ബീച്ച് നന്ദിയും പ്രകാശിപ്പിച്ചു.