മാനുഷിക മൂല്യങ്ങള്‍ ഖുര്‍ആനിക ദര്‍ശനം - എസ്.വൈ.എസ്. ത്രൈമാസ കാന്പയിന്‍ ആചരിക്കുന്നു

റിയാദ് : മാനുഷിക മൂല്യങ്ങള്‍ ഖുര്‍ആനിക ദര്‍ശനം എന്ന പ്രമേയം ആധാരമാക്കി 2011 ജനുവരി മുതല്‍ ത്രൈമാസ കാന്പയിന്‍ നടത്താന്‍ സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചു. ഉദ്ഘാടന സമ്മേളനം, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖുര്‍ആന്‍ ക്വിസ്, സിന്പോസിയങ്ങള്‍, ഫാമിലി സംഗമം, അവാര്‍ഡ് ദാനം, സമാപന സമ്മേളനം തുടങ്ങിയവ കാന്പയിന്‍റെ ഭാഗമായി നടത്താനും കഴിഞ്ഞ ദിവസം ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി.

ശാന്തിയും സമാധാനവും നഷ്ടപ്പെട്ട ആധുനിക സമൂഹം ഒരു ശാശ്വത പരിഹാരമാണ് തേടിക്കൊണ്ടിരിക്കുന്നത്. വ്യക്തിജീവിതവും കുടുംബ ബന്ധങ്ങളും സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഈ ഹൈടക് യുഗത്തില്‍ മലീമസമായിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ചോരയില്‍ പിറന്ന മക്കളെ കാമപൂര്‍ത്തീകരണത്തിനുപയോഗിക്കുന്ന പിതാവും കൂടപ്പിറപ്പുകളെ ബലാല്‍ക്കാരം ചെയ്യുന്ന സഹോദരങ്ങളും ഇന്‍റര്‍നെറ്റ് യുഗത്തില്‍ ശാപമായി മാറിയിരിക്കുന്നു. ഇങ്ങനെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട നിഖില മേഖളകളിലും മൂല്യച്ഛുതിയും അതുവഴി അപകര്‍ഷതാബോധവും പിടിക്കപ്പെട്ട മനുഷ്യകുലത്തിന്‍റെ അവലംബവും അവസാന ആശ്രയവുമാണ് വിശുദ്ധ ഖുര്‍ആന്‍. അതുകൊണ്ടു തന്നെയാണ് എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇത്തരമൊരു പ്രമേയം ഉയര്‍ത്തിപ്പിടിച്ചു ജനങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

കടലുണ്ടിപ്പുഴയില്‍ മുങ്ങിമരിച്ച ചെമ്മാട് ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പി.ജി. വിദ്യാര്‍ത്ഥികളായ കാസര്‍ക്കോട് പള്ളിക്കരതോടി അഹ്‍മദ് ഹാരിസ്, ബേക്കല്‍ കാട്ടൂര്‍ അബ്ദുറഹ്‍മാന്‍ എന്നിവരുടെ നിര്യാണത്തില്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കമ്മിറ്റി പ്രസിഡന്‍റ് ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബഹു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഹംസ ബാഖവി മണ്ണാര്‍ക്കാട്, സൈതലവി ഫൈസി പനങ്ങാങ്ങര, മൊയ്തീന്‍ കുട്ടി തെന്നല, ഹമീദ്, അസീസ് വാഴക്കാട്, കരീം ഫൈസി ചേറൂര്‍, മുഹമ്മദ് അലി, ജലീല്‍, ബഷീര്‍ ഫൈസി ചെരക്കാപറന്പ്, അബ്ബാസ് ഫൈസി പെരിഞ്ചേരി എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി നൌഷാദ് അന്‍വരി സ്വാഗതവും മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.
-നൌഷാദ് അന്‍വരി-