ചെന്നിത്തലയുടെ കത്ത് അസ്വീകാര്യം : സുന്നി നേതാക്കള്‍

കോഴിക്കോട് : കാന്തപുരം വിഭാഗത്തെ എതിര്‍ക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്നും ഇതര വിഭാഗങ്ങളുമായുള്ള സംഘര്‍ഷങ്ങളില്‍ കാന്തപുരത്തിന്റെ കൂടെയായിരിക്കും ആഭ്യന്തരവകുപ്പെന്നും വ്യക്തമാക്കുന്ന വിധം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മാര്‍ച്ച് 1 ന് നടത്തിയ പ്രസംഗം അടിയന്തിരമായി തിരുത്തിയേ തീരൂ എന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്ത്വഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 8 ന് ഈ ആവശ്യം ഉന്നയിച്ച് മന്ത്രിക്ക് നല്‍കിയ കത്തിന്റെ കോപ്പി മുഖ്യമന്ത്രി, കെ.പി.സി.സി.പ്രസിഡണ്ട്, യു.ഡി.എഫ്.കണ്‍വീനര്‍, മുസ്ലീംലീഗ് നിയമസഭ കക്ഷി ലീഡര്‍ എന്നിവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു മറുപടിയായി ആഭ്യന്തര മന്ത്രി ചെന്നിത്തല ഇന്നലെ അയച്ച കത്ത് അസ്വീകാര്യമാണെന്ന് നേതാക്കള്‍ അറിയിച്ചു.
എക്കാലവും യു.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും, ഇപ്പോള്‍ മോഡിക്ക് പരോക്ഷമായ പിന്തുണ നല്‍കുകയും, മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനും, കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ശ്രമിക്കുന്ന കാന്തപുരത്തെ ഏതര്‍ത്ഥത്തിലാണ് നിയമം മറികടന്ന് കൊണ്ട് സംരക്ഷിക്കുമെന്ന് മന്ത്രി പറയുന്നത് ? കാന്തപുരത്തിന്റെ വ്യാജമുടിക്കും ആത്മീയ ചൂഷണങ്ങള്‍ക്കും അനുകൂലമായി കോടതിയില്‍ അഫിഡവിറ്റ് നല്‍കി വിവാദം സൃഷ്ടിച്ചതും ഈ മന്ത്രി കെ.പി.സി.സി. പ്രസിഡണ്ടും കോണ്‍ഗ്രസ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന ഘട്ടത്തിലാണെന്നത് ശ്രദ്ധേയമാണ്കാന്തപുരത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ മുടക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും ആ മുടക്കികളെ മറികടന്നാണ് ഞാന്‍ പങ്കെടുത്തതെന്നും പറയുന്ന മന്ത്രി ആരാണീ മുടക്കികള്‍ എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
ഒമ്പതിനായിരത്തി നാനൂറ് മദ്രസകളും അയ്യായിരത്തില്‍പരം മുസ്ലീം മഹല്ല് ജമാഅത്തുകളും നിയന്ത്രിക്കുന്ന സമസ്ത യെ കുത്തിനോവിച്ചും അഞ്ഞൂറ് മദ്രസകള്‍ പോലും ഇല്ലാത്ത ദുര്‍ബ്ബല വിഭാഗങ്ങളെ അന്യായമായി പരിരക്ഷിക്കുകയും ചെയ്ത് മുന്നോട്ട് പോകാനുള്ള ആഭ്യന്തരവകുപ്പ് മന്ത്രിയുടെ നീക്കം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ട് തടഞ്ഞിട്ടില്ലെങ്കില്‍ അതിനാല്‍ വരുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും അവര്‍ തന്നെയായിരിക്കും ഉത്തരവാദികള്‍ എന്ന് സുന്നീ നേതാക്കള്‍ അറിയിച്ചു.
- SKSSF STATE COMMITTEE