വഖഫ് ആക്ട് ഒരു വിശകലനം

കുടുംബ വഖഫുകള്‍, അഥവാ വഖഫ് അലല്‍ അവ്‌ലാദ് രൂപീകരിക്കുവാന്‍ ശരീഅത്തില്‍ വ്യവസ്ഥയില്ലെന്ന പ്രിവികൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നാണ്, ഇന്ത്യയില്‍ ആദ്യമായി 1913 ലെ മുസല്‍മാന്‍ വഖഫ് നിയമസാധുതമാക്കല്‍ ആക്ട് പാസ്സാക്കിയത്. Abdul Fata Muhammed V. Rasamoy Dhur Chowdary (1894) 22 I.A. 76) എന്ന കേസിലാണ് ഈ തീരുമാനം ഉണ്ടായത്.
കല്‍ക്കട്ട ഹൈക്കോടതിയിലെ വിധിയില്‍, ഭാര്യക്ക് ഭക്ഷണം നല്‍കുന്നതുപോലും സദഖ ആണെന്നും ആയതിനാല്‍ മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് ഭാവിസംരക്ഷണം ഉറപ്പാക്കാന്‍ കുടുംബ വഖഫുകള്‍ രൂപീകരിക്കുവാന്‍ ശരീഅത്തില്‍ അനുവദനീയമാണെന്നുമുള്ള സര്‍സയ്യിദ് അമീര്‍ അലിയുടെ അഭിപ്രായം നിരാകരിച്ചുകൊണ്ടുള്ളതായിരുന്നു പ്രീവി കൗണ്‍സില്‍ വിധി. ഇതേ തുടര്‍ന്ന്, അമീര്‍അലി നടത്തിയ ശ്രമങ്ങളുടെ ഫലമായി, മുഹമ്മദ് അലി ജിന്ന സാഹിബാണ് 1913 ലെ വഖ്ഫ് സാധൂകരണ ആക്ടിനുള്ള ബില്‍ അവതരിപ്പിച്ചു പാസാക്കിയത്.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പിന്‍ഗാമികള്‍ക്കും വേണ്ടി വഖഫ് രൂപീകരിക്കുവാന്‍ മുസല്‍മാന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കാനുള്ള ആക്ട് എന്നാണ്, ആക്ടിന്റെ പീഠികയില്‍ പറയുന്നത്. 1913 നുശേഷം 1923, 1930 വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും 1954, 1959, 1984, 1995 എന്നീ വര്‍ഷങ്ങളില്‍ സ്വതന്ത്രഭാരതത്തിലും വഖഫ് ആക്ടുകള്‍ പാസാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റ് പാസാക്കിയ ആക്ടുകളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. 1954 ലും അതിനു ശേഷം 1984 വരെയും നിര്‍മ്മിച്ച ആക്ടുകള്‍ റദ്ദുചെയ്ത് 1995 ലെ വഖഫ് ആക്ട് പാസാക്കി. ഈ ആക്ടിന് 2013 ല്‍ സമഗ്രമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് 2013 ലെ വഖഫ് (ഭേദഗതി) ആക്ട് പാസാക്കി പ്രസിഡന്റിന്റെ അംഗീകാരം നേടിയിട്ടുണ്ട്. അതിലെ വകുപ്പുകളുടെ വിശകലനമാണ് ഇനി പറയാന്‍ പോകുന്നത്.
1913 മുതല്‍ വഖഫ് നിയമങ്ങളില്‍ ഉപയോഗിച്ചുവന്ന WAKF, WAKFS, WAKIF എന്നീ വാക്കുകള്‍ക്കുപകരംWAQF, AUQAF, WAQIF എന്നിവ ഉപയോഗിക്കണമെന്നാണ് ആദ്യത്തെ ഭേദഗതി. അറബിവാക്കുകള്‍ പോലെ തന്നെ ഉച്ചരിക്കണമെന്ന ഉദ്ദേശമായിരിക്കാം ഭേദഗതിയുടെ പിന്നിലുള്ളത്. രൂപത്തിലല്ലാതെ സത്തയില്‍ ഒരു മാറ്റവുമില്ലാത്ത ബാലിശവും അനാവശ്യവുമായ ഭേദഗതിയാണിത്.
അടുത്തതായി നിര്‍വചനങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. 'അതിക്രമിച്ചു കയറുന്നവന്‍' എന്നതിന് ഒരു പുതിയ നിര്‍വചനം ചേര്‍ത്തിട്ടുണ്ട്. വഖഫ് വസ്തുക്കളില്‍ അതിക്രമിച്ചു കയറി അതു കൈവശം വെക്കുകയോ, അതില്‍ അനധികൃതമായി താമസിക്കുകയോ ആദായമെടുക്കുകയോ ചെയ്യുന്നവരെല്ലാം, 'അതിക്രമിച്ചു കയറുന്നവന്‍' എന്നതിന്റെ പരിധിയില്‍വരുന്നു.
'അതിക്രമിച്ചുകയറുന്നവന്‍' എന്നാല്‍ നിയമത്തിന്റെ ആധികാരികതയില്ലാതെ വഖഫ് വസ്തു മുഴുവനായോ ഭാഗികമായോ കൈവശം വെക്കുന്ന ഏതൊരാളും, അഥവാ പൊതുവായതോ സ്വകാര്യമോ ആയ സ്ഥാപനവും എന്നര്‍ത്ഥമാകുന്നതും, അതില്‍ കുടിയായ്മ, പാട്ടം, ലൈസന്‍സ് എന്നിവയുടെ കാലാവധി അവസാനിച്ചതോ മുതവല്ലിയോ ബോര്‍ഡോ കാലാവധി അവസാനിപ്പിച്ച ഒരാളും ഉള്‍പ്പെടുന്നതുമാകുന്നു.
ഈ നിര്‍വചന പ്രകാരം നിയമാനുസൃതമായല്ലാതെ വഖഫ് വസ്തുക്കള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്നവരും അനുവദിച്ച കാലാവധി കഴിഞ്ഞശേഷം വഖഫ് വസ്തുക്കള്‍ കൈവശം വച്ചിരിക്കുന്നവരും കൈയ്യേറ്റക്കാരാണെന്ന് കരുതാവുന്നതും അവരെ ഒഴിപ്പിക്കാവുന്നതുമാണ്.
മുതവല്ലിയുടെ നിര്‍വചനത്തില്‍, രണ്ട് പരിമിതി വ്യവസ്ഥകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. മുതവല്ലിമാര്‍, ഇന്ത്യന്‍ പൗരന്മാരും നിര്‍ണ്ണയിക്കാവുന്ന മറ്റു യോഗ്യതകളും ഉള്ളവരായിരിക്കണമെന്നതാണ് ഒരു വ്യവസ്ഥ. രണ്ടാമത്തെ വ്യവസ്ഥ, ഒരു വഖഫിന്റെ സംഗതിയില്‍ മുതവല്ലിക്ക് എന്തെങ്കിലും യോഗ്യത വേണമെന്ന് വ്യവസ്ഥയുണ്ടെങ്കില്‍, അങ്ങനെയുള്ള യോഗ്യത ഗവണ്‍മെന്റ് ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതകള്‍ തന്നെയായിരിക്കണമെന്നതാണ്.

ഇപ്പോള്‍ വഖഫ് ആക്ട് പ്രകാരം മുതവല്ലിമാര്‍ക്ക് യോഗ്യതകള്‍ ഒന്നും നിശ്ചയിച്ചിട്ടില്ല. സൂറത്തു തൗബയിലെ 17, 18 സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്ന നമസ്‌കാരമുള്ളവരും സക്കാത്തു കൊടുക്കുന്നവരും ആയിരിക്കണം മുതവല്ലിമാര്‍ എന്നേയുള്ളൂ. അക്ഷരാഭ്യാസംപോലും അവര്‍ക്കുവേണമെന്നില്ല. ഇപ്പോള്‍ ഗവണ്‍മെന്റ് നിശ്ചയിക്കുന്ന യോഗ്യത വേണ്ടവരും ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും യോഗ്യതകള്‍ നിശ്ചയിക്കല്‍. അത് എന്നേക്ക് ഉണ്ടാകുമെന്ന് നിശ്ചയമില്ല. കാരണം, മുതവല്ലിമാരുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും ചുമതലകളും എന്തെല്ലാമാണെന്ന് വിവരിച്ച് വിശദമായ ഒരു സര്‍ക്കുലര്‍ എല്ലാ ജമാഅത്തുകളിലും, അയച്ചുകൊടുക്കണമെന്ന ഒരുത്തരവ് ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടുണ്ട്. (WP(C) No. 18572/12) ആറുമാസം കാലാവധി അനുവദിച്ചുകൊടുത്തിട്ടും ഇന്നേവരെ ആ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഇപ്പോള്‍ കോടതിയലക്ഷ്യ നടപടികള്‍ നടക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയതാണ് പ്രശ്‌നം. അഞ്ചുകൊല്ലത്തോളമായിട്ടും വിഷയം സംബന്ധിച്ച് ബോര്‍ഡിന് വ്യക്തതയില്ല.

വഖഫ് എന്നതിന് 1913 ലെ വഖ്ഫ് ആക്ട് നല്‍കിയിരിക്കുന്ന നിര്‍വചനം ഇപ്രകാരമാണ്:
'വഖഫ് എന്നാല്‍, മുസല്‍മാന്‍ വിശ്വാസം അനുഷ്ഠിക്കുന്ന ഒരാള്‍' ഏതെങ്കിലും വസ്തു മുസല്‍മാന്‍ നിയമപ്രകാരം, മതപരമായതും ഭക്തിപരമായതും ധര്‍മ്മാര്‍ത്ഥമായതുമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഉദ്ദേശത്തിനുവേണ്ടിയുള്ള ശാശ്വതമായ സമര്‍പ്പണം എന്നര്‍ത്ഥമാകുന്നു.''

1913 ലെ ആക്ടിനുശേഷമുള്ള 1995 ലെ ആക്ടുകളിലും ഈ നിര്‍വചനത്തിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. 1995 ലെ ആക്ടിലെ നിര്‍വചനം ഇങ്ങനെയാണ്:
''വഖഫ് എന്നാല്‍ ഇസ്‌ലാം മതം വിശ്വസിച്ച് അനുഷ്ഠിക്കുന്ന (a person professing Islam) ഒരാള്‍, മുസ്‌ലിം നിയമപ്രകാരം, പുണ്യമുള്ളതോ മതപരമായതോ ധര്‍മ്മാര്‍ത്ഥമായതോ ആയി അംഗീകരിക്കപ്പെട്ട ഏതെങ്കിലും ഉദ്ദേശത്തിനുവേണ്ടി ശാശ്വതമായി സമര്‍പ്പിക്കുന്ന ജംഗമമോ, സ്ഥാവരമോ ആയ വസ്തുവെന്നര്‍ത്ഥമാകുന്നു''.

എന്നാല്‍, 2013 ലെ ഭേദഗതിയില്‍ a person എന്നതിനുപകരം any person ഏതൊരാളും എന്ന്‌ചേര്‍ന്നിരിക്കുന്നു. professing Islam ഇസ്‌ലാം മതം വിശ്വസിച്ച് അനുഷ്ഠിക്കുന്ന - എന്ന പദങ്ങള്‍ വിട്ടുകളയണമെന്ന് നിയമഭേദഗതി വരുത്തിയിരിക്കുന്നു. ഇപ്പോള്‍, ഇസ്‌ലാം മതവിശ്വാസിയല്ലാത്ത ഏതൊരാള്‍ക്കും വഖഫ് രൂപീകരിക്കാം. അയാള്‍ ഇസ്‌ലാംമതം വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ആവശ്യം നിയമപ്രകാരമില്ല.-- അഡ്വ. തട്ടാമല എം. അബ്ദുല്‍ അസീസ്‌
(തുടരും)