അന്നദാനത്തോടെ മമ്പുറം നേര്‍ച്ച സമാപിച്ചു

തിരൂരങ്ങാടി: അര ലക്ഷത്തോളം പേര്‍ക്കുള്ള അന്നദാനത്തോടെ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 172ാം ആണ്ടുനേര്‍ച്ച സമാപിച്ചു.
അന്നദാനത്തിനും അവസാന ചടങ്ങായ മൗലീദ്ഖത്മ്ദുആക്കും പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികളാണ് മഖാമിലെത്തിയത്. അന്നദാനചടങ്ങ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി കോഴിക്കോട് അധ്യക്ഷത വഹിച്ചു. രാവിലെ ഒമ്പതരക്ക് തുടങ്ങിയ അന്നദാനം വൈകീട്ട് രണ്ട് മണി വരെ നീണ്ടു. അര ലക്ഷത്തോളം നെയ്‌ച്ചോര്‍ പെട്ടികള്‍ മമ്പുറം നിവാസികളും ദാറുല്‍ഹുദാ വിദ്യാര്‍ഥികളും ചേര്‍ന്നാണ് വിതരണം ചെയ്തത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു.
മൗലീദ് ഖത്മ് ദുആക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.സി. മുഹമ്മദ് ബാഖവി, പി. ഇസ്ഹാഖ് ബാഖവി എന്നിവര്‍ പങ്കെടുത്തു.