അംഗോളയില്‍ ഇസ്‍ലാം നിരോധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇസ്‍ലാം മതത്തിന് രാജ്യത്ത് ഔദ്യോഗിക അംഗീകാരം തന്നെ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പ്രത്യേകിച്ച് ‘നിരോധന’മൊന്നും ഇല്ലെന്നാണ് ഒറ്റവാക്കില്‍ മറുപടി. ഇത് വിശദമായി പറയുന്നതിന് മുമ്പ് ഈ ആഫ്രിക്കന്‍ രാജ്യത്തെ നിയമവും ചട്ടവുമൊക്കെ ചെറുതായെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.
തെക്കന്‍ ആഫ്രിക്കയിലെ അറ്റ്‍ലാന്റിക്ക് മഹാസുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രമാണ് അംഗോള. എണ്ണയുത്പാദനത്തില്‍ രണ്ടാമതു നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യമാണെങ്കിലും ദരിദ്ര രാഷ്ട്രമാണിത്. 1975-ല്‍ പോര്‍ച്ചുഗലില്‍ നിന്ന് സ്വതന്ത്രമായ ശേഷം 27 വര്‍ഷക്കാലം രാജ്യത്തെ കലുഷമാക്കിയ ആഭ്യന്തര യുദ്ധമാണ് ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. ഇരുപത് ദശലക്ഷം ജനസംഖ്യയുള്ളതില്‍ മഹാഭൂരിപക്ഷം കത്തോലിക്കന്‍ ക്രിസ്‍ത്യാനികളും ഇതര വിഭാഗക്കാരുമാണ്. മുസ്‍ലിംകള്‍ ചെറിയൊരു മത ന്യൂനപക്ഷം മാത്രമാണിവിടെ.
ഏതു മതത്തിനും പ്രസ്ഥാനത്തിനും പ്രവര്‍ത്തന-പ്രചരണ സ്വാതന്ത്ര്യം നല്‍കുന്നതാണ് അംഗോളന്‍ ഭരണ ഘടന.മതവിശ്വാസമോ താത്വിക രാഷ്ട്രീയ കാഴ്ചപ്പാടുകളോ മൂലം ആരെയും ഒറ്റപ്പെടുത്തരുത്. ആരുടെയും മതാചരങ്ങള്‍ ചോദ്യം ചെയ്യാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. ഭരണഘടനയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സുപ്രധാന വാചകങ്ങളാണിവ.