പ്രാര്‍ത്ഥനക്കായി എഴുന്നേറ്റുനിന്ന് സ്വന്തം ഹൃദയത്തിന്റെ പരിദേവനം സമര്‍പ്പിക്കുമ്പോഴും ദൈവ സ്മരണയുടെ ഇതര സാഹചര്യങ്ങളെ സജീവമാക്കുമ്പോഴും വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയായ ദാസന്റെ ആത്മാവില്‍ മന്ത്രിക്കുകയാണ്; പലപ്പോഴും നാം പാരായണം ചെയ്യുന്ന 'അല്‍-അഅ്‌ലാ' അധ്യായത്തിലൂടെ: സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അത്യുന്നതനായ നിന്റെ രക്ഷകന്റെ നാമം പ്രകീര്‍ത്തിക്കുക. വ്യവസ്ഥ നിര്‍ണ്ണയിച്ചു മാര്‍ഗം കാണിച്ച (രക്ഷകന്റെ നാമം)''.
പ്രപഞ്ച സംവിധാനത്തിന്റെ സകലമാന വ്യവസ്ഥകളും ആദിമ കാലം മുതലേ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിയും സംവിധാനവും പോലെത്തന്നെ പ്രധാനമാകുന്നു ഈ നിര്‍ണ്ണയവും. തൊട്ട് പിറകെ വരുന്നത് സര്‍വോപരി
പ്രസക്തമായ മാര്‍ഗദര്‍ശനമാണ്. അതും ദയാപരനായ രക്ഷകന്‍ അതിന്റെ മുറപോലെ നിര്‍വഹിച്ചിരിക്കുന്നു. പ്രപഞ്ച കഥയിലെ ഏറ്റവും വലിയ മൂന്ന് നാഴികക്കല്ലുകളാണ് ഈ ദൈവാനുഗ്രഹങ്ങള്‍: സൃഷ്ടി, സംവിധാനം, മാര്‍ഗദര്‍ശനം.
പ്രസക്തമായ മാര്‍ഗദര്‍ശനമാണ്. അതും ദയാപരനായ രക്ഷകന്‍ അതിന്റെ മുറപോലെ നിര്‍വഹിച്ചിരിക്കുന്നു. പ്രപഞ്ച കഥയിലെ ഏറ്റവും വലിയ മൂന്ന് നാഴികക്കല്ലുകളാണ് ഈ ദൈവാനുഗ്രഹങ്ങള്‍: സൃഷ്ടി, സംവിധാനം, മാര്‍ഗദര്‍ശനം.
ചിന്താബന്ധുരവും അനവദ്യ സുന്ദരവുമായി അല്ലാമാ ഇഖ്ബാല്‍ ഈ പ്രപഞ്ച ചരിത്രം ചുരുക്കിപ്പറയുന്നുണ്ട്:
സൃഷ്ടിയും നിര്‍ണ്ണയവും മാര്‍ഗദര്‍ശനവുമാണ് പ്രാരംഭം; പ്രാപഞ്ചിക കാരുണ്യമോ പര്യവസാനവും.''
'പ്രാപഞ്ചിക കാരുണ്യം' (റഹ്മത്തുന്‍ ലില്‍ ആലമീനീ) എന്നതുകൊണ്ട് സ്വാഭാവികമായും ഹസ്‌റത്ത് അല്ലാമാ വിവക്ഷിക്കുന്നത് അന്ത്യ പ്രവാചകനായിട്ടുള്ള പുണ്യ റസൂലി (സ) ന്റെ ആദരണീയമായ ആഗമനവും പവിത്രമായ ദൗത്യവുമാണ്.
എല്ലാം ഏറ്റവും വലിയ ദൈവാനുഗ്രഹമായ 'റഹ്മത്തി' (കാരുണ്യം) നോട് ബന്ധപ്പെട്ടിരിക്കുന്നു. അണ്ഡകടാഹത്തിലെ അനന്തകോടി സൃഷ്ടി ജാലങ്ങളിലും വിശിഷ്യാ മാനവരാശിയിലുമെല്ലാം ആ മഹാ കാരുണ്യത്തിന്റെ കണക്കറ്റ നന്മകളാണ് അടങ്ങിയിട്ടുള്ളത്. അതിനുള്ള നന്ദി മാത്രമാകുന്നു ഈ ജീവിതം. അസംഖ്യം അനുഗ്രഹങ്ങള്‍ക്കുള്ള അഗാധമായ നന്ദിയായി മാത്രം അമൂല്യമായൊരു ജീവിതം നന്ദി പ്രകാശിപ്പിക്കുന്നതിനുള്ള പ്രയത്‌നമായി പ്രാര്‍ത്ഥനയും മറ്റ് ആരാധനാ കര്‍മ്മങ്ങളും നിശ്ചയിക്കപ്പെട്ടു. അതിലേക്ക് വഴികാട്ടുന്നത് കരുണാമയനായ രക്ഷകന്‍ തന്നെ.
നന്ദി പറയാന്‍ ലഭിക്കുന്ന ഓരോ അവസരവും അപൂര്‍വ്വ സൗഭാഗ്യമായിത്തീരുന്നു. അതും മാര്‍ഗദര്‍ശനത്തിന്റെ ഭാഗമായിത്തന്നെയാണ് വിശ്വാസികള്‍ക്ക് ലഭ്യമാകുന്നത്. പ്രവാചകന്‍മാരിലൂടെ മാനവരാശിക്ക് നല്‍കപ്പെട്ട സന്‍മാര്‍ഗ സംബന്ധിയായ ഉദ്‌ബോധനത്തിലാണ് കൃതജ്ഞതാ പ്രകാശനത്തിന്റെ ജ്ഞാനം അടങ്ങിയിട്ടുള്ളത്.
രക്ഷകനെ സംബന്ധിച്ച സ്മരണയില്‍ നിന്നാണ് അവനോടുള്ള നന്ദി ഉത്ഭൂതമായിത്തീരുന്നത്. മറവിയും നന്ദികേടും തുല്യ പ്രധാനമായ കുറ്റങ്ങളും തിന്മകളുമായിരിക്കുന്നു. മറവി സംഭവിച്ച് നന്ദികേടിലേക്ക് പതിക്കാതിരിക്കാനുള്ള ജാഗ്രതയാണ് അനിവാര്യമായിരിക്കുന്നത്. അതിനായി കാരുണ്യവാന്‍ തന്റെ കാരുണ്യ പ്രവാഹത്തിന്റെ ഭാഗമായി ദൈവിക വചനങ്ങളും പ്രദാനം ചെയ്തിരിക്കുന്നു. അതിനെ പിന്‍പറ്റുകയേ വേണ്ടൂ. വിശുദ്ധ ഖുര്‍ആനിലെ 'അല്‍-അഅ്‌ലാ' അധ്യായത്തിലെതന്നെ അടുത്തൊരു സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നുണ്ട്: ''നിനക്ക് നാം ഓതിത്തരാം.
നീ മറന്ന് പോവുകയില്ല.'' ദൈവിക വചനങ്ങള്‍ മറന്നുപോകാതെ പാരായണം ചെയ്തും പഠിച്ചും പഠിപ്പിച്ചും അനുസരിച്ചും അനുധാവനം ചെയ്തും മുന്നേറാനുള്ള ഈ ഉദ്‌ബോധനം അന്ത്യ പ്രവാചകന്റെ വിശുദ്ധ വ്യക്തിത്വത്തിലൂടെ മുഴുവന്‍ വിശ്വാസി സമൂഹത്തിലേക്കും വ്യാപിക്കുന്നു.
പവിത്രവും സുശക്തവുമായ ആ ദൈവിക സൂക്തങ്ങളെക്കൊണ്ടുതന്നെ അതിനെ പിന്‍പറ്റിയവരെ ദയാപരനായ രക്ഷകന്‍ കാത്തുരക്ഷിക്കുന്നു. ആരും അറിയാത്തത് അവന്‍ അറിയുന്നു. ആരും ഇല്ലാത്തിടത്തും ആര്‍ക്കും കഴിയാത്ത രീതിയിലും അവന്‍ കാത്ത് രക്ഷിക്കുന്നു. ആ സുരക്ഷാ വലയവും അതിനെ സാക്ഷാത്കരിക്കുന്ന കോട്ട കൊത്തളങ്ങളും അത്യത്ഭുതകരവും അനന്യസാധാരണവുമാണ്. എല്ലാം അറിഞ്ഞ് അവന്‍ മുന്‍കരുതല്‍ എടുക്കുന്നു. അടച്ചിട്ട മുറിയിലും താഴിട്ട വാതിലിനിപ്പുറത്തും അവന്റെ തുണയും സഹായവും വന്നിറങ്ങുന്നു. സൂറത്തുല്‍ അഅ്‌ലായിലെത്തന്നെ ഏഴാം സൂക്തത്തില്‍ പറയുന്നു: നിശ്ചയം, അവന്‍ വെളിവായതും നിഗൂഢമായതും അറിയുന്നു.''
തൊട്ടടുത്ത എട്ടാമത്തെ സൂക്തം ഇപ്രകാരമാണ്: ''കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൗകര്യപ്പെടുത്തിത്തരുന്നതാണ്.'' അത് മറ്റൊരു വലിയ അനുഗ്രഹത്തിലേക്കുള്ള സൂചനയാണ്. അതായത് ക്ലേശകരമായിത്തോന്നുന്നതിന്റെ പിറകില്‍ എളുപ്പത്തിലേക്കുള്ള വഴി ഒളിഞ്ഞിരിപ്പുണ്ട്. നിഗ്രഹമായി അനുഭവപ്പെടുന്നതിന്റെ ഉള്ളില്‍തന്നെ അനുഗ്രഹം അന്തര്‍ഭവിച്ചിട്ടുമുണ്ട്. നമുക്ക് ഇഷ്ടപ്പെട്ട കാര്യത്തില്‍ തിന്മയും അനിഷ്ടകരമായ കാര്യത്തില്‍ നന്മയും ഉണ്ടായേക്കുമെന്നും സൂചന നല്‍കുന്ന ഖുര്‍ആന്‍ മറ്റൊരിടത്ത് വെട്ടിത്തുറന്ന് പ്രഖ്യാപിക്കുന്നു: ''എന്നാല്‍ തീര്‍ച്ചയായും ക്ലേശത്തിന്റെ കൂടെ എളുപ്പമുണ്ടായിരിക്കും. നിശ്ചയം, ഞെരുക്കത്തിന്റെ കൂടെ എളുപ്പമുണ്ടായിരിക്കും.''
മനുഷ്യ ജീവിതത്തെ സംബന്ധിച്ച അനര്‍ഘമെന്ന് പറയാവുന്ന ഈ പ്രഖ്യാപനം 'സൂറത്തു ശ്ശര്‍ഹി'ലെ അഞ്ചും ആറും സൂക്തങ്ങളിലാണ് നാം പാരായണം ചെയ്യുന്നത്. അതിന് മുമ്പുള്ള സൂക്തങ്ങളിലൂടെ അല്ലാഹു തിരുദൂതരോട് പറയുകയാണ്: ''നിനക്ക് നിന്റെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ? നിന്നില്‍ നിന്ന് നിന്റെ മുതുകിനെ ഞെരിച്ചുകളഞ്ഞ ഭാരം നാം ഇറക്കിത്തരികയും ചെയ്തില്ലേ? നിന്റെ കീര്‍ത്തിയാകട്ടെ നാം ഉയര്‍ത്തിത്തരികയും ചെയ്തു.'' അതി മനോഹരമായ ഈ ഹ്രസ്വാധ്യായത്തിന് സമാപനം കുറിക്കുന്ന അതിന്റെ ഏഴും എട്ടും സൂക്തങ്ങളാകട്ടെ പ്രവര്‍ത്തനത്തിന്റെയും പ്രാര്‍ത്ഥനയുടെയും പ്രയോഗ രീതികളെ കൂടുതല്‍ അര്‍ത്ഥവത്താക്കാനും ഫലവത്താക്കാനും സജീവമാക്കാനുമുള്ള പ്രേരണയും ഉദ്‌ബോധനവുമാണ്: ''ആയതിനാല്‍, ഒന്നില്‍നിന്ന് ഒഴിഞ്ഞാല്‍ മറ്റൊന്നില്‍ മുഴുകുക. നിന്റെ രക്ഷകനിലേക്ക് നിന്റെ അഭീഷ്ടം സമര്‍പ്പിക്കുകയും ചെയ്യുക.''
ദൈവ സ്മരണയില്‍ കവിഞ്ഞൊരു പുണ്യകര്‍മ്മവുമില്ലെന്ന് ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും സുവ്യക്തമാകുന്നുണ്ട്. സകല ആരാധനാ കര്‍മ്മങ്ങളുടെയും ആത്മാവ് ദൈവസ്മരണയാകുന്നു. 'ദിക്ര്‍' (ദൈവസ്മരണ) കൂടാതെ ഒരു 'ഇബാദത്തും' (ആരാധനാകര്‍മ്മം) ഫലപ്രദമോ സാര്‍ത്ഥകമോ ആയിത്തീരുകയില്ല. 'അബ്ദിയ്യത്ത്' (ദാസ്യം, അടിമത്തം) ആണ് സൃഷ്ടിക്ക് പ്രാപിക്കാവുന്ന ഏറ്റവും വലിയ സ്ഥാനവും പദവിയും മഹിമയും. മതത്തിന്റെയും ആത്മീയതയുടെയും ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതവും അമാനുഷികതയും വിശുദ്ധ നബി (സ) യുടെ ആകാശാരോഹണമായ 'മിഅ്‌റാജ്' ആകുന്നു. ശാരീരികമായിത്തന്നെ സംഭവിച്ച അതി മഹത്തായ അഭൗമിക യാത്ര മാനവചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയാരോഹണം കൂടിയാകുന്നു. 'മിഅ്‌റാജ്' പരാമര്‍ശിക്കുന്ന ഖുര്‍ആനിക സൂക്തത്തില്‍ പരിശുദ്ധ പ്രവാചകനെ 'അബ്ദ്' (ദാസന്‍, അടിമ) ആയിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത് എന്ന കാര്യം ഏറെ ശ്രദ്ധേയവും ചിന്തനീയവുമാകുന്നു. ദൈവ സ്മരണയുടെ അത്യുന്നതവും അസാധാരണവും മറ്റുള്ള ഏത് സൃഷ്ടിക്കും അപ്രാപ്യവുമായ അത്യുന്നതപദത്തെയാണ് മിഅ്റാജിലൂടെ പുണ്യ റസൂല്‍ (സ) സ്വായത്തമാക്കിയത്.
''നിങ്ങള്‍ എന്നെ ഓര്‍ക്കുക, ഞാന്‍ നിങ്ങളെയും ഓര്‍ക്കും; എന്നോട് നന്ദി കാണിക്കുക, നിങ്ങള്‍ നന്ദി കെട്ടവരാകരുത്'' എന്ന് ഖുര്‍ആനിലൂടെ കല്‍പിച്ചിരിക്കുന്നു. അടിമയായ മനുഷ്യന്‍ ഉടമയായ റബ്ബിനെ ഓര്‍ക്കുന്ന വേളയില്‍ അവനോടൊപ്പം റബ്ബ് ഉണ്ടാകുമെന്നാണ് ഹദീസിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
അതായത് ദൈവ സ്മരണ മനുഷ്യനെ ദൈവ സാമീപ്യത്തിന് അര്‍ഹനാക്കിത്തീര്‍ക്കുന്നു. എന്തൊരത്ഭുതം! എന്തൊരാശ്വാസം! എത്ര വലിയ ശുഭവൃത്താന്തം! നിസ്സാരനും നിസ്സഹായനുമായ അശക്തനും അബലനുമായ മനുഷ്യനോടൊപ്പം അല്ലാഹുവിന്റെ സാന്നിധ്യം ഉണ്ടാവുക! അതിമഹത്തായ ഈ അവസ്ഥയുടെ അത്യുന്നതവും അത്യത്ഭുതകരവുമായ ആവിഷ്‌കാരമാണ് വിശുദ്ധ റസൂലി (സ) ന്റെ ഹിജ്‌റാ വേളയില്‍ സൗര്‍ ഗുഹയില്‍ സംഭവിച്ചത്. ഇടുങ്ങിയ ഗുഹാന്തര്‍ഭാഗത്തുനിന്ന് ദൈവദൂതരും (സ) ഉറ്റ മിത്രവും ശത്രുക്കളുടെ കാല്‍ഭാഗം കണ്ടു, അവരുടെ കാലൊച്ച കേട്ടു. പക്ഷേ അവര്‍ക്ക് പിടികൂടാന്‍ കഴിഞ്ഞില്ല. ഗുഹക്കകത്തെ ഇരു ദേഹങ്ങള്‍ക്കൊപ്പം അല്ലാഹു ഉണ്ടായിരുന്നു. അവന്റെ അതി ശക്തമായ സഹായവും അതിന്റെ ആലംബവും ഉണ്ടായിരുന്നു. പുണ്യ റസൂലി (സ) ന്റെ ചുണ്ടുകളിലൂടെ ആ പ്രതിസന്ധി ഘട്ടത്തില്‍ കൂട്ടുകാരന്‍ സയ്യിദുനാ സിദ്ദീഖ് (റ) കേട്ടത് ദൈവ വചനങ്ങളായിരുന്നു: വ്യസനിക്കേണ്ട, നിശ്ചയം, അല്ലാഹു നമ്മോടൊപ്പമുണ്ട്.''
അതായത് അല്ലാഹു അവന്റെ 'ദാത്ത്' (സത്ത) കൊണ്ടല്ല, 'സിഫാത്ത്' (വിശേഷണങ്ങള്‍) കൊണ്ട് സമീപസ്ഥനായിത്തീരുന്നു. കേള്‍വികൊണ്ടും കാഴ്ചകൊണ്ടും അറിവുകൊണ്ടും രക്ഷകൊണ്ടും സഹായംകൊണ്ടുമെല്ലാം അവന്‍ തൊട്ടടുത്ത് സന്നിഹിതനാകുന്നു.
അങ്ങനെ സമീപസ്ഥനാകാന്‍ അവന് അടിമയുടെ അടുത്തേക്ക് നേരിട്ട് ഇറങ്ങി വരേണ്ട കാര്യമില്ല. അതിന്റെ ആവശ്യവുമില്ല, അത് അവന്റെ ഔന്നത്യത്തിന് ഭൂഷണവുമല്ല. അവന്‍ സകല സൃഷ്ടികളില്‍നിന്നും അവരുടെ രീതികളില്‍നിന്നും സ്ഥിതികളില്‍ നിന്നും സ്വഭാവങ്ങളില്‍ നിന്നും ഉന്നതനും വിശുദ്ധനും തീര്‍ത്തും വ്യത്യസ്തനുമാകുന്നു. എന്നാല്‍ എല്ലാം അറിഞ്ഞും കേട്ടും കണ്ടും കാത്തും രക്ഷിച്ചും സഹായിച്ചും അവന്റെ അറിവും കേള്‍വിയും കാഴ്ചയും രക്ഷയും സഹായവും അടിമയോടൊപ്പം സന്നിഹിതമായിത്തീരുന്നു. അതില്‍പരം മറ്റെന്തുവേണം ഏഴയായ ദാസന്?
ആ ദൈവ സാമീപ്യം സകല കുതന്ത്രങ്ങളെയും തകര്‍ക്കുന്ന തന്ത്രവും സര്‍വ ആക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷയും ചതിപ്രയോഗങ്ങളെ ചെറുക്കുന്ന വിശ്വാസാലംബവും തിന്മകള്‍ക്കും മേല്‍ നന്മയുടെ വിജയവും ആയിത്തീരുന്നു. അല്ലാഹു മാത്രമാണ് ഉന്നതന്‍, രക്ഷകന്‍, സര്‍വ്വശക്തന്‍!
അല്ലാഹുവിന്റെ ഔന്നത്യവും മഹത്വവും തത്സംബന്ധമായ യാഥാര്‍ത്ഥ്യങ്ങളും തത്വങ്ങളും ജനങ്ങളെ ഉദ്‌ബോധിപ്പിക്കാനാണ് സൂറത്തുല്‍ അഅ്‌ലായിലെ അടുത്ത സൂക്തം (ഒമ്പത്) വിശുദ്ധ പ്രവാചകനോട് (സ) കല്‍പിക്കുന്നത്: ''അതിനാല്‍ ഉദ്‌ബോധിപ്പിക്കുക. ഉദ്‌ബോധനം ഫലപ്പെടുമെങ്കില്‍. ദൈവഭയമുള്ളവന്‍ ഉദ്‌ബോധനം സ്വീകരിക്കുന്നതാണ്. ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അത് വിട്ടകന്ന് പോവുകയും ചെയ്യും.''
ദൈവസ്മരണയുടെ സാന്നിധ്യത്തെയും അസാന്നിധ്യത്തെയും ആശ്രയിച്ചാണ് ഭാഗ്യവും നിര്‍ഭാഗ്യവും വിജയവും പരാജയവും കുടികൊള്ളുന്നത്. ''വിശുദ്ധി കൈവരിക്കുകയും തന്റെ രക്ഷകന്റെ നാമം സ്മരിക്കുകയും നമസ്‌കരിക്കുകയും ചെയ്തവന്‍ വിജയം പ്രാപിച്ചു.''
ദൈവസ്മരണ പ്രാര്‍ത്ഥനയിലേക്ക് നയിക്കുന്നു. സര്‍വ്വത്ര നന്മയും സുരക്ഷയും ഭാഗ്യവും വിജയവും പ്രാര്‍ത്ഥനയിലൂടെ പ്രാപ്തമായിത്തീരുന്നു. പ്രാര്‍ത്ഥന മാത്രം ശരണം. അതിന് പ്രത്യുത്തരം നല്‍കുന്ന അല്ലാഹു മാത്രം രക്ഷകന്‍. അല്ലാഹു ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചിരിക്കുന്നു: വിശ്വാസികളെ രക്ഷിക്കേണ്ടത് നമ്മുടെ മേല്‍ ബാദ്ധ്യതയാണ്.''
നല്ലത് മാത്രം പ്രവര്‍ത്തിച്ചും അതിനുവേണ്ടി മാത്രം പ്രാര്‍ത്ഥിച്ചും കഴിഞ്ഞ കാലത്തെ ഉത്തമരെല്ലാം വിജയം വരിച്ചു. പ്രാര്‍ത്ഥനയുടെ ഏറ്റവും സമഗ്രവും സമ്പൂര്‍ണ്ണവും ഋജുവും ലളിതവുമായ മാര്‍ഗമായ നമസ്‌കാരം ഇരുലോക വിജയത്തിന്റെ താക്കോലായി നിശ്ചയിക്കപ്പെടുകയും ചെയ്തു.
വിഷമ സന്ധികളില്‍ പ്രാര്‍ത്ഥന അതിന്റെ ഉത്തുംഗതയെ പ്രാപിക്കുന്നു. അല്ലാമാ ഇഖ്ബാലിനെപ്പോലുള്ള ഒരു മഹാ ജ്ഞാനി ആ അവസ്ഥയെ അവതരിപ്പിച്ചത് എത്ര അന്വര്‍ത്ഥമായിരിക്കുന്നു: പ്രപഞ്ചത്തിന്റെ ഭീതിജനകമായ നിശ്ശബ്ദതയില്‍ ഒരു പ്രതികരണത്തിനുള്ള തന്റെ അന്തരാഭിലാഷത്തിന്റെ ആവിഷ്‌കാരമായിത്തീരുന്നു പ്രാര്‍ത്ഥന.'' ആ ദുആ തന്നെ എല്ലാം. അസാധ്യമായതിനെ അത് സാധ്യമാക്കുന്നു. ഉടമയും അടിമയും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെയും അതില്‍ ഊട്ടിയുറപ്പിക്കപ്പെട്ട വലിയൊരു വാഗ്ദത്ത നിര്‍വഹണത്തിന്റെയും സാക്ഷാല്‍ക്കാരമാകുന്നു പ്രാര്‍ത്ഥനക്കുള്ള ദൈവികമായ മറുപടി.
ഭൂമിയുടെ ഒരു മൂലയില്‍ നിന്ന് ഒരു സാധുവായ മനുഷ്യന്‍ വിളിക്കുന്നു. അവന്റ ആര്‍ത്തനാദം 'അര്‍ശില്‍' (ദൈവിക സിംഹാസനത്തില്‍) മുഴങ്ങുന്നു. അപ്പോഴേക്കും അത് സ്വീകരിക്കപ്പെടുകയും മറുപടി ലഭിക്കുകയും ചെയ്യുന്നു. ആകാശങ്ങള്‍ക്കപ്പുറത്തുനിന്നും ഒരു സൗഭാഗ്യ നക്ഷത്രം പാവം മനുഷ്യന്റെ ദുര്‍ബ്ബല കരങ്ങളില്‍ വന്നുവീഴുന്നു. അടിമയുടെ ഓരോ വിളിയും എത്തേണ്ടിടത്ത് എത്തുന്നു. അതിന് മറുപടി യഥാവിധി അനുഗ്രഹമായി ലഭിക്കുകയും ചെയ്യുന്നു. ഓരോ മറുപടിക്കും അവന്‍ രക്ഷകനെ സ്തുതിക്കുന്നു, പ്രകീര്‍ത്തിക്കുന്നു, വാഴ്ത്തുന്നു, സ്‌തോത്രം ചെയ്യുന്നു. പൂര്‍വ്വ സൂരികളില്‍പെട്ട ഒരു പണ്ഡിതന്‍ രേഖപ്പെടുത്തി: ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമ്പോഴെല്ലാം, സ്തുതിക്കാന്‍ തോന്നിപ്പിച്ചത് അല്ലാഹുതന്നെ ആകയാല്‍ വീണ്ടും വീണ്ടും അവനെ സ്തുതിക്കുന്നു!''
എത്ര സ്തുതിച്ചാലും നമ്മുടെ കടം വീടുന്നില്ല, ബാധ്യത നിറവേറ്റപ്പെടുന്നില്ല, നന്ദി അര്‍പ്പിക്കപ്പെടുന്നുമില്ല. തീരാത്ത നന്ദിയുടെ ആവിഷ്‌കാരമാകേണ്ടതാണ് ഈ ജീവിതം എന്ന് വിശ്വാസിയുടെ ഹൃദയം മന്ത്രിക്കുന്നു.
നമ്മുടെ പ്രാര്‍ത്ഥനപോലെ, നമ്മുടെ പ്രിയപ്പെട്ടവരുടെ, നാം അറിയുന്നവരും അറിയാത്തവരുമായ ഒട്ടേറെ ബഹുമാന്യരുടെ പ്രാര്‍ത്ഥനയും നമുക്ക് ഫലം ചെയ്യുന്നു. വിഷമ സന്ധികളില്‍ അവര്‍ നമുക്കുവേണ്ടി കൂടുതല്‍ പ്രാര്‍ത്ഥനാ നിരതരാകുന്നു. ചിലര്‍ അടുത്തുവന്ന് സ്‌നേഹം പങ്കുവെച്ച് പ്രാര്‍ത്ഥിക്കുന്നു. മറ്റു ചിലര്‍ സ്‌നേഹത്തോടെത്തന്നെ അകലെ നിന്ന് നമുക്കായി റബ്ബിന്റെ മുമ്പില്‍ കൈ ഉയര്‍ത്തുന്നു. അവരോടും നാം നന്ദിയുള്ളവരായിത്തീരുന്നു. അങ്ങനെ ദ്വിമുഖ നന്ദിയാല്‍ ജീവിതം ധന്യമാകുന്നു.
നമ്മുടെ നിസ്സാരമായ പ്രയാസങ്ങളില്‍, അവരുടെ മഹാത്യാഗങ്ങളുടെ ചരിത്രങ്ങള്‍ നമുക്ക് ഉത്സാഹവും ആദര്‍ശ ധീരതയും പ്രദാനം ചെയ്യുന്നു. അവരുടെ ജീവിതങ്ങള്‍ വായിച്ചെടുക്കുമ്പോള്‍ ഹൃദയത്തില്‍ വെളിച്ചവും ശക്തിയും വന്ന് നിറയുന്നു. അവര്‍ മരണാനന്തര ജീവിതത്തിലെ ശാശ്വത സൗഭാഗ്യത്തിനായി ഇഹലോക ജീവിതത്തെ സംസ്‌കരിച്ച് വിശുദ്ധമാക്കി.
ത്വാഇഫിലും ഉഹ്ദിലും അതി കഠിനമായ പ്രയാസങ്ങള്‍ക്കും യാതനകള്‍ക്കും വിധേയമാക്കപ്പെടുമാറ് അക്രമിക്കപ്പെട്ട പുണ്യ റസൂലിന്റെ (സ) പോയിട്ട്, അവിടുത്തെ അനുചരന്‍മാരായ സഹാബികളുടെയോ, അവരുടെ മാര്‍ഗേണ സഞ്ചരിച്ച ഉത്തമരും സാത്വികരുമായ സജ്ജനങ്ങളുടെയോ കാലുകള്‍ അണിഞ്ഞ ചെരുപ്പിന്റെ അടിയിലെ മണ്ണാകാന്‍ പോലുമുള്ള യോഗ്യതയില്ലാത്ത നമുക്ക് അവരുടെ സമീപത്തെങ്കിലും എത്തിച്ചേരാന്‍ പ്രാര്‍ത്ഥനകളുടെയും സല്‍ പ്രവര്‍ത്തനങ്ങളുടെയും സല്‍പന്ഥാവിലൂടെ ഇനിയും ഒട്ടേറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഏറെ ക്ഷണികവും നശ്വരവുമായ ഈ ഭൗതിക ജീവിതത്തെ പാരത്രിക മോക്ഷത്തിന് ഉപാധിയാക്കാനുള്ള കഠിന പ്രയത്‌നത്തില്‍ നാം ഇനിയും ഏറെ മുന്നേറേണ്ടിയിരിക്കുന്നു.
''പക്ഷേ നിങ്ങള്‍ ഐഹിക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. പരലോകമാണ് അത്യുത്തമവും അനശ്വരവും. തീര്‍ച്ചയായും ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്. അതായത്, ഇബ്‌റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍.'' അങ്ങനെയാണ് 'സബ്ബിഹിസ്മ' അഥവാ 'സൂറത്തുല്‍ അഅ്‌ലാ' അവസാനിക്കുന്നത്. പാരത്രിക വിജയത്തിനായി ഭൗതിക ജീവിതത്തെ സജ്ജമാക്കാനുള്ള ഉദ്‌ബോധനം ആദികാലം മുതലേയുള്ള ദൈവിക മാര്‍ഗദര്‍ശനത്തിന്റെ മുഖ്യ സന്ദേശമാണെന്ന് സാരം.
വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ നേരിട്ട് സംസാരിക്കുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാകും. അതായത്, നമ്മുടെ ചില ജീവിത സന്ദര്‍ഭങ്ങള്‍ക്ക് മേലുള്ള അത്ഭുതകരമായ ദൈവികാനുഗ്രഹങ്ങളായി ആ വചനങ്ങള്‍ നമുക്കായി അവതരിപ്പിക്കപ്പെടും. അങ്ങനെ അനുഭവപ്പെടും. ഈ ലേഖകന്റെ വീടിന്റെ വാതിലിന്റെ മുകളില്‍ ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. എപ്പോഴും വീട്ടിലേക്ക് കടക്കുമ്പോള്‍ കാണാവുന്ന രീതിയില്‍ വെച്ചിട്ടുള്ള ആ വചനങ്ങള്‍ ചൂണ്ടി അതാണ് എന്റെ ജീവിത സിദ്ധാന്തവും ഭരണഘടനയുമെന്ന് സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ആ സൂക്തങ്ങളുടെ ആശയം ഇപ്രകാരമാണ്: അല്ലാഹുവിനോട് ഭക്തിയുള്ളവന് അല്ലാഹു രക്ഷാമാര്‍ഗം ഒരുക്കിക്കൊടുക്കും. വിചാരിക്കാത്ത വഴിക്ക് അവന് ഉപജീവനവും നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹുതന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. ഏത് കാര്യത്തിനും അല്ലാഹു ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.''
പ്രകാശം പരത്തി നില്‍ക്കുന്ന ഈ ഖുര്‍ആനിക വചനങ്ങള്‍ ഒരിക്കലും മറക്കാനാവാത്തതാണെന്ന് മാത്രമല്ല, ഹൃദയത്തിലും ആത്മാവിലും അതിന്റെ തിളക്കം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. ഇന്ന് അതിലെ ഓരോ അക്ഷരവും ആയിരംകോടി ആദിത്യന്‍മാരെപ്പോലെ ജ്വലിച്ചുനില്‍ക്കുന്നു.- എം.പി അബ്ദുസമദ് സമദാനി (ചന്ദ്രിക)