ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവെഴ്സിറ്റി വിദ്യാര്‍ഥികളുടെ സജീവ സാനിധ്യം
തിരൂരങ്ങാടി:മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ 172-ാം ആണ്ട്‌നേര്‍ച്ചയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും.
വൈകീട്ട് നാലിന് മഖാം സിയാറത്തിന്‌ശേഷം സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം കൊടിയേറ്റും. സിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
രാത്രി ഏഴിന് നടക്കുന്ന സമ്മേളനം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ഏഴ് ദിവസങ്ങളില്‍ മൗലീദ് സദസ്സുകളും പ്രാര്‍ത്ഥനാസംഗമങ്ങളും ഉണ്ടാകും. 14ന് നടക്കുന്ന അന്നദാനത്തിന് ആയിരക്കണക്കിന് വിശ്വാസികള്‍ എത്തും.
നേര്‍ച്ചയോടനുബന്ധിച്ച് മഖാമിലേക്കുള്ള നടപ്പാത കല്ല് പതിക്കുകയും ഇരിപ്പിടങ്ങള്‍ പ്രത്യേകം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ദിക്‌റ് പ്രഭാഷണ സദസ്സുകളില്‍ സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
മമ്പുറം മഹല്ല് നിവാസികളും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക.
മഖാമിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കാന്‍ മഖാം പരിസരത്തെ പ്രത്യേക കൗണ്ടര്‍ തുറന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.