ഹമീദ് മുസ്‌ലിയാരുടെ കുടുംബത്തിന് താങ്ങായി നാട്ടുകാര്‍

അരീക്കോട്: അകാലത്തില്‍ അര്‍ബുദരോഗം തട്ടിയെടുത്ത ഊര്‍ങ്ങാട്ടിരി കുത്തൂപറമ്പിലെ മുന്നക്കണ്ടി ഷാഹുല്‍ഹമീദ് മുസ്‌ലിയാരുടെ (42) പറക്കമുറ്റാത്ത മൂന്നുമക്കളെയും നിരാലംബയായ ഭാര്യയെയും സംരക്ഷിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ രൂപംകൊണ്ടു.

കുത്തൂപറമ്പ് ജുമാമസ്ജിദിന്റെയും മദ്രസയുടെയും മൈത്ര അനാഥാലയത്തിന്റെയും വളര്‍ച്ചയ്ക്കുവേണ്ടി ജീവിച്ച ഹമീദ്മുസ്‌ലിയാര്‍ക്ക് ഇതിനിടയില്‍ സ്വന്തമായി ഒരുവീട് ഇനിയുമായിട്ടില്ല. ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഒരു കൊച്ചുവീടിന്റെ പണി തുടങ്ങിയതെങ്കിലും മുസ്‌ലിയാരുടെ ചികിത്സമൂലം പാതിവഴിയില്‍ കിടക്കുകയാണ്.

മഹല്ല് പ്രസിഡന്റ് എം.ടി. വീരാന്‍ഹാജി ചെയര്‍മാനും ഖത്തീബ് കെ.കെ. വീരാന്‍കുട്ടി ഫൈസി കണ്‍വീനറുമായാണ് നാട്ടുകാരുടെ കമ്മിറ്റി രൂപവത്കരിച്ചത്. ഫണ്ട് രൂപവത്കരണം പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു.