മാണിമൂല സംഭവം അപലപനീയം : സമസ്ത ജില്ലാ മുശാവറ

കാസര്‍കോട് : വളരെ ഐക്യത്തോടെയും സാഹോദര്യത്തോടെയും ജീവിച്ചിരുന്ന മാണിമൂലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ ഖുത്വുബ ആരംഭിക്കാനിരിക്കെ ജമാഅത്ത് മുന്‍ പ്രസിഡണ്ടും എസ്.വൈ.എസ്. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ എന്‍.. അബ്ദുല്‍ ഖാദര്‍ ഹാജിയേയും സുന്നി പ്രവര്‍ത്തകരേയും വദിക്കാന്‍ ശ്രമിച്ച സംഭവം യഥാര്‍ത്ഥ മുസ്‌ലിമീങ്ങളില്‍നിന്ന് പാടില്ലാത്തതാണെന്ന് സമസ്ത കാസര്‍കോട് ജില്ല മുശാവറ അഭിപ്രായപ്പെട്ടു. സത്യം മനസ്സിലാക്കിയതിനാല്‍ അനുയായികള്‍ മാതൃസംഘടനയിലേക്ക് കൂട്ടംകൂട്ടമായി കടന്നുവരുന്നതിലുള്ള ജാള്യത മറച്ചുവെക്കാന്‍ വേണ്ടി വിഘടിതര്‍ ആസൂത്രിതമായി നടത്തുന്ന കൊലവിളിയുടെ ഭാഗമാണിതെന്നും സുന്നി പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും അക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും മുശാവറ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. എം.എസ്. തങ്ങള്‍ മദനി, പയ്യക്കി അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍, എം.. ഖാസിം മുസ്‌ലിയാര്‍, അബ്ദുല്‍ സലാം ദാരിമി, ചെങ്കളം അബ്ദുല്ല ഫൈസി, എന്‍.പി. മുഹമ്മദ് ഫൈസി, സംശുദ്ദീന്‍ ഫൈസി, ചെര്‍ക്കളം അഹമ്മദ് മുസ്‌ലിയാര്‍, ആലി മുസ്‌ലിയാര്‍, ഉസ്മാന്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, എം. മൊയ്തു മൗലവി, പി.എസ്. ഇബ്രാഹീം ഫൈസി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.