കാസര്‍കോട് : ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ ഖുത്തുബ ആരംഭിക്കാന്‍ നേരത്ത് മാണിമൂല ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റി അംഗവും ദീര്‍ഘകാലം സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു വന്നിരുന്ന എന്‍.എ. അബ്ദുള്‍ഖാദര്‍ ഹാജിയെ എ.പി.വിഭാഗം സാമൂഹ്യ ദ്രോഹികള്‍ വധിക്കാന്‍ ശ്രമിച്ചത് പ്രസ്തുത വിഭാഗത്തിന്റെ ഭീരുത്വമാണ് സൂചിപ്പി ക്കുന്നതെന്ന് എസ്.വൈ.എസ്. ഉദുമ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ശാഫിഹാജി കട്ടക്കാല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ഹമീദ് കുണിയ, താജുദ്ദീന് ചെമ്പരിക്ക, ഷാഫി ഹാജി ബേക്കല്‍, എം.ജി.മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലുള്ള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് പ്രകാരം പ്രവര്‍ത്തിച്ചു വരുന്ന നൂറുല്‍ ഹുദാ മദ്രസ്സയും സുന്നി മഹല്‍ ഫെഡറേഷന്റെ കീഴിലുള്ള മാണിമൂല മഹല്ലും പിടിച്ചെടുക്കാന്‍ വിഘടിത വിഭാഗം ഒരു വര്‍ഷത്തിലധികമായി പല കള്ളക്കളികളും കളിച്ച് നോക്കി. ജമാഅത്തിന്റെ നിലവിലുള്ള ഭരണഘടന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസിലേക്ക് മാറ്റാന്‍ വേണ്ടി വിഘടിത വിഭാഗം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഗള്‍ഫിലുള്ള ആളുകളും മൈനര്‍മാരായ കുട്ടികളും ജമാഅത്തില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പ് റിലീസ് വാങ്ങി പോയവരും ജനറല്‍ബോഡിയില്‍ വോട്ടവകാശമില്ലാത്ത സ്ത്രീകളും ഉള്‍പ്പെടെ പത്തോളം ആളുകളുടെ വ്യാജ ഒപ്പുകളിട്ട് അപേക്ഷ സമര്‍പ്പിച്ചത് തന്നെ വിഘടിത വിഭാഗം മദ്രസ്സകളും മഹല്ലുകളും പിടിച്ചെടുക്കാന്‍ വേണ്ടി ഏത് കള്ളക്കളികളും നടത്തുമെന്നതിനുള്ള ഉദാഹരണമാണ്.
പരിപാവനമായ പള്ളിക്കകത്ത് കത്തിയും സൈക്കിള്‍ ചൈനും വടിവാളുകളും കൊണ്ടുവരുന്നവര്‍ ആരാധനാ കര്മ്മങ്ങള്ക്കാണോ വരുന്നതെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തന്നെ രണ്ട് ഖത്തീബ്മാരെ ആക്രമിച്ചതും ഖാദര്‍ ഹാജിയെയും മഹല്ല് സെക്രട്ടറി അയൂബിനെയും പല തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും വിഘടിത വിഭാഗത്തിന്റെ ഭീരുത്വമാണ് വ്യക്തമാക്കുന്നത്.
ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ സാധിക്കാത്ത വിഘടിത വിഭാഗം അക്രമങ്ങള്‍ നടത്തി മഹല്ല് ജമാഅത്തുകളും മദ്രസ്സകളും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് അസത്യങ്ങള്‍ പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കുന്നതും പ്രസ്തുത വിഭാഗത്തിന്റെ ഭീരുത്വമാണ് പ്രകടമാക്കുന്നതെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.