പുഴയെടുത്ത കൂട്ടുകാര്‍ക്ക് ദാറുല്‍ഹുദ കണ്ണീരോടെ വിടനല്‍കി

അബ്ദുറഹ്‌മാന്റെ മയ്യത്ത്‌ നിസ്‌കാരത്തിന്‌ പാണക്കാട്‌  സയ്യിദ് ഹൈദരലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കുന്നു.
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ മുങ്ങിമരിച്ച പ്രിയ കൂട്ടുകാര്‍ക്ക് ദാറുല്‍ഹുദാ കാമ്പസ് കണ്ണീരോടെ വിട നല്‍കി.
ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ പിജി വിഭാഗം വിദ്യാര്‍ഥികളായ മുഹമ്മദ് ഹാരിസ് (20), അബ്ദുറഹ്മാന്‍ (20) എന്നിവരാണ് പുഴയില്‍ മുങ്ങി മരിച്ചത്. ബുധനാഴ്ച വൈകീട്ട് കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.
അപകട വിവരം അറിഞ്ഞ നിമിഷം ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെല്ലാം പുഴയോരത്തേക്ക് ഒഴുകുകയായിരുന്നു. 12 വര്‍ഷമായി മമ്പുറം ആണ്ടുനേര്‍ച്ചയുടെ നടത്തിപ്പ് ചുമതല ദാറുല്‍ ഹുദയ്ക്കാണ്.
ഇവിടുത്തെ വിദ്യാര്‍ഥികളാണ് മഖാമിലെ വളണ്ടിയര്‍മാര്‍.
അബ്ദുറഹ്മാന്റെ മൃതദേഹം ബുധനാഴ്ച രാത്രി എട്ടരയോടെയും ഹാരിസിന്റെത് വ്യാഴാഴ്ച ഉച്ചയോടെയും കണ്ടെടുത്തു. കാമ്പസിനും വിദ്യാര്‍ഥികള്‍ക്കും ആശ്വാസമേകാന്‍ മത-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ദാറുല്‍ഹുദയിലെത്തിയിരുന്നു.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം എം.എല്‍.എ, പി.കെ. അബ്ദുറബ് എം.എല്‍.എ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, അരിമ്പ്ര മുഹമ്മദ്, ദാറുല്‍ഹുദ ഭാരവാഹികളായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പ്രൊഫ. യു.വി.കെ. മുഹമ്മദ്, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി എന്നിവര്‍ കാമ്പസിലെത്തി.
ദാറുല്‍ഹുദയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.