മതേതരമായ പൊതുബോധത്തില്‍ നിന്ന് 'മുസ്‌ലിം' സിംബലുകള്‍ അടര്‍ത്തിയെടുത്ത് അപരവല്‍ക്കരണം നടത്തുന്നത് ദേശീയ-പ്രാദേശിക മാധ്യമങ്ങളുടെ പൊതു സ്വഭാവമായിരിക്കുന്നു. വാക്കുകള്‍ക്ക് വാളിനെക്കാള്‍ അധീശത്വമുള്ള കാലമാണിത്. പദപ്രയോഗങ്ങളുടെ ദുരുപയോഗങ്ങള്‍ ബഹുസ്വരതയുടെ അന്ത:സത്തക്ക് കളങ്കമേല്‍പ്പിക്കുമ്പോഴാണ് സാംസ്‌ക്കാരിക ഫാസിസം മീഡിയ സംസ്‌ക്കാരത്തെ കീഴ്‌പ്പെടുത്തുന്നത്. വേറിട്ട് നിര്‍ത്താന്‍ വേണ്ടി മാത്രം 'മുസ്‌ലിം' എന്ന വാക്ക് ഉപയോഗിക്കുന്ന ദേശീയ മാധ്യമ ശൈലിയെ യോഗീന്ദര്‍ സിക്കന്ത്, അജിത് സാഹിയുമായി നടത്തിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. 'മുസ്‌ലിം ഭീകരത', 'ഇസ്‌ലാമിക് ടെററിസം', 'മുസ്‌ലിം വോട്ടുകള്‍' എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ വിഷയത്തിന്റെ വസ്തുകണിശതയെ സൂചിപ്പിക്കാന്‍ വേണ്ടിയല്ലാതെ, പൊതു വൈകാരികതയെ ഉണര്‍ത്താന്‍ വേണ്ടി ചേര്‍ത്തെഴുതുന്ന ശൈലിയാണ് വിമര്‍ശിക്കപ്പെടുന്നത്.
മലയാള മാധ്യമങ്ങളിലും ഈ ദു:ശീലം ഏറിവരുന്നുണ്ടിപ്പോള്‍. എം.ടി മലയാളത്തിന്റെ അക്ഷര വസന്തവും ബഷീര്‍ സര്‍ഗധനനായ 'മുസ്‌ലിമും' ആകുന്നതിന്റെ അനൗചിത്യം അത്ര ചെറുതല്ല. വിശേഷണ പദങ്ങള്‍ സാമൂഹിക ജീവിതത്തെ രേഖപ്പെടുത്തുക മാത്രം ചെയ്യുമ്പോള്‍ പ്രശ്‌നമില്ല. എന്നാല്‍ അവ പൊതുബോധത്തെ മാറ്റി മറിക്കുകയോ രൂപപ്പെടുത്തുകയോ ചെയ്യുമ്പോള്‍ സ്ഥിതി മാറുന്നുണ്ട്.
ഇക്കൂട്ടത്തില്‍, അടുത്തിടെ വല്ലാതെ മാധ്യമങ്ങളില്‍ സജീവമായിത്തുടങ്ങിയ പ്രയോഗമാണ് 'മുസ്‌ലിം ബുദ്ധിജീവി'. സെക്കുലര്‍ ആക്ടിവിസ്റ്റുകളെ 'മുസ്‌ലിം' ആക്കിച്ചുരുക്കുന്നതിന്റെ ലാഭം പങ്കിട്ടെടുക്കുന്നവര്‍ ഏറെയാണ്. അങ്ങനെയിപ്പോള്‍ മുസ്‌ലിം പൊതുബോധത്തിനെതിരെ സംസാരിക്കുന്നവര്‍ മാത്രമാണ് 'മുസ്‌ലിം ബുദ്ധിജീവി'യാകുന്നത്. മതത്തിന്റെ മൗലികതക്കാവശ്യമില്ലാത്ത ഇത്തരം മുസ്‌ലിം ബുദ്ധിജീവികളെ മതവിരുദ്ധര്‍ക്കാണ് ഏറെ ആവശ്യം. 'ഹോമോസാപ്പിയന്മാര്‍ പോലുമല്ലാത്ത' മലബാറിലെ മാപ്പിളമാര്‍ക്കിടയിലെ 'മനുഷ്യജീനുള്ളവരെ' ബുദ്ധിജീവികളാക്കേണ്ടത് സെക്കുലര്‍ മാധ്യമങ്ങളുടെ താല്‍പര്യമാണ്; ന്യൂനപക്ഷ വിരോധികളുടെ ആവശ്യവും. അവരെ ബുദ്ധിജീവികളാക്കലല്ല പ്രധാനം; അവരല്ലാത്തവരെ മന്ദബുദ്ധികളാക്കലാണ്. കാര്യങ്ങള്‍ ഒരുവിധം ഇവ്വിധമായതില്‍ പിന്നെ, മതത്തിന്റെ ശരിതെറ്റുകള്‍ ബുദ്ധിജീവികള്‍ തീരുമാനിക്കുന്ന സ്ഥിതിയായി. മതദര്‍ശനങ്ങളുടെ ജനകീയ സാധ്യതകളെ സാംസ്‌ക്കാരികവല്‍ക്കരിക്കുകയെന്ന വ്യാജേന വിശ്വാസത്തിന്റെ തനിമയെ അവര്‍ തല്ലിക്കെടുത്തി. മതം അനുവദിക്കുന്ന മതേതരത്വത്തിനു പകരം മതത്തിനകത്ത് പുന:മതേതരവല്‍ക്കരണത്തിന് കാഹളം കൂട്ടി. ഫലത്തില്‍, 'മുസ്‌ലിം ബുദ്ധിജീവികള്‍' മറ്റൊരു ഇസ്‌ലാമുണ്ടാക്കി എന്നു പറയുന്നതാവും കൂടുതല്‍ ശരി.
ഇവിടെ വേറൊരു താത്വിക പ്രശ്‌നം കൂടിയുണ്ട്. നാളിതുവരെയായി കേരളത്തില്‍ ഒരു ഹിന്ദു ബുദ്ധിജീവിയോ, ക്രിസ്ത്യന്‍ ബുദ്ധിജീവിയോ രംഗത്തുവന്നതായി കാണുന്നില്ല. അതിനര്‍ത്ഥം മുസ്‌ലിം സമൂഹത്തിന്റെ പ്രധാന ഉല്‍സാഹം ബുദ്ധിജീവികളെ ഉല്‍പാദിപ്പിക്കലാണെന്നല്ല. ഇതര മത സമുദായത്തിനകത്തെ 'സെക്കുലര്‍ ബുദ്ധിജീവികളെ' അവരോ, അപരരോ, അവരുടെ മതങ്ങളുടെ വരവ് പുസ്തകങ്ങളിലേക്ക് ചേര്‍ത്തെഴുതുന്നില്ല എന്നതാണ് കാര്യം. അങ്ങനെയല്ലെങ്കില്‍, സി.ജെ. തോമസ് 'ക്രിസ്ത്യന്‍ ബുദ്ധിജീവിയും' വി.ടി. ഭട്ടതിരിപ്പാട് 'നമ്പൂതിരി ബുദ്ധിജീവിയും' എം. ഗോവിന്ദന്‍ 'നായര്‍ ബുദ്ധിജീവിയും' പി.കെ. ബാലകൃഷ്ണന്‍ 'ഈഴവ ബുദ്ധിജീവി'യുമാകുമായിരുന്നു.
ആക്ടിവിസ്റ്റുകളെയും പുരോഗമനവാദികളെയും അവര്‍ ജനിച്ചു വളര്‍ന്ന മത-ജാതികളിലേക്ക് ചേര്‍ത്ത് ബുദ്ധിജീവിപ്പട്ടം നല്‍കുന്നത് ധൈഷണിക വര്‍ഗീയതയെ ഉണര്‍ത്താനേ ഉപകരിക്കുകയുള്ളൂ. കണക്കുകളുടെ കള്ളിവരഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രൊഫഷണല്‍ മേഖലകളിലെയും വിവിധ ഉദ്യോഗ രംഗങ്ങളിലെയും മുസ്‌ലിം പ്രാതിനിധ്യങ്ങള്‍ അടയാളപ്പെടുത്തുന്നത് പോലെയാണിപ്പോള്‍ അവര്‍ക്കിടയിലെ ബുദ്ധിജീവികളെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ മഷി/നിറ- മിട്ട് കണ്ടെത്തുന്നത്.
ബി.ജെ.പിയിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേയുമൊക്കെ 'മുസ്‌ലിം നേതാക്കളെ' കണ്ടെത്തുന്നതിന്റെ ഔല്‍സുക്യവും ഇപ്പറഞ്ഞതിന്റെ ഭാഗമാണ്. ഇ.എം.എസ്. 'നമ്പൂതിരി നേതാവാ'കാത്ത പാര്‍ട്ടിയില്‍ ടി.കെ. ഹംസ 'മുസ്‌ലിം നേതാവ്' ആകുന്നതിലെ അയുക്തികത ചെറുതല്ല. ഗാന്ധിജി ദേശീയ നേതാവാകുന്നതും അബ്ദുല്‍ കലാം ആസാദ് മുസ്‌ലിം നേതാവാകുന്നതും ഇതേ വൈരുധ്യം തന്നെ. രവീന്ദ്രനാഥ ടാഗോര്‍ ദേശീയ കവിയാകുമ്പോള്‍ അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ മുസ്‌ലിം ദാര്‍ശനിക കവി മാത്രമാകുന്നതും, വിരാട് കോഹ്‌ലി ദേശീയ താരമാകുമ്പോള്‍ ഇര്‍ഫാന്‍ പഠാന്‍ 'ടീമിലെ മുസ്‌ലിം' ആകുന്നതുമെല്ലാം നിര്‍വചനത്തിലെ വിവേചനമാണ്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഇപ്പോഴും മതേതര വിശകലനങ്ങളില്‍ പോലും ദേശീയ നേതാവല്ല. കേരളത്തിലെ 'മുസ്‌ലിം സാമൂഹിക പരിഷ്‌കര്‍ത്താവിനെ'യും 'മുസ്‌ലിം സ്വാതന്ത്ര്യ സമര പോരാളി'യെയും കണ്ടെത്താനാണ് അബ്ദുറഹ്മാന്‍ സാഹിബിനെ പലപ്പോഴും ചര്‍ച്ച ചെയ്യുന്നത്. മന്ത്രിസഭയിലെ 'ഏക മുസ്‌ലിമും' ടീമിലെ 'ഏക മുസ്‌ലിമുമെല്ലാം' ചരിത്രപരമായ ആ പാര്‍ശ്വവല്‍ക്കരണത്തിന്റെ ഇരകള്‍ മാത്രം. മുസ്‌ലിം സമുദായത്തിനകത്തെ, അഭ്യസ്തവിദ്യരില്‍ പോലും പീഢിതബോധം തിരുകിക്കയറ്റി അവരുടെ ആത്മവീര്യം നിര്‍വീര്യമാക്കുക തന്നെയാണ് ലക്ഷ്യം. അപ്പോള്‍, ദേശീയതയോടും സെക്കുലറിസത്തോടും സ്വാതന്ത്ര്യലബ്ധി അതിന്റെ വാര്‍ധക്യത്തിലെത്തിയിട്ടും, മുസ്‌ലിംകള്‍ക്ക് അലിഞ്ഞുചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നതാകാം ശരി. 'മുസ്‌ലിം' എന്ന നാമത്തെ ഒരുതരം അപരത്വവല്‍ക്കരണം നടത്തി വേറിട്ടും വരയിട്ടും നിര്‍ത്താനാണ് അവര്‍ക്കിമ്പം.
ജനാധിപത്യം അനുവദിക്കുന്ന ആവിഷ്‌ക്കാര വൈവിധ്യങ്ങള്‍ മുസ്‌ലിംകള്‍ക്കും അവകാശപ്പെട്ടതാണ്. അവര്‍ക്ക് മാത്രം സ്വത്വ വിഭാഗീകരണവും സ്വത്വ രാഷ്ട്രീയവും എന്നത് ശരിയല്ല. 'മുസ്‌ലിം ബുദ്ധിജീവി' എന്നത് പടികടന്ന് കടന്ന് 'മുസ്‌ലിം യുക്തിവാദി', 'മുസ്‌ലിം നിരീശ്വരവാദി' തുടങ്ങിയ അസംബന്ധങ്ങളിലേക്കും 'മുസ്‌ലിം മോഷ്ടാവ്', 'മുസ്‌ലിം അഴിമതി വീരന്‍', 'മുസ്‌ലിം വേശ്യ' തുടങ്ങിയ ആക്ഷേപ ഹാസ്യങ്ങളിലേക്കും മാധ്യമ വിശകലനങ്ങള്‍ ദിശതെറ്റുന്ന കാലം അസംഭവ്യമൊന്നുമല്ല.
മതത്തിന്റെ പ്രാമാണികതയുമായി ബന്ധപ്പെട്ട ഒരു വിഷയം കൂടി ഇവിടെയുണ്ട്. കണിശവും കര്‍ശനവുമായ ഇസ്‌ലാമിന്റെ ആദര്‍ശസംഹിതയും അനുഷ്ഠാന സംവിധാനവും, സമഗ്രവും അന്യൂനവുമാണെന്നും സാര്‍വകാലികവും സകല ജനീനവുമാണെന്നും വിശ്വസിക്കല്‍ മതത്തിന്റെ നിര്‍ബന്ധ കീര്‍ത്തനങ്ങളിലൊന്നാണ്. കാലാനുസൃതമായി വന്നുചേരുന്ന സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ അകത്ത് നിന്ന് അടരാടുന്ന പരിഷ്‌ക്കര്‍ത്താക്കള്‍ സ്വാഭാവികമാണ്. പ്രാമാണികമായ സങ്കലന-വിശകലനങ്ങള്‍ അവര്‍ നടത്തില്ല. മറിച്ച് മതത്തിന്റെ നിലപാടുകളെ സ്വേഷ്ട പ്രകാരം വ്യാഖ്യാനിക്കുന്നതിനെതിരെയാണ് സകല പരിഷ്‌ക്കര്‍ത്താക്കളും രംഗത്ത് വന്നത്. ഓരോ നൂറ്റാണ്ടിലും/കാലഘട്ടത്തിലും ഓരോ മുജദ്ദിദ് (പരിഷ്‌ക്കര്‍ത്താവ്) സമുദായത്തിലുണ്ടാകുമെന്ന് പ്രവാചക വചനവുമുണ്ട്. ലിബറല്‍ വീക്ഷണത്തില്‍ സെക്കുലര്‍ മാനദണ്ഡമനുസരിച്ച് അത്തരം പരിഷ്‌ക്കര്‍ത്താക്കള്‍ മതമൗലികവാദികളാണ്. ഇമാം ഗസ്സാലിയെയും ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവിയെയും അഹ്മദ് സര്‍ഹിന്ദിനെയും എന്തിനധികം, സര്‍ സയ്യിദ് അഹ്മദ് ഖാനെ പോലും ആരും 'മുസ്‌ലിം ബുദ്ധിജീവി'യായി പരിഗണിക്കാറില്ലല്ലോ. പണ്ഡിതരും പരിഷ്‌ക്കര്‍ത്താക്കളും മാത്രമാണവരെന്നാണല്ലോ പൊതുധാരണ. മാത്രവുമല്ല, അത്തരക്കാരില്‍ പലരും ഉഗ്രവാദികളും യാഥാസ്ഥികരുമാണ് ലോകത്തിന്റെ കണ്ണില്‍. 'ബുദ്ധിജീവി' എന്ന വിശേഷണനാമത്തിന്റെ സാങ്കേതികാര്‍ത്ഥം മതപരമായി അംഗീകരിക്കാമെങ്കിലും മതത്തിന്റെ കാര്യത്തില്‍ അംഗീകരിക്കാനാവില്ല. ആശയ ലോകത്ത് ചെറുതോ വലുതോ ആയ സൃഷ്ടികള്‍ ഉല്‍പാദിപ്പിക്കുന്നവരാണ് ബുദ്ധിജീവികള്‍. അറിവിന്റെയും അനുഭവത്തിന്റെയും പിന്‍ബലത്തില്‍, ആലോചനയുടെ മുന്നേറ്റത്തിലൂടെ നടപ്പുരീതികളെ പ്രകോപിപ്പിച്ചും സ്വപ്‌നസങ്കല്‍പങ്ങളെ പ്രചോദിപ്പിച്ചും വിശ്വാസത്തിന് കോമണ്‍സെന്‍സ് പകരാന്‍ പാട് പെടുന്നവരാണ് 'ബുദ്ധിജീവി'യെങ്കില്‍ അത്തരമൊരു 'മുസ്‌ലിം ബുദ്ധിജീവി' മതത്തിനാവശ്യമില്ല. അതുകൊണ്ട് അത്തരക്കാരെ 'സെക്കുലര്‍ ബുദ്ധിജീവി' എന്നു വിളിക്കുന്നത് തന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ ശരി.
സാമൂഹിക മണ്ഡലങ്ങളില്‍ നിന്ന് മുസ്‌ലിമിനെ മാത്രം കണ്ടെത്തുക വഴി സമുദായത്തിന്റെ പൊതുസ്വരങ്ങള്‍ കെട്ടടങ്ങുകയും അരികുവല്‍ക്കരണം അനിയന്ത്രിതമാവുകയുമാണ് ചെയ്യുന്നത്. 'മുസ്‌ലിം ബുദ്ധിജീവി' എന്ന വിശേഷണത്തിന്റെ നിലവിലുള്ള ഉപയോക്താക്കളുടെ അടിസ്ഥാനം ചോദ്യം ചെയ്യുകയല്ല ഇവിടെ. മുസ്‌ലിം സമുദായത്തെയും കോമണ്‍ സ്ട്രീമിനെയും ഒന്നിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുള്ള സമുദായത്തിനകത്തെ സെക്കുലര്‍ ബുദ്ധിജീവികളുടെ വംശനാശം; ഇത്ര ആഘോഷപൂര്‍വം ഏറ്റെടുക്കുന്നതിന്റെ അപകടവശം തുറന്നിടുന്നു എന്നേയുള്ളൂ. വിശ്വാസ സാമുദായികതയും ചില പൊതു പ്രധാന ഘട്ടങ്ങളില്‍ സാമൂഹിക സാമുദായികതയും മുസ്‌ലിംകള്‍ക്ക് ആവശ്യമാണ്. അത്തരം സന്ദര്‍ഭത്തില്‍ ചില മതേതര ബുദ്ധിജീവികളെ നമുക്കാവശ്യമാകും. അതിനാല്‍ 'മുസ്‌ലിം ബുദ്ധിജീവി'കളെ നമുക്ക് വേണ്ട; സെക്കുലര്‍ ഇന്റലക്ച്വല്‍ മാത്രം മതി; കാരണം മതത്തിന് വേണ്ടാത്തതൊക്കെ നമുക്ക് അമിതമാണ്.- ശുഐബ് ഹൈതമി വാരാമ്പറ്റ(അവ.ചന്ദ്രിക )