ജാമിഅ: നൂരിയ്യ: സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈന്‍ എം.പിമാര്‍ പുറപ്പെട്ടു

മനാമ: കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പട്ടിക്കാട്‌ ഫൈസാബാദില്‍ ആരംഭിച്ച ജാമിഅ: നൂരിയ്യ: അറബിക്‌ കോളേജ്‌ 51–ാം വാര്‍ഷിക 49–ാം സനദ്‌ ദാന സമാപന മഹാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെ രണ്ടു എംപിമാര്‍ കഴിഞ്ഞ ദിവസം യാത്ര തിരിച്ചു. ബഹു. അഹ്‌ മദ്‌ അബ്‌ദുല്‍ വാഹിദ്‌ അല്‍ ഖറാത്ത, ബഹു. ഹസന്‍ ഈദ്‌ ബുഖമ്മാസ്‌ എന്നിവരാണ്‌ കഴിഞ്ഞ ദിവസം ഇവിടെ നിന്നും പുറപ്പെട്ടത്‌. ബഹ്‌റൈന്‍ സമസ്‌ത ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദ്‌ ഹാജിയും ഇവരെ അനുഗമിക്കുന്നുണ്ട്‌.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഞായറാഴ്‌ചയാണ്‌ സമാപിക്കുന്നത്‌. സമാപന സമ്മേളനത്തിലും മറ്റു വിവിധ സെഷനുകളിലും സംബന്ധിക്കാനായി ധാരാളം വിദേശ പ്രതിനിധികള്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി എത്തുന്നുണ്ട്‌. യു.എ.ഇ യില്‍ നിന്നുളള പ്രതിനിധികള്‍ ഇതിനകം സമ്മേളനത്തിലെത്തിയിട്ടുണ്ട്‌.(ന്യൂസ്‌ ലിങ്ക്‌ കാണുക.)
ബഹ്‌റൈനില്‍ നിന്നും പുറപ്പെട്ട ഇരു എം.പിമാര്‍ക്കും സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ യാത്രയപ്പ്‌ നല്‍കി. ചടങ്ങില്‍ സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, ജന.സെക്രട്ടറി എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌, കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി, മൂസ മൌലവി വണ്ടൂര്‍, സുലൈമാന്‍ പറവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.