കാസര്‍കോട് 'ദേശീയ വിദ്യാഭ്യാസ സെമിനാര്‍' അറിവിന്റെ അനശ്വര സാക്ഷ്യമായി

കാസര്‍കോട്: മലബാറിലെ സമുന്നതമായ സമന്വയവിജ്ഞാനീയ കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികൂട്ടായ്മകള്‍ ഞായറാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സി.എം അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചറും ഏകദിന ദേശീയ വിദ്യാഭ്യാസ സെമിനാറും അറിവിന്റെ അനശ്വര സാക്ഷ്യമായി. സമൂഹം മറക്കപ്പെടുകയും ഓര്‍ക്കപ്പെടാ തിരിക്കുകയും ചെയ്ത ആഗോള വിദ്യാഭ്യാസ പരിവര്‍ത്തനത്തെ അവലോകനം ചെയ്യുന്ന ചരിത്ര മുഹൂര്‍ത്തമായിരുന്നു സത്യത്തിലത്. അറിവിന്റെ നവ്യാനുഭവം തീര്‍ത്ത രണ്ടു സെഷനിലുകളായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സെമിനാറില്‍ ആധുനിക വൈജ്ഞാനിക രംഗത്തെ മുസ്‌ലിം സംഭാവനകളും സമന്വയവിദ്യാഭ്യാസത്തിന് നാന്ദികുറിക്കപ്പെട്ടതിന്റെ ആവശ്യകതയും അതിന്റെ പരിഷ്‌കര്‍ത്താക്കളെക്കുറിച്ചും ആഴത്തില്‍ പഠനവിധേയമാക്കിയ സെമിനാര്‍ പേപ്പറുകള്‍ അവതരിപ്പിക്കപ്പെട്ടു. 
ഏതൊരു പരിപാടിയുടെയും ആസൂത്രണ കൃത്യതയും സമൃദ്ധ സദസ്സിനുമപ്പുറം, ഗഹനഗംഭീരവും സമ്പൂര്‍ണ്ണ സാരവത്തുമായിരുന്നു പ്രബന്ധങ്ങള്‍. രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലായി സഞ്ചരിക്കുന്ന വിദ്യാഭ്യാസ മേഖലകളെ ഒരു കുടക്കീഴില്‍ നിര്‍ത്തി വിശാലമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു സമന്വയമെന്നതിന് വിദ്യാഭ്യാസ വിചക്ഷണര്‍ നല്‍കിയ നിര്‍വചനം. അത് അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ലോകത്തെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. കാലാനാസൃതമായി പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന പരിസരത്തോട് സംവദിച്ച് ജീര്‍ണ്ണതയ്ക്കുള്ള ഉത്തരം കണ്ടെത്തലാണ് സമന്വയം കൊണ്ട് സാധിതമാകുന്നതും സാധിതമായതും. വിദ്യാഭ്യാസത്തെ ഒന്നും രണ്ടുമെന്ന് ക്ലാസിഫിക്കേഷന്‍ നടത്തുന്നതിന് പകരം രണ്ടിന്റേയും മൂല്യം തോരാത്ത വിധത്തില്‍ കാലോചിതമായി ഉയര്‍ത്തപ്പെടുകയും വളര്‍ത്തപ്പെടുകയും ചെയ്യുക എന്നുള്ള മുസ്‌ലിം പാരമ്പര്യം വീണ്ടെടുക്കപ്പെടുകയാണിവിടെ സമന്വയവിദ്യാഭ്യാസ സംവിധാനത്തിലൂടെ ചെയ്യുന്നത്. 
ആദ്യകാലങ്ങളില്‍ പളളിദര്‍സുകളില്‍ പഠനവിഷയമായിരുന്ന ഗോളശാസ്ത്രവും അടിസ്ഥാനശാസ്ത്രവും പിന്നീട് ഭൗതീകതയെ പഴിചാരി വെറും ഹദീസ്, തഫ്‌സീര്‍ തുടങ്ങിയ മതവിഷയങ്ങളിലേക്കൊതുങ്ങിപ്പോയപ്പോള്‍ മുസ്‌ലീം സമൂഹത്തിന്റെ ഭൗതീക മുന്നേറ്റം സ്വപ്നമായി മാറി. അവിടെ പരിഹാരത്തിന്റെ പടച്ചട്ടയണിഞ്ഞ മോഡല്‍ ദര്‍സുകളും നിഷ്ഫലമാകുകയാണുണ്ടായത്. അവിടെയാണ് വീണ്ടെടുപ്പിന്റെ ശബ്ദമായി കേരളമൊട്ടാകെ ഒരു വിദ്യാഭ്യാസ വിപ്ലവം ഉടലെടുക്കുന്നതും തല്ലപ്പാവണിഞ്ഞ തലയെടുപ്പുള്ള പണ്ഡിതന്മാര്‍ മുന്നോട്ട് വരുന്നതും. *ഉത്തരദേശത്തെ പരിസരങ്ങളില്‍ സി.എം സ്മരണകള്‍ പ്രസക്തമാകുന്നത്...* 
കാസര്‍കോടിന്റെ നാഡീസ്പന്ദനങ്ങള്‍ മനസിലാക്കി ഭാവിസമൂഹത്തിന്റെ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്കുതകും വിധം വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദികുറിക്കുകയാണ് സി.എം ഉസ്താദ് ചെയ്തത്. മതപണ്ഡിതന്മാര്‍ കേവലം പള്ളിമൂലയില്‍ ഒതുങ്ങിക്കൂടുന്നതിന് പകരം സാമൂഹികമായി ഇടപെടുകയും സാമൂഹികവും സാംസ്‌കാരികവുമായ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പരിശ്രമിക്കേണ്ടതുണ്ടെന്ന ആഗ്രഹം സമന്വയമെന്ന ആശയമായി ജനിക്കുകയായിരുന്നു. നാല് പതിറ്റാണ്ട് മുന്നേ സി.എം ഉസ്താദ് സമന്വയ വിദ്യാഭ്യാസ രീതിയെകുറിച്ച് ചിന്തിക്കുകയും അതിന്റെ പ്രായോഗികതയെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും, പരീക്ഷിക്കുകയും ചെയ്യുകയായിരുന്നു സി.എം. ഗ്രീക്കുകാരാണ് ശാസ്ത്രങ്ങളുടെ പിതാക്കളെങ്കില്‍ മുസ്‌ലിംകളാണ് വളര്‍ത്തച്ചനെന്ന എച്ച്.ജി. വെല്‍സിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു സെമിനാര്‍. കാരണം മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റത്തിന് അത്രമേല്‍ പഴക്കവും സ്വീകാര്യതയുമുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ ഖുലഫാഉറാശിദുകള്‍ക്കു ശേഷം മുസ്‌ലിം ഭരണത്തിന്റെ തലപ്പത്തേക്കു അവരോധിക്കപ്പെട്ട അമവീ ഭരണകൂടവും അവര്‍ക്കുശേഷം അബ്ബാസികളും മുസ്‌ലിം ലോകത്തിന്റെ നാനോന്മുഖമായ പുരോഗതിക്കായി വൈജ്ഞാനിക ചക്രവാളങ്ങളെ വിപുലീകരിക്കാനുമുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോയിട്ടുള്ളതായി ചരിത്രം സൂചിപ്പിക്കുന്നു. നിരന്തരമായ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഭൂമിയെകുറിച്ചും ഭൗമോപരിതല ശാസ്ത്രപഠനങ്ങളെകുറിച്ചും പഠിച്ചറിഞ്ഞ് ഉസ്മാനി ഭരണകൂടത്തിന്റെ നാവിക മേധാവി റഈസ് രചിച്ച ബഹ്‌റിയ എന്ന ഗ്രന്ഥവും മനശാസ്ത്രത്തെക്കുറിച്ച് ഇമാം ഗസാലിയിലൂടെ പിറവികൊണ്ട ഗ്രന്ഥവും ഗണിത ശാസ്ത്രത്തിന്റെ ലോകത്ത് വിസ്‌ഫോടനം സൃഷ്ടിച്ച ഖവാരിസ്മിയുടെ അള്‍ജിബ്രാ സിദ്ധാന്തവും മുസ്‌ലിം വൈജ്ഞാനിക വിപ്ലവത്തിന്റെ ചിതലരിക്കാത്ത ഏടുകളായിരുന്നു. നക്ഷത്രങ്ങളെകുറിച്ചും ഭൗമോപരിതല ഘടനയെകുറിച്ചും അറബികള്‍ക്കുണ്ടായിരുന്ന അറിവ് ഗോളശാസ്ത്രപഠനത്തിലും ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഇടം കണ്ടെത്തിയത് വിസ്മരിച്ചുകൂടാ. 
രസതന്ത്രത്തെ വൈദ്യവുമായി സംയോജിപ്പിച്ച ഇമാം റാസിയുടെ അതുല്യഗ്രന്ഥമായ അല്‍ അസ്‌റാര്‍ ലോകവിസ്മയമായിരുന്നു. മുസ്‌ലിം നവോത്ഥാനത്തിന്റെ പറുദീസയായിരുന്ന സ്‌പെയിനിന്റെ വിശുദ്ധഭൂമികയില്‍ നിന്നാണ് ലോകം ഈ മുന്നേറ്റത്തെ മനസിലാക്കേണ്ടത്. ഇബ്‌നു ഖല്‍ദൂനിനെ പോലുള്ള സോഷ്യോളജിസ്റ്റുകളും അല്‍ബക്തരിയെ പോലുള്ള ഭൂമിശാസ്ത്രജ്ഞരും ഇബ്‌നു അവ്വിമുലിനെ പോലുള്ള ബയോളജിസ്റ്റും ഫിലോസഫിസ്റ്റുകളായ ഇബ്‌നുറുഷ്ദിയും തുടങ്ങി അസംഖ്യം വൈജ്ഞാനികരുടെ തട്ടകം സ്‌പെയിനായിരുന്നത്രെ. ഇങ്ങനെ ചിതറിക്കിടക്കുന്ന വൈജ്ഞാനിക ശാഖകകളെ വിളക്കിച്ചേര്‍ത്ത് മുന്നേറ്റങ്ങള്‍ക്ക് വിധേയമാക്കിയ പൗരാണിക സമൂഹത്തിന്റെ സംഭാവനകളെയും അതു സംബന്ധിച്ച സാമൂഹിക പരിവര്‍ത്തനത്തെയും ആധികാരികമായി ചര്‍ച്ചചെയ്യുന്നതായിരുന്നു സെമിനാര്‍