ത്വലബ തജ്‌രിബ-13

പുണ്യറമളാന്‍ സമാഗതമായി. നാടും നഗരവും റമളാനിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന സുന്ദരമുഹൂര്‍ത്തം. വിശ്വാസിയെ സംബന്ധിച്ചെടുത്തോളം ആനന്ദത്തിന്റെയും ആത്മഹര്‍ഷത്തിന്റെയും അനുഗ്രഹീത രാവുകള്‍. പുണ്യറമളാന്‍, തിരിച്ചറിവിന്റെ മാസമാണ്; പാപ പങ്കിലമായ ഹൃദയത്തെ ആത്മീയതകൊണ്ട് സംഫുടം ചെയ്‌തെടുക്കാന്‍ നാഥന്‍ കനിഞ്ഞ് നല്‍കിയ പുണ്യമാസം; സുകൃതങ്ങള്‍ക്ക് വിവരണാതീതമായ പ്രതിഫലം നാഥന്‍ ഔദാര്യമായി അവന്റെ അടിയങ്ങള്‍ക്ക് നല്‍കുന്ന മാസം; ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവ്‌കൊണ്ട് അനുഗ്രഹീതമായ റമളാന്‍; അങ്ങനെ ഒട്ടനവധി സ്രേഷ്ടതകളെക്കൊണ്ടും മഹിമകളെക്കൊണ്ടും ധന്യമായ റമളാന്‍.
പൂര്‍വ്വീകര്‍ റമളാനിനെ സ്വീകരിച്ചതും അതിനെ ആദരിച്ചതും പുതു തലമുറ ഒരു പക്ഷേ വിസ്മരിച്ചെന്നുവരാം. ഭൗതികതയുടെ അതിപ്രസരം ആധുനിക യുവതയെ മതത്തിന്റെ പരിതികളില്‍ നിന്നും അകറ്റി മാറ്റിയിരിക്കുന്നു. നാളെയുടെ ആശയും പ്രതീക്ഷയുമായി വളര്‍ന്ന് വരേണ്ട യുവതലമുറ മതത്തിന്റെ തത്വങ്ങളും കല്‍പനകളും കാറ്റില്‍ പറത്തി അതിനെ പരസ്യമായി ചോദ്യം ചെയ്യുന്ന ഒരു ദയനീയ സാഹചര്യത്തെ നാം കണ്ടില്ലെന്ന് നടിക്കരുത്.
പുണ്യറമളാന്‍ നമ്മിലേക്ക് കടന്ന് വരുമ്പോള്‍ നമ്മുടെ കുടുംബത്തിന്റെ മക്കളുടെ ദീനിയായ സാഹചര്യങ്ങളെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. അവരില്‍ മാറ്റങ്ങള്‍ വരുത്താനാണ് നമുക്ക് സാധിക്കേണ്ടത്. വര്‍ദ്ദിച്ച വരുന്ന അക്രമണ, ലൈംഗിക, അനാചാര പ്രവണതകളില്‍ നമ്മുടെ മക്കള്‍ ഇടം പിടിക്കുന്നത് വളരെ ഗൗരവത്തോടെ നാം വീക്ഷിക്കേണ്ടതുണ്ട്. മതത്തിന്റെ മൂല്യങ്ങള്‍ അവര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ നമുക്ക് സാധിച്ചിട്ടില്ല എങ്കില്‍ തീര്‍ച്ചയായും നമ്മുടെ കുടംബത്തെ കുറിച്ച്, മക്കളെ കുറിച്ച് നാളെ നാം ഖേദിക്കേണ്ടിവരും. ഭൗതിക വിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം നല്‍കുന്ന സമകാലിക സാഹചര്യത്തില്‍ തിന്‍മകളെ അതിജയിക്കണമെങ്കില്‍ മതവിദ്യാഭ്യാസം അനിവാര്യമായിരിക്കുന്നൂവെന്ന് പരിസരങ്ങള്‍ നമ്മോട് വിളിച്ച് പറയുന്നു. അത്‌കൊണ്ട് പ്രിയ സുഹൃത്തെ ദീനിനെ അറിയാന്‍, മതത്തെ മനസ്സിലാക്കാന്‍ വേദികള്‍ സൃഷ്ടിക്കുന്നതാവട്ടെ ഓരോ പുണ്യദിനങ്ങളും.
ഈ സാഹചര്യത്തിലാണ് ത്വലബാ സംസ്ഥാന സമിതി 'ത്വലബ തജ്‌രിബ-13' എന്നപേരില്‍ ദഅ്‌വാ സ്‌കോഡ് പ്രവര്‍ത്തനവുമായി സമൂഹത്തിലേക്കിറങ്ങുന്നത്. ഇതൊരു സല്‍കര്‍മ്മമായി നാഥന്‍ സ്വീകരിക്കട്ടെ. ആമീന്‍.
SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി
ഇസ്‌ലാമിക് സെന്റര്‍, കോഴിക്കോട്-2 
- twalabastate wing