മലപ്പുറം: ഹളര്‍മൗത്തില്‍ നിന്നുള്ള സയ്യിദരെയും ഹള്‌റമികളെയും കുറിച്ച് ഗവേഷണം നടത്തുന്ന ചരിത്രകാരന്‍ വേരുകള്‍ തേടി പാണക്കാട്ടെത്തി. ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജി പ്രഫസറും പ്രശസ്ത ചരിത്രകാരനുമായ ആംഗ്‌സന്‍ങ് ഹോ ആണ് ഇന്നലെ പാണക്കാട് കൊടപ്പനക്കലെത്തിയത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. അദ്ദേഹം രചിച്ച പ്രശസ്തമായ ദി ഗ്രേവ്‌സ് ഓഫ് തരീം എന്ന ഗ്രന്ഥം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ഹളര്‍ മൗത്തിലെ തരീമില്‍ നിന്ന് ഇന്ത്യന്‍ തീരത്തുടനീളമുള്ള സയ്യിദ് വംശാവലിയും സഞ്ചാരവും പഠനഗ്രന്ഥത്തില്‍ വിശദമാക്കുന്നുണ്ട്.
2006-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ഈ രംഗത്തെ ആധികാരികമായ ഗവേഷക ഗ്രന്ഥമെന്ന നിലക്ക് ലോകമൊട്ടുക്കും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കാലിഫോര്‍ണിയ, ചിക്കാഗോ, സ്റ്റാന്റ്‌ഫോര്‍ഡ്, ബേക്ക്‌ലി, മിഷിഗന്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ ദി ഗ്രേവ്‌സ് ഓഫ് തരീം പാഠ്യ വിഷയമായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ തീരത്തെ വിവിധ ഭാഗങ്ങളില്‍ ഹളര്‍ മൗത്തിലെ തരീമില്‍ നിന്നുള്ള പ്രഗല്‍ഭര്‍ ഇസ്‌ലാം പ്രചാരണത്തിന് പുറപ്പെടുകയും വിജയിക്കുകയും ചെയ്തതായി ആംഗ്‌സന്‍ങ് ഹോ പറഞ്ഞു. ഇസ്‌ലാമിക മുന്നേറ്റത്തില്‍ അവര്‍ വഹിച്ച പങ്ക് വലുതാണ്. തരീമില്‍ നിന്ന് എത്തിപ്പെട്ടവര്‍ അതത് പ്രദേശങ്ങളില്‍ സ്‌നേഹവും ശാന്തിയും വിളംബരം ചെയ്ത് ചരിത്രശ്രേണിയില്‍ മഹത്തായ സ്ഥാനമാണ് അലങ്കരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് തരീമുകളുടെ വംശാവലിയും ചലന ഗുണവും അടിസ്ഥാനമാക്കിയുള്ള വേരുകള്‍ തേടി പുറപ്പെട്ടതെന്നും 400 -ഓളം പേജുകളിലെ പുസ്തകമാണ് രചിച്ചതെന്നും ആംഗ്‌സന്‍ങ് ഹോ പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് തിളക്കമുറ്റിയ ചരിത്രത്തിന്റെ വേരുകള്‍ കോര്‍ത്തിണക്കിയത്. മലയാളത്തിലേക്ക് ഗ്രന്ഥം വിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. കേരളത്തില്‍ ഇത് രണ്ടാം തവണയാണ് ആംഗ്‌സന്‍ങ് സന്ദര്‍ശിക്കുന്നത്.
പാണക്കാട്ട് ആദ്യമാണ്. പാണക്കാട് പൂക്കോയ തങ്ങളെ കുറിച്ചും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചും ഹൈദരലി ശിഹാബ് തങ്ങളെ കുറിച്ചും ധാരാളം വായിച്ചറിഞ്ഞിട്ടുണ്ട്. പാണക്കാട് സയ്യിദ് കുടുംബത്തിന്റെ വംശാവലി എത്തിച്ചേരുന്നത് ഹളര്‍മൗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പാണക്കാട് കുടുംബം വീശുന്ന കുളിര്‍കാറ്റ് അത്ഭുതകരമാണ്. ആത്മീയ രാഷ്ട്രീയ രംഗത്ത് ഒരുപോലെ മാതൃകയാവാന്‍ കഴിയുന്നത് വിസ്മയകരവും കേരളത്തിന്റെ സുകൃതവുമാണ്- അദ്ദേഹം പറഞ്ഞു. മമ്പുറം മഖാമും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും അദ്ദേഹം സന്ദര്‍ശിച്ചു.