നിലവിലെ പാലം |
മമ്പുറം: മമ്പുറത്ത് പുതിയ പാലം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം വീണ്ടും തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ സംഘം മമ്പുറത്തെത്തി സ്ഥല പരിശോധന നടത്തി. കഴിഞ്ഞ ജൂലായില്‍ ഇതിന് മുമ്പ് പരിശോധന നടത്തിയിരുന്നു.
പുതിയ പാലം നിര്‍മിക്കുന്നതിന് വേണ്ടി ഭരണാനുമതിക്കായി എസ്റ്റിമേറ്റ് ധനകാര്യ വകുപ്പില്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘം വീണ്ടും സാങ്കേതിക വശങ്ങള്‍ പരിശോധനക്കാനെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒക്‌ടോബറിലാണ് ഭരണാനുമതിക്ക് വേണ്ടി എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്. കടലുണ്ടിപ്പുഴക്ക് കുറുകെ ഏ.ആര്‍.നഗര്‍, തിരൂരങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മമ്പുറം മഖാമിന് സമീപമാണ് പാലം നിര്‍മിക്കാനുദ്ദേശിക്കുന്നത്. പാലത്തിന് ഇരുപത് കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഭരണാനുമതി ലഭിച്ചാലുടന്‍ പണി തുടങ്ങാനാകുമെന്നും അധികൃതര്‍ അറിയിച്ചു.