വിവാഹപ്രായ സര്‍ക്കുലര്‍ പ്രതിഷേധക്കാര്‍ പിന്തിരിയണം : SYS

കോഴിക്കോട് : മുസ്‌ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം സാക്ഷ്യപ്പെടുത്തുന്ന 16 വയസ്സ് പൂര്‍ത്തിയായി എന്ന രേഖ പരിഗണിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലറിനെതിരില്‍ ചില ഇടതു പക്ഷ നേതാക്കള്‍ ഉയര്‍ത്തിയ ഭിന്നാഭിപ്രായവും, പ്രതിഷേധവും അവസാനിപ്പിക്കണം. ഭരണഘടനാ പരിരക്ഷ നല്‍കിയ മൗലികാവകാശത്തില്‍ പെട്ടതാണ് വിവാഹം, വിവാഹ മോചനം തുടങ്ങിയ മത പരമായ കാര്യങ്ങള്‍. ഇത്തരം കാര്യങ്ങളില്‍ അശാസ്ത്രീയ വ്യവസ്ഥകള്‍ മുസ്‌ലിംകളുടെ മേല്‍ അടിച്ചേല്‍പ്പിക്കണമെന്ന് വാദിക്കുന്നത് നീതിയല്ല. മതാധികാര സ്ഥാപനങ്ങളുടെ ആധികാരികതയും, സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും, ശരീഅത്തിന്റെ പരിരക്ഷ അംഗീകരിക്കുന്നതിനും ഭരണ കൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. ശൈശവ വിവാഹത്തിന്റെ മറവില്‍ മുസ്‌ലിംകളെ വീണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം. മുസ്‌ലിം സമുദായത്തിന്റെ മതകീയ വിഷയങ്ങള്‍ക്ക് തീര്‍പ്പുകല്‍പിക്കുന്ന നിലപാടില്‍ നിന്ന് രാഷ്ട്രീയ നേതൃത്വം പിന്തിരിയണമെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, ഹാജി കെ മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
താലിബാനിസം നടപ്പാക്കാനാണ് മുസ്‌ലിം ലീഗ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന ബി.ജെ.പി. നേതാക്കളുടെ വിലയിരുത്തല്‍ അതിരുകടന്ന അഹന്തയും വര്‍ഗ്ഗീയവുമാണെന്നും നേതാക്കള്‍ പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രം സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദവും അന്യായമാണ്. മത സ്പര്‍ദ്ദയും, സംശയവും, തെറ്റിദ്ധാരണകളും വളര്‍ത്തുന്ന നിലപാടുകള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ശരിയായില്ല. ശിരോവസ്ത്രം മുസ്‌ലിം വിശ്വാസാചാരത്തിന്റെ ഭാഗമാണ് അതിന് വേണ്ടി വാദിക്കുന്നതും ആഗ്രഹിക്കുന്നതും തീവ്രവാദ മാവുന്നതെങ്ങിനെ. അത് നിഷേധിക്കുന്നതാണ് തീവ്രവാദം. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടി ചിലര്‍ ഉയര്‍ത്തുന്ന ഇത്തരം അനാവശ്യ വിവാദങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും നേതാക്കളാവശ്യപ്പെട്ടു.
- Samasthalayam Chelari