സമസ്ത ബഹ്‌റൈൻ ദേശീയ ദിനാഘോഷം സ്വദേശി പ്രമുഖരുടെ സാന്നിധ്യത്താൽ ശ്രദ്ധേമായി

മനാമ: സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം സ്വദേശി പ്രമുഖരുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായി. ഹമദ്‌ ടൌണ്‍ ചാരിറ്റി സൊസൈറ്റി ചെയര്‍മാന്‍ യൂസുഫുല്‍ മഹ്‌മീദ്‌, മുന്‍ പാര്‍ലമെന്റ്‌ അംഗവും പ്രമുഖ പണ്‌ഢിതനും വാഗ്മിയുമായ ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ ഇബ്രാഹിം, ഹമദ്‌ ടൌണ്‍ ചാരിറ്റി സൊസൈറ്റി ദഅ്‌വാ ചെയര്‍മാന്‍ ഫൈസല്‍ അര്‍ജാനിയുമടങ്ങുന്ന പ്രമുഖരാണ്‌ പരിപാടയില്‍ സംബന്ധിച്ചത്‌.
ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം അതിഥികളെ സ്വാഗതം ചെയ്‌തു സംസാരിച്ചു. ബഹ്‌റൈനിലെ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ഈ നാടിന്റെ സുകൃതങ്ങള്‍ അദ്ധേഹം വിവരിച്ചു. തുടര്‍ന്നു സംസാരിച്ച യൂസുഫുല്‍ മഹ്‌ മീദ്‌ ഇന്ത്യക്കാരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും കേരളീയരുടെ സല്‍സ്വഭാവത്തെ എടുത്തുപറയുകയും ചെയ്‌തു. ചുവപ്പ്‌, മഞ്ഞ, വെള്ള നിറങ്ങളിലുള്ള മൂന്ന്‌ റോസാപ്പൂ ഉപഹാരങ്ങള്‍ സദസ്യര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചാണ്‌
മുന്‍ പാര്‍ലിമെന്റ്‌ അംഗം ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ ഇബ്രാഹീം തന്റെ പ്രഭാഷണമാരംഭിച്ചത്‌. ഇതിലെ ത്രിവര്‍ണ്ണ പുക്കളിലോരോന്നും ചടങ്ങ്‌ വര്‍ണ്ണാഭമാക്കിയ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും, ഖുര്‍ആനികാശയങ്ങളിലൂന്നി ജീവിതം ക്രമപ്പെടുത്താനാഗ്രഹിക്കുന്ന മറ്റെല്ലാവര്‍ക്കുമായി താന്‍ സമര്‍പ്പിക്കുകയാണെന്ന അദ്ധേഹത്തിന്റെ പ്രഖ്യാപനം ഹര്‍ഷാരവത്തോടെ സദസ്സ്‌ എതിരേറ്റത്‌.
മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഖിറാഅത്ത്‌, പ്രഭാഷണം, ഗാനങ്ങള്‍ എന്നിവക്കു പുറമെ കൊച്ചു വിദ്യാര്‍ത്ഥികളുടെ ബാല റാലി, ഫ്‌ളാഗ്‌ ഡിസ്‌പ്ലെ എന്നിവയും ചടങ്ങിനെ വര്‍ണ്ണാഭമാക്കി. ചടങ്ങുകള്‍ക്കൊടുവില്‍ കുട്ടികള്‍ക്കൊപ്പം പതാകകളേന്തി ബഹ്‌റൈന്‍ ഗാനങ്ങള്‍ പാടിയും കുട്ടികളെയും അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ചും തടിച്ചു കൂടിയ ജനങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളും നടത്തിയാണ്‌ അവര്‍ വേദിവിട്ടത്‌.
വെകുന്നേരം കുട്ടികളുടെ കലാ പരിപാടികളോടെ ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഹംസ അന്‍വരി മോളൂര്‍, എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, വി.കെ.കുഞ്ഞഹമ്മദ്‌ ഹാജി, ശഹീര്‍ കാട്ടാമ്പള്ളി തുടങ്ങിയ സമസ്‌ത നേതാക്കളുടെ നേതൃത്വത്തിലാരംഭിച്ച ചടങ്ങ്‌ പ്രസിഡന്റിന്റെ ഉദ്‌ബോധനത്തോടെയും പ്രാര്‍ത്ഥനയോടെയുമാണ്‌ സമാപിച്ചത്‌. നാഷണല്‍ ഡെ പരിപാടി വന്‍ വിജയമാക്കാന്‍ സഹായിച്ചബഹ്‌റൈന്‍ റൈഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീനും അതിഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമസ്‌തയുടെ മുഴുവന്‍ ഏരിയാ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അദ്ധേഹം പ്രത്യേക നന്ദി അറിയിച്ചു