ബാവ മുസ്ലിയാര്‍ ; ഉയരങ്ങളിലും എളിമ കൈവിടാത്ത വ്യക്തിത്വം : അനുസ്മരണ യോഗം

ഖത്തര്‍ : കഴിഞ്ഞ ദിവസം വഫാത്തായ സമസ്ത കേരള ജംഇയതുല്‍ ഉലമാ വൈസ്പ്രസിഡണ്ടും വിദ്യാഭ്യാസ ബോഡ് പ്രസിഡണ്ടുമായ ടി.കെ.എം ബാവ മുസ്ലിയാര്‍ ഉയരങ്ങളിലെത്തിയപ്പോഴും എളിമയും ലാളിത്യവും കൈവിടാത്ത പണ്ഡിതനായിരുന്നു എന്ന് അനുശോചനയോഗം ഓര്‍മ്മിച്ചു. ആത്മീയതയുടെ ഉന്നതങ്ങളില്‍ വിരാജിക്കുന്ന സമുദായ നേതാക്കളില്‍ അതി പ്രധാനിയായ ഒരാളെയാണ് ഈ വിയോഗത്തിലൂടെ സമുദായത്തിന് നഷ്ടമായതെന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ചവര്‍ അനുശോചിച്ചു. ഇശാനിസ്കാരശേഷം ശാറഅസ്മഖ് മസ്ജിദില് നടന്ന മയ്യിത്ത് നിസ്കാരത്തിന് ഒട്ടേറെ ആളുകള്‍ പങ്കെടുത്തു. ശേഷം ദോഹ ജദീദ് ഇസ്ലാമിക്സെന്ററില്‍ വെച്ച് ചേര്‍ന്ന അനുശോചന യോഗത്തിന് സെന്റര്‍ സെക്രട്ടറി ഇസ്മാഈല്‍ ഹുദവി സ്വാഗതം പറഞ്ഞു. സമസ്തയുടെ പ്രാമാണികരായ പണ്ഡിത വരേണ്യരുടെ മുഖമുദ്രയായ അഗാധമായ പാണ്ഡിത്യം, തികഞ്ഞ സൂക്ഷ്മത, ലളിത ജീവിതം എന്നിവയെല്ലാം പൂര്ണ അർത്ഥത്തിൽ അന്വര്ഥമാക്കിയ പണ്ഡിതനായിരുന്നു ബാവ മുസ്ലിയാരെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ തീര്‍ച്ചയായും നാം അനുശോചിക്കേണ്ടതാണെന്നും സ്വാഗതഭാഷണത്തില്‍ അദ്ദേഹം ഉണര്‍ത്തി. മുസ്‌ലിം കൈരളിക്കു പൊതുവെയും കാസർക്കോട് ജില്ലക്ക് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് ബാവ മുസ്‌ലിയാരുടെ വിയോഗമെന്നു യോഗം ഉദ്ഘാടനം ചെയ്ത ഇസ്ലാമിക്സെന്റർ ഫൌണ്ടർ മെമ്പറും കാസർക്കോട് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ ഡോ. ശാഫി ഹാജി പറഞ്ഞു. കഴിഞ്ഞ മുപ്പതു വർഷത്തിലധികമായി കാസർക്കോട് സംയുക്ത ഖാസിയും പ്രശസ്തമായ മാലിക് ദീനാർ മസ്ജിദിലെ മുദരിസുമായിരുന്നു ബാവ മുസ്‌ലിയാർ. ഓരോ പണ്ഡിതന്റെയും വിയോഗം വലിയ ശൂന്യതയാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്നും ഇത്തരം ആത്മീയ പണ്ഡിതരുടെ വേര്‍പാട് സമൂഹത്തിന് കനത്ത നഷ്ടമാണെന്നും അധ്യക്ഷഭാഷണം നടത്തിയ സെന്റര്‍ പ്രസിഡണ്ട് എ.വി. അബൂബക്ര്‍ അല്ഖാസിമി ഊന്നിപ്പറഞ്ഞു. ശേഷം സി.വി ഖാലിദ്, കെ.കെ മൊയ്തു മൌലവി, മുഹമ്മദ് അലി ഖാസിമി, മുനീര്‍ ഹുദവി ചങ്ങരംകുളം എന്നിവര്‍ യഥാക്രമം കെ.എം.സി.സി, ഖത്തര്‍ റേഞ്ച് ജംഇയതുല്‍ മുഅല്ലിമീന്‍, അലിഫ് ഖത്തര്‍, ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് അനുശോചനം അറിയിച്ചു. അബ്ദുല്ഹമീദ് സഖാഫി അനുശോചന പ്രഭാഷണം നടത്തി. ജലീൽ ദാരിമി നേതൃത്വം നല്കിയ പ്രാർത്ഥന മജ്‌ലിസോടെ യോഗം സമാപിച്ചു.
- Aslam Muhammed