മുജാഹിദ് സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫീക്ക റലിയുടെ തൗഹീദ് (ശിർക്ക്? )ചടങ്ങ് . |
കോഴിക്കോട്: മുജാഹിദ് (എ പി വിഭാഗം കെ എന്‍ എമ്മില്‍) നിലവിളക്ക് വിവാദം കത്തിയാളുന്നു. സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫീക്കറലി കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തിയതാണ് വിവാദമായത്. ഡോക്ടറുടെ നടപടി സംഘടനക്കകത്തും പുറത്തും വ്യാപകമായ പ്രതിഷേധത്തി നിടയാക്കിയിട്ടുണ്ട്.
സൊസൈറ്റി ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ഇന്ത്യയുടെ പതിനഞ്ചാമത് ദേശീയ സമ്മേളനത്തിന്റെ (എംകോ) ഭാഗമായി നടന്ന പ്രീകോണ്‍ഫറന്‍സിലാണ് സംഘാടക സമിതി സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഡോ. സുല്‍ഫിക്കറലി നിലവിളക്ക് കൊളുത്തിയത്. സ്‌റ്റേജില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍ നിലവിളക്ക് കൊളുത്തുന്നതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചതോടെ സംഭവം ചൂടേറിയ ചര്‍ച്ചയാവുകയായിരുന്നു.
കെ എന്‍ എം(എ പി) പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നുവെങ്കിലും നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല. മറ്റു മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തതോടെ ഖേദപ്രകടനവുമായി ഡോക്ടര്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും അണികള്‍ പോലും അത് മുഖവിലക്കെടുത്തിട്ടില്ല. തങ്ങളുടെ ചടങ്ങില്‍ വെച്ച് വിളക്ക് കത്തിച്ചത് മതപരമായ വീഴ്ചയാണെന്നും അത് തന്റെ മാത്രം തെറ്റായി കണക്കാക്കണമെന്നുമാണ് ഡോക്ടര്‍ പ്രസ്താവനയിറക്കിയിട്ടുള്ളത്. എന്നാല്‍, അറിഞ്ഞ് കൊണ്ട് ചെയ്ത തെറ്റ് എന്ന നിലക്ക് ഇതിനെ നിസ്സാരമായി കാണാനാവില്ലെന്ന് കെ എന്‍ എം(എ പി വിഭാഗം) സംസ്ഥാന നേതാവ് വര്‍ത്തമാനത്തോട് പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തിന് നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും പൊതുസമൂഹത്തില്‍ മുസ്ലിംകളുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ച് വരുന്ന ചര്‍ച്ചാവിഷയമായതിനാല്‍ ഇത് സംബന്ധിച്ച് ഏതൊരു കൊച്ചുകുട്ടിക്ക് പോലും ധാരണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഡോക്ടര്‍ക്ക് പിന്തുണയുമായി ഒരു വിഭാഗം രംഗത്ത് വന്നതോടെ എ പി വിഭാഗത്തിലെ ചേരിതിരിവ് രൂക്ഷമായിട്ടുണ്ട്. യുവജന വിഭാഗം നേതാക്കളും പ്രവര്‍ത്തകരുമാണ് ഡോക്ടര്‍ക്ക് പിന്തുണയുമായി രംഗത്തുള്ളത്. ക്ഷമാപണം നടത്തിയിട്ടും സംഭവം ഊതി വീര്‍പ്പിച്ച് വിവാദമാക്കുകയും നടപടിക്കൊരുങ്ങുകയുമാണെങ്കില്‍ സമാനമായ വീഴ്ച വരുത്തിയ മറ്റു ഭാരവാഹികള്‍ക്കെതിരിലും രംഗത്ത് വരുമെന്നാണ് അവരുടെ നിലപാട്. പ്രസിഡന്റിനും വ്യവസായിയായ വൈസ് പ്രസിഡന്റിനും പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിക്കുമെതിരിലുമൊക്കെയുള്ള തെളിവുകള്‍ അവര്‍ ഹാജരാക്കുന്നുണ്ട്.(അവ.ഓണ്‍ലൈൻ ഡസ്ക്)