മഹല്ല് ജമാഅത്തുകള്‍ക്ക് അവാര്‍ഡും ഗ്രേഡിംഗും ഏര്‍പ്പെടുത്തും : സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നു
പെരിന്തല്‍മണ്ണ : മികച്ച സേവനം കാഴ്ച വെക്കുന്ന മഹല്ല് ജമാഅത്തുകള്‍ക്ക് സംസ്ഥാന തലത്തില്‍ അവാര്‍ഡും ഗ്രേഡിംഗും ഏര്‍പ്പെടുത്തുമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസാണ് ശിഹാബ് തങ്ങളുടെ പേരില്‍ മികച്ച മഹല്ലിന് അവാര്‍ഡ് നല്‍കുക. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ നടക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ മഹല്ല് എന്ററോള്‍മെന്റ് പേരാമ്പ്രയിലെ ജബലുന്നൂറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. മഹല്ല് ശാക്തീകരണ പദ്ധതിയില്‍ അംഗത്വം നേടുന്ന മഹല്ല് ജമാഅത്തുകളില്‍ സമ്പൂര്‍ണ്ണ സര്‍വ്വേ നടത്തി, മഹല്ലില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ മുന്‍ഗണന നിശ്ചയിക്കും. ഖതീബുമാര്‍, ഭാരവാഹികള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി നിരന്തര പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യഭ്യാസം, ദഅ്‌വത്, റിലീഫ്, സന്നദ്ധ സേവനം, തര്‍ക്ക പരിഹാരം, ഗൈഡന്‍സ് തുടങ്ങിയ മഹല്ലുകളുടെ വിവിധ കര്‍മ്മ മേഖലകളെ വിലയിരുത്തിയാണ് അവാര്‍ഡും ഗ്രേഡിംഗും നിര്‍ണയിക്കുകയെന്ന് തങ്ങള്‍ പറഞ്ഞു.
ചടങ്ങില്‍ സി.എസ്.കെ തങ്ങള്‍ കുറ്റിയാടി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ജാമിഅഃ സെക്രട്ടറി കെ.മമ്മദ് ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, റഫീഖ് സകരിയ്യ ഫൈസി കുടത്തായ്, ആബിദ് ഹുദവി തച്ചണ്ണ, അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി, കോയ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി ആക്കോട്, അഡ്വ. ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.