പാലക്കാട്: മണ്ണാര്‍ക്കാട് സംഭവത്തില്‍ സമസ്‌തക്കു പുറമെ ഇപ്പോള്‍ ലീഗിനെതിരെയും ആക്ഷേപമുയര്‍ന്നതായി പാലക്കാട് ജില്ലാ ലീഗ് നേതാക്കള്‍ അറിയിച്ചു. മണ്ണാര്‍ക്കാടുണ്ടായ ദാരുണമായ കൊലപാതകം സമസ്‌തയുടെ മേല്‍ കെട്ടിവെക്കാന്‍ വിഘടിതര്‍ ശ്രമിച്ചിരുന്നു. ഒരു കുടുംബത്തിലെ സ്വത്തുപ്രശ്‌നവുമായി ബന്ധപ്പെട്ട പ്രസ്‌തുത സംഭവമിപ്പോള്‍ ലീഗിനിതെരായാണ് മാര്‍കിസ്റ്റുകാര്‍ പ്രയോഗിക്കുന്നത്.
അക്രമരാഷ്ട്രീയത്തെ എക്കാലത്തും എതിര്‍ത്തിട്ടുള്ള ചരിത്രമാണ് മുസ്ലിംലീഗിനുള്ളതെന്നും കൊലപാതക രാഷ്ട്രീയം മുസ്ലിംലീഗിന്റെ പാരമ്പര്യമല്ലെന്നും പാലക്കാട് ജില്ലാ ലീഗ് പ്രസിഡന്റ് സി.എ.എം.എ കരീമും ജനറല്‍സെക്രട്ടറി കളത്തില്‍ അബ്ദുല്ലയും പ്രസ്താവനയില്‍
പറഞ്ഞു.
പറഞ്ഞു.
കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തെ മുസ്്‌ലിംലീഗുമായി ബന്ധിപ്പിക്കുന്നത് രാഷ്ട്രീയലാഭം കൊയ്യാനുള്ള തന്ത്രം മാത്രമാണ്. കല്ലാംകുഴി പ്രദേശത്തെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വത്ത് തര്‍ക്കം സുപ്രീംകോടതിവരെ എത്തിയതാണ്. ഇതുസംബന്ധിച്ച് പ്രദേശവാസികളിലുണ്ടായ ചേരിതിരിവ് ഇതിന് മുമ്പും പല സംഘട്ടനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 1998ലുണ്ടായ സംഘര്‍ഷത്തില്‍ പാലക്കപ്പറമ്പില്‍ മുഹമ്മദ് കൊലച്ചെയപ്പെടുകയും നിരവധിപേര്‍ക്ക് സാരമായി പരിക്കേറ്റ് ദീര്‍ഘകാലം ചികിത്സയില്‍ കഴിയേണ്ടി വരികയും ചെയ്തിട്ടുള്ള സംഭവത്തില്‍ ഇപ്പോള്‍ കൊല്ലപ്പെട്ടവര്‍ പ്രതികളായിരുന്നു. അന്ന് മരിച്ച മുഹമ്മദിന്റെ കുടുംബത്തെ ആക്രമിക്കാന്‍ ഇപ്പോഴുണ്ടായ സംഘട്ടനത്തില്‍ മരിച്ച ഹംസ, നൂറുദ്ദീന്‍ എന്നിവരും പരിക്കേറ്റ സഹോദരന്‍ കുഞ്ഞിമുഹമ്മദും പലതവണ ശ്രമിച്ചതായും അതിന് വാടകഗുണ്ടകളുടെ സഹായം തേടിയതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
നിലവിലെ പള്ളി കമ്മിറ്റിക്കെതിരായ മരണപ്പെട്ടവരുടെയും ഇവരുടെ സഹായികളുടെയും പ്രവര്‍ത്തനത്തില്‍ പ്രദേശവാസികള്‍ക്കുള്ള അതൃപ്തി രാഷ്ട്രീയമായി മുതലെടുക്കാന്‍ ഡി.വൈ.എഫ്.ഐയുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ഉരുത്തിരിഞ്ഞ പൂര്‍വവൈരാഗ്യമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമായതും ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തിലേക്ക് നയിച്ചതും.
സംഘര്‍ഷത്തില്‍ പങ്കില്ലാത്ത മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാണ്. ഈ സംഭവവുമായി മുസ്ലിംലീഗിന് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവുമില്ല.
യഥാര്‍ത്ഥ കുറ്റവാളികള്‍ ആരായാലും അവരെ സംരക്ഷിക്കാന്‍ മുസ്ലിംലീഗ് കൂട്ടുനില്‍ക്കില്ല. സമൂഹത്തിലും സമുദായത്തിലുമുള്ള പ്രശ്‌നങ്ങളില്‍ എന്നും അനുരഞ്ജനാത്മകമായ സമീപനമാണ് മുസ്ലിംലീഗ് അനുവര്‍ത്തിച്ച് വന്നിട്ടുള്ളത്. പള്ളിയില്‍ അക്രമമുണ്ടാക്കി ഈ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.