ഖാസി കേസ്; അച്ചന്‍ പത്തായത്തിലില്ലെന്ന് വിളിച്ച് പറയേണ്ട : റഷീദ് ബെളിഞ്ചം

കാസറകോട് : മംഗലാപുരം - ചെമ്പരിക്ക സംയുക്ത ഖാസിയും സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനുമായ സി. എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് എസ്. കെ. എസ്. എസ്. എഫ്. കാസറകോട് ജില്ലാ കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ജില്ലയിലെ പല മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകളും പിന്തുണപ്രഖ്യാപിച്ച് പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോള്‍ കാന്തപുരം ഗ്രൂപ്പിലെ ചില ഈര്‍ക്കിള്‍ നേതാക്കള്‍ പത്രമാധ്യമങ്ങളില്‍ പേര് വരാന്‍ വേണ്ടി പ്രസ്താവനയുമായി രംഗത്തു വന്നത് വിരോധാഭാസമാണെന്നും ഖാസി കേസിന്റെ ദുരൂഹത നീക്കണമെന്ന ആവശ്യം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ഈ വിഷയത്തില്‍ പരസ്യമായ പ്രക്ഷോഭത്തിനിറങ്ങാന്‍ കാന്തപുരം ഗ്രൂപ്പ് തയ്യാറുണ്ടോ എന്ന് എസ്. കെ. എസ്. എസ്. എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം പത്രക്കുറിപ്പില്‍ വെല്ലുവിളിച്ചു. ഇത്തരക്കാരുടെ പ്രസ്താവനകള്‍ അച്ചന്‍ പത്തായത്തിലില്ലെന്ന് പറയുന്നതിന്ന് തുല്ല്യമാണ്. ഖാസി സി. എം. ഉസ്താദ് മരണപ്പെടുന്നതിന്ന് മുമ്പ് തന്നെ മരിച്ചു എന്ന് പറഞ്ഞ് വ്യാപകമായി മെസ്സേജ് അയച്ചതും കര്‍ണ്ണാടകയിലെ മുല്‍ക്കി എന്നപ്രദേശത്ത് ജോലി ചെയ്തിരുന്ന സമസ്തയുടെ പ്രവര്‍ത്തകനായ പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ഹമീദ് മദനിയെ ചെമ്പരിക്ക ഖാസിയെ കൊലപ്പെടുത്തിയ രൂപത്തില്‍ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ പറഞ്ഞയച്ച് വധിക്കാന്‍ ശ്രമിക്കുകയും ഈ അടുത്ത് ഖാസി കൂടിയായ അയിനിക്കാട് ഇബ്രാഹിം മുസ്ലിയാരെ ഫോണ്‍ വിളിച്ച് നിങ്ങള്‍ക്കും സി. എം. ന്റെ ഗതിവരുമെന്ന് ഭീഷണിപ്പെടുത്തിയത് ആരാണെന്നും പൊതുസമൂഹത്തിനറിയാമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ചേകന്നൂര്‍ മൗലവി തിരോധാന സി. ബി. ഐ അന്വേഷണം സാമ്പത്തിക പ്രലോഭനം മുഖേന വഴി തിരിച്ചു വിട്ടവര്‍ ഖാസി കേസ് അന്വേഷണവും വഴി തിരിച്ച് വിടുന്നുണ്ടോ എന്ന് മുസ്ലിം സമൂഹം സംശയിക്കുന്നതില്‍ തെറ്റില്ലെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee