അബ്ദുല്‍ ഖാദര്‍ ഇര്‍ശാദി മദീനാ അന്തര്‍ദേശീയ ഖുര്‍ആന്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധമതരിപ്പിക്കും

ചട്ടഞ്ചാല്‍: സൗദി അറേബ്യയിലെ മദീനയിലുള്ള തൈ്വബ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഖുര്‍ആന്‍ കോണ്‍ഫറന്‍സില്‍ അബ്ദുല്‍ ഖാദര്‍ ഇര്‍ശാദി ചെമ്പരിക്ക പ്രബന്ധമതരിപ്പിക്കും. 'ഖുര്‍ആനും നവ വിവരസാങ്കേതികവിദ്യയും ' എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 22 മുതല്‍ 25 വരെ മദീനയിലെ തൈ്വബ യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ വിശുദ്ധ ഖുര്‍ആനിലൂടെ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളും സാധുതകളും ഇലക്‌ട്രോണിക് പതിപ്പുകളും വിലയിരുത്തും. 
ഏഷ്യ, ആഫ്രിക്ക, അമേരിക്ക, ആസ്‌ട്രേലിയ വന്‍കരകളില്‍ നിന്നുള്ള വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ ഇന്ത്യയുടെ പ്രതിനിധിയായാണ് അബ്ദുല്‍ ഖാദര്‍ ഇര്‍ശാദി പങ്കെടുക്കുന്നത്. സാങ്കേതിതാഭിവ്യതിയുടെ ഖുര്‍ആനിക ഭാഷ്യങ്ങള്‍ എന്ന വിഷയത്തില്‍ ആംഗലേയ ഭാഷയില്‍ തയ്യാറാക്കിയ പ്രബന്ധമാണ് ഇര്‍ശാദി പേപ്പര്‍ പ്രസന്റേഷനായി അവതരിപ്പിക്കുന്നത്. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാമിക് ട്രഡിഷന്‍ ആന്റ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിലെ അഖീദ ആന്റ് ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിലെ അവസാന വര്‍ഷ പിജി പഠിതാവാണ് അബ്ദുല്‍ ഖാദര്‍ ഇര്‍ശാദി.
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ പേരക്കുട്ടിയാണ്. ചെമ്പരിക്കയിലെ മുഹമ്മദ് അബ്ദുല്‍ ഖാദര്‍-സുഹ്‌റ ദമ്പതികളുടെ മകനാണ്.
മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ക്യാമ്പസില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ എം.ഐ.സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി, ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) ഭാരവാഹികളായ സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഇര്‍ശാദി, ജാബിര്‍ ഇര്‍ശാദി ചാനടുക്കം, ഹനീഫ് ഇര്‍ശാദി ദേലംപാടി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, ഫഹദ് ഇര്‍ശാദി മാറമ്പള്ളി, ശൗഖുള്ളാഹ് ഇര്‍ശാദി സാല്‍മാറ, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, അസ്മതുള്ളാഹ് ഇര്‍ശാദി കടബ, ഇര്‍ശാദ് ഇര്‍ശാദി കുണിയ എന്നിവര്‍ സംബന്ധിച്ചു.