തിരൂരങ്ങാടി : ഒരാഴ്ചനീണ്ട മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ ആണ്ടുനേര്‍ച്ചയ്ക്ക് ചൊവ്വാഴ്ച കൊടിയിറങ്ങും. നേര്‍ച്ചയുടെ പ്രധാനചടങ്ങായ അന്നദാനം രാവിലെ 9.30ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. അന്നദാനം ഉച്ചയ്ക്ക് രണ്ടരവരെ നീളും. ചെമ്മാട്ടെ ദാറുല്‍ഹുദാ കാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ നൂറോളം അടുപ്പുകളില്‍ നാനൂറോളം ചാക്ക് നെയ്‌ച്ചോര്‍ അരിയാണ് അന്നദാനത്തിനായി പാകംചെയ്യുക. അലി പടിക്കലിന്റെ നേതൃത്വത്തില്‍ 200ഓളം പാചകക്കാരും സഹായികളും ചേര്‍ന്നാണ് ഭക്ഷണമൊരുക്കുന്നത്.
ഭക്ഷണം പൊതിഞ്ഞുനല്‍കാനായി അരലക്ഷത്തിലധികം പെട്ടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ദാറുല്‍ഹുദ വിദ്യാര്‍ഥികളാണ് പാക്കിങ് നടത്തിയത്. യൂസഫ്‌ഫൈസി മേല്‍മുറി, നാസര്‍ഹുദവി കൈപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. ദാറുല്‍ഹുദ വിദ്യാര്‍ഥികളും മമ്പുറം നിവാസികളും അടക്കം അഞ്ഞൂറിലധികം വളണ്ടിയര്‍മാര്‍ ഭക്ഷണവിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. അന്നദാനത്തിനുശേഷം നടക്കുന്ന മൗലീദ് ഖത്മ ദുആയ്ക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
-ഉബൈദ് റഹ്‍മാനി-