പ്രാര്‍ഥനകള്‍ മനുഷ്യനെ ഉത്കൃഷ്ടനാക്കുന്നു -കോഴിക്കോട് ഖാസി

തിരൂരങ്ങാടി: ആത്മാവിനെയും മനസ്സിനെയും സംസ്‌കരിച്ച് മനുഷ്യനെ ഉത്കൃഷ്ടനാക്കുന്നത് പ്രാര്‍ഥനകളാണെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു.

മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്ന സ്വലാത്ത് സംഗമത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച നടന്ന സ്വലാത്ത് സംഗമത്തിന് മഖാമില്‍ വിശ്വാസികളുടെ പ്രവാഹമായിരുന്നു.

വെള്ളിയാഴ്ച നടക്കുന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

മമ്പുറം നേര്‍ച്ചയിലെ പ്രധാന പരിപാടിയായ ദിക്‌റ് ദുആ സമ്മേളനം തിങ്കളാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, അയ്യായ ഉസ്താദ് എന്നിവരാണ് നേതൃത്വംനല്‍കുക.

പുതുക്കിപ്പണിത മമ്പുറം ജുമാമസ്ജിദിന്റെ ഉദ്ഘാടനം സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ നിര്‍വഹിച്ചു. ചൊവ്വാഴ്ച അന്നദാനത്തോടെ നേര്‍ച്ച സമാപിക്കും.