ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗരതിക്ക് അനുകൂലമായി നിലവിലുള്ള ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ജി.എസ് സിംഗ്‌വി നേതൃത്വം നല്‍കുന്ന സുപ്രീംകോടതി ബെഞ്ചിന്റെ സുപ്രധാന ഉത്തരവ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് നീക്കം ചെയ്ത്് 21, 14, 15 വകുപ്പുകള്‍ പ്രകാരമുള്ള സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങളുടേയും നിഷേധമാണ് ഇതെന്ന് സ്ഥാപിച്ച് ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കില്‍ ഒരേ ലിംഗത്തിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് പരസ്പരം ശാരീരികബന്ധം പുലര്‍ത്താമെന്ന് 2009 ജൂലായ് 2ന് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാറിനുവേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ച അറ്റോര്‍ണി ജനറല്‍ ഗുലാം ജി. വഹന്‍വതിയുടെ റിപ്പോര്‍ട്ടിന്റെ ആനുകൂല്യത്തില്‍ സുപ്രീംകോടതി തള്ളിയത്. എന്നാല്‍ സ്വവര്‍ഗരതി നിരോധിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ കോടതിവിധിക്കെതിരെ രംഗത്ത് വന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെ പേരുകളാണ് സുമനസ്സുകളെ ഞെട്ടിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയുമടക്കം പല പ്രമുഖരും ഇതിനെതിരായി പ്രസ്താവന പുറപ്പെടുവിച്ചത് അത്ഭുതത്തോടെയാണ് സമൂഹം വീക്ഷിച്ചത്. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ളവര്‍ പരസ്യമായി ആവശ്യപ്പെട്ടപ്പോള്‍ അല്‍പം കൂടി ഉയര്‍ന്ന്, വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്.
സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമനിര്‍മാണത്തെ പിന്തുണക്കുമെന്ന് തന്നെയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെയും നിലപാട്. നിയമഭേദഗതിക്ക് പാര്‍ലമെന്റില്‍ ശ്രമം നടത്തുന്നതോടൊപ്പം പുനഃപരിശോധനാ ഹരജി നല്‍കുന്നതിന്റെയും തിരുത്തല്‍ ഹരജി കൊടുക്കുന്നതിന്റെയും സാംഗത്യം അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതിയുമായി കേന്ദ്ര നിയമ മന്ത്രി കപില്‍ സിബല്‍ ചര്‍ച്ച ചെയ്യുകയും പാര്‍ലമെന്റിന് നിയമം തിരുത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് വരെ ചര്‍ച്ചയില്‍ ഉരുത്തിരിയുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നീക്കത്തെ ദുരൂഹതയോടെയാണ് പൊതുസമൂഹം കാണുന്നത്.
1860ലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോയിരിക്കുകയാണെന്നും സ്വവര്‍ഗരതിയെ ചില രാഷ്ട്രീയക്കാര്‍ എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം 377ാം വകുപ്പിന്മേല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃസ്ഥാപിച്ച് കിട്ടാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നുമുള്ള ചിദംബരത്തിന്റെ ട്വിറ്ററിലെ ട്വീറ്റും, പ്രായപൂര്‍ത്തിയായവരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങള്‍ കുറ്റമല്ലാതാക്കാന്‍ സര്‍ക്കാര്‍ എല്ലാ വഴിയും പരിഗണിക്കുമെന്ന നിയമമന്ത്രി കപില്‍ സിബലിന്റെ പ്രസ്താവനയുമെല്ലാം ഈയൊരു പരിപ്രേഷ്യത്തില്‍ തന്നെയാണ് നോക്കിക്കാണേണ്ടത്.
അതേപോലെ, ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും അത് പുനഃപരിശോധിക്കുമെന്നാണ് താന്‍ വിചാരിക്കുന്നതെന്നുമുള്ള അരവിന്ദ് കെജ്‌രിവാളിന്റെ നിലപാട് ഡല്‍ഹി ഇലക്ഷനോടെ ഏറെ പ്രതീക്ഷയില്‍ രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്തുവെച്ച ആം ആദ്മി പാര്‍ട്ടിയുടെ തിളക്കത്തിന് മങ്ങലേല്‍പിക്കുന്നതായി.
സ്വന്തം വര്‍ഗത്തില്‍പെട്ടവരുമായി അനുരാഗം വെച്ചുപുലര്‍ത്തുന്നവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും എച്ച് ഐ വി - എയ്ഡ്‌സ് രോഗപ്രതിരോധ പ്രവര്‍ത്തകരെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് സംഘടനയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായി 2002ല്‍ നാസ് ഫൗണ്ടേഷന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിന്മേലായിരുന്നുസ്വവര്‍ഗരതി അനുവദിച്ച് കൊണ്ട് വന്ന 2009 ജൂലായിലെ ഡല്‍ഹി ഹൈക്കോടതി വിധി. സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധവും വിലക്കപ്പെടേണ്ടതുമാണെന്ന സാമ്പ്രദായിക വീക്ഷണമല്ല ആധുനിക സമൂഹത്തിനുള്ളതെന്നും അത് പ്രകൃതിപരവും അനുവദിക്കപ്പെടേണ്ടതുമാണെന്ന കാഴ്ചപ്പാട് അംഗീകരിക്കുകയാണ് ഭാരതം വേണ്ടതെന്നുമുള്ള നാസ് ഫൗണ്ടേഷന്റെ വാദങ്ങള്‍ക്ക് ഹൈക്കോടതി ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് അജിത് പ്രകാശ് ഷായും ജസ്റ്റിസ് എസ.് മുരളീധരനും കൂടി നടത്തിയ 2009ലെ വിധിയോടെ സര്‍വാംഗീകാരം കിട്ടി.
1860ല്‍ ഇന്ത്യന്‍ പീനല്‍കോഡില്‍ ആന്റി സഡോമി നിയമം കൂട്ടിച്ചേര്‍ത്തത് മുതല്‍ വിവിധ സംഘടനകളും പ്രവര്‍ത്തകരും ഇതിനെതിരെ ചന്ദ്രഹാസമിളക്കാന്‍ തുടങ്ങിയിരുന്നു. ഭാരതീയ വിദ്യാര്‍ഥികളെ തലതിരിഞ്ഞ ഇംഗ്ലീഷ് വിദ്യഭ്യാസത്തിലൂടെ 'കറുത്ത സായിപ്പന്മാ'രാക്കാന്‍ പരിശ്രമിച്ച മെക്കാളെ പ്രഭു വിവേകപൂര്‍വ്വം ചെയ്ത ഏകനടപടി കൂടിയായിരുന്നു ഈ നിയമം. പ്രകൃതി വിരുദ്ധമെന്ന വകുപ്പില്‍ ഉള്‍പ്പെടുത്തി തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാക്കി മാറ്റുകയായിരുന്നു, സെക്ഷന്‍ 377ാം വകുപ്പിനെ അദ്ദേഹം.
1925ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഖാനു വേഴ്‌സസ് എംപറര്‍ കേസ് നടന്നത് മേല്‍ വിഷയത്തിന്മേലാണ്. അക്കാലത്ത് ബ്രിട്ടനില്‍ വരുന്ന നിയമ മാറ്റങ്ങള്‍ ഇന്ത്യക്കും ബാധകമായിരുന്നു. 1935ല്‍ ഇതിന് ആദ്യ ഭേദഗതി വന്നു. 1954ല്‍ എഡ്വേര്‍ഡ് ആറാമന്‍ രാജാവാണ് സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നിയമം കൊണ്ടുവന്നത്. പിന്നീട് പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ക്യൂന്‍ എലിസബത്ത് ഒന്നിന്റെ കാലത്ത് ഈ നിയമം പുതുക്കി.
1989ല്‍ ഡെന്മാര്‍ക്കാണ് സ്വവര്‍ഗരതിക്ക് ആദ്യമായി നിയമാംഗീകാരം നല്‍കിയത്. ഇത് പിന്നീട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളും മാതൃകയാക്കുകയാണുണ്ടായത്. ഏഴ് വര്‍ഷത്തിനു ശേഷം നോര്‍വെ, സ്വീഡന്‍, ഐസ്‌ലാന്റ് എന്നീ രാജ്യങ്ങളും നിയമ പരിഷ്‌കാരം നടത്തി. ഇതിനും ആറു വര്‍ഷത്തിനു ശേഷമാണ് ഫിന്‍ലാന്റില്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. 2001ല്‍ നെതര്‍ലാന്റും 2003ല്‍ ബെല്‍ജിയവും 2004ല്‍ ന്യൂസിലാന്റും 2005ല്‍ സ്‌പെയിനും കാനഡയും ദക്ഷിണാഫ്രിക്കയും ഇതേ പാത പിന്തുടര്‍ന്നു.
നേപ്പാളില്‍ 2007ല്‍ സ്വവര്‍ഗാനുരാഗികള്‍ക്കിടയിലുള്ള വേര്‍തിരിവ് ഇല്ലാതാക്കിയതാണ് ഇന്ത്യന്‍ നിയമം വരുന്നതിനു മുമ്പ് നടന്ന ഈ രംഗത്തെ രാജ്യാന്തര തലത്തില്‍ വന്ന നിയമപരിഷ്‌കാരം. മനോരോഗങ്ങളെ പരിചയപ്പെടുത്തുന്ന ഡയഗനോസ്റ്റിക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവലില്‍ 1980വരെ സ്വവര്‍ഗാനുരാഗം ഒരു മനോരോഗമായാണ് ഉള്‍പ്പെടുത്തിയിരുന്നത്. മദ്യാസക്തിയും മാനസിക വളര്‍ച്ചയില്ലായ്മയും പറയുന്നിടത്താണ് 1996വരെ യു.എസ് സേനാ നിയമത്തില്‍ സ്വവര്‍ഗരതി എഴുതിച്ചേര്‍ത്തിരുന്നത്. അതുപോലെ തന്നെ അകാലത്ത് മുരടിച്ചുപോയ ലൈംഗിക ചോദനയെയാണ് സിഗ്മണ്ട് ഫ്രോയ്ഡ് ഇതിനെ വിശേഷിപ്പിക്കുന്നത്.
പൊതുസ്വഭാവമുള്ള അസുഖബാധിതരല്ല എല്‍.ജി.ബി.ടിക്കാര്‍. പുരുഷന്‍ പുരുഷനുമായി ബന്ധപ്പെടുന്നതാണ് ഗേ, സ്ത്രീ സ്ത്രീയുമായി ബന്ധപ്പെടുന്നതാണ് ലെസ്ബിയന്‍, ഇരു വിഭാഗത്തിലുള്ളവരുമായി ബന്ധമുള്ളവരാണ് ബൈ സെക്ഷ്വല്‍, എതിര്‍ ലിംഗത്തിന്റെ മാനസിക ശാരീരികാവസ്ഥയുള്ളവരാണ് ട്രാന്‍സ്‌ജെന്റര്‍. 'അമേരിക്കന്‍ സൈക്യാട്രിസ്റ്റ്‌സ് അസോസിയേഷന്റെ' 'ഡയഗനോസ്റ്റിക് ആന്റ് സ്റ്റാസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്‌സി'ല്‍ നിന്ന് ഇതൊരു രോഗമാണെന്ന ആശയം നീക്കം ചെയ്യാന്‍ കഴിഞ്ഞത് മുതലാണ് എല്‍.ജി.ബി.ടിക്കാര്‍ സംഘടിതമായി രംഗത്തേക്കിറങ്ങുന്നത്.
സന്മാര്‍ഗത്തിലൂടെ ചലിക്കുന്ന ഒരു സാമൂഹിക സംവിധാനത്തില്‍ ഇത്തരം നിയമങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. സ്വതന്ത്ര രതിക്ക് അനുവാദം നല്‍കുക വഴി സിഫിലിസും ഗൊണേറിയയും എയ്ഡ്‌സും പോലുള്ള മാരക രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മാത്രമല്ല ഇത്തരം അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ കടുത്ത മാനസിക അധമത്വവും അപര്‍ഷക ബോധവും നിലനില്‍ക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.-- പി.വി.എ പ്രിംറോസ്(ചന്ദ്രിക)