ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെ മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി. രാവിലെ 11 മണിയോടെയാണ് പരപ്പന അഗ്രഹാര ജയിലില്‍നിന്ന് കനത്ത സുരക്ഷാ അകമ്പടിയോടെ മഅ്ദനിയെ മണിപ്പാല്‍ ആസ്പത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സുദര്‍ശന്‍ ബല്ലാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ വിശദമായ ആരോഗ്യ പരിശോധനക്ക് വിധേയമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍ ചികിത്സകള്‍ നിശ്ചയിക്കുക.
പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുള്ള മുറിയിലാണ് മഅ്ദനിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഭാര്യ സൂഫിയ മഅ്ദനിയും മകന്‍ ഉമര്‍ മുക്താറും കൂടെയുണ്ട്.
മഅ്ദനിക്ക് മണിപ്പാല്‍ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ഇക്കഴിഞ്ഞ നവംബര്‍ 19ന് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആസ്പത്രിയിലേക്ക് മാറ്റിയത്.
ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി 2010 ഓഗസ്റ്റ് മുതല്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനി നല്‍കിയ ജാമ്യാപേക്ഷയിലാണ് ചികിത്സക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന സുപ്രീംകോടതി വിധി.
മഅ്ദനിക്ക് പ്രായം കൂടുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമാണ് ഉള്ളതെന്നായിരുന്നു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ നിഷേധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിരത്തിയ വാദം. ഇത് തള്ളിക്കൊണ്ട് വിദഗ്ധ ചികിത്സ നല്‍കാന്‍ ഉത്തരവിട്ട സുപ്രീംകോടതി, ചികിത്സാച്ചെലവ് കര്‍ണാടക സര്‍ക്കാറിനോട് വഹിക്കാനും നിര്‍ദേശിച്ചിരുന്നു.
ആരോഗ്യം വീണ്ടെടുത്ത ശേഷം മഅ്ദനിക്ക് പുതിയ ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ ജയിലിന് പുറത്തേക്ക് മാറ്റുന്നത്. കഴിഞ്ഞ രണ്ടു തവണയും ഹോളി സൗഖ്യ ആസ്പത്രിയിലും അഗര്‍വാള്‍ കണ്ണാസ്പത്രിയിലുമായിരുന്നു ചികിത്സ. അഗര്‍വാള്‍ ആസ്പത്രിയില്‍ നേരത്തെ തിമിര ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.