ഭാഷാവിവേചനം: മുസ്‌ലിം സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിന്

കോഴിക്കോട് : സംസ്ഥാന സര്‍ക്കാര്‍ അറബി, ഉറുദു, സംസ്‌കൃത ഭാഷാപഠനത്തിന് തടസ്സം സൃഷ്ടിക്കുന്ന വിവാദ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ യോജിച്ച പ്രക്ഷോഭം നടത്താന്‍ മുസ്‌ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. ഏതു ഭാഷ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടെന്നും ഇതിന് തടസ്സം നില്‍ക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും യോഗം ഉദ്ഘാടന ചെയ്ത മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണകാലാവധി പൂര്‍ത്തിയാവാനിരിക്കെ അനാവശ്യമായ പരിഷ്‌കരണം നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.


പുതുതായി അനുവദിച്ച 178 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ രണ്ട് ഭാഷകള്‍ മാത്രമേ പഠിപ്പിക്കേണ്ടതുള്ളൂ എന്ന നിര്‍ദേശം സര്‍ക്കാറിന്റെ ഭാഷാ വിരുദ്ധ നിലപാടിന് തെളിവാണെന്ന് യോഗം കുറ്റപ്പെടുത്തി. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാറിന് നിവേദനം സമര്‍പ്പിക്കാനും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു.



വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഡോ.എം.കെ. മുനീര്‍, കെ.പി.എ. മജീദ്, പി.വി. അബ്ദുള്‍ വഹാബ് (മുസ്‌ലിം ലീഗ്), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ (സമസ്ത), വി.എം. കോയമാസ്റ്റര്‍ (സുന്നി വിദ്യാഭ്യാസ ബോര്‍ഡ്), എ.പി.അബ്ദുള്‍ ഖാദര്‍ മൗലവി, ഡോ.എം.അബ്ദുള്‍ അസീസ് (കെ.എന്‍.എം.), ഡോ.ഇ.കെ. അഹമ്മദ്കുട്ടി, കെ. അബൂബക്കര്‍ മൗലവി (കെ.എന്‍.എം.മടവൂര്‍ വിഭാഗം), കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ഡോ. ഫസല്‍ ഗഫൂര്‍, സി.ടി.സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്.), കെ. മോയിന്‍കുട്ടി, എ. മുഹമ്മദ്, കെ.കെ. അബ്ദുള്‍ ജബ്ബാര്‍ (കെ.എ.ടി.എഫ്.) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
-ഉബൈദ് റഹ്‍മാനി-