മതപൈതൃകം; ജമാഅത്തെ ഇസ്ലാമിയുടെ അവകാശ വാദം കാപട്യം : SKSSF

കോഴിക്കോട് : പ്രതിലോമകരമായ മതരാഷ്ട്രവാദത്തിന്റെ അപ്രായോഗികത മനസ്സിലാക്കിയ ഇസ്ലാമിക രാജ്യങ്ങളിലെ ധൈഷണിക സമൂഹം ജനാധിപത്യ വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ജനപക്ഷമുന്നേറ്റമാണ് അറബ് വസന്തത്തില്‍ പ്രകടമായത്. കമ്മ്യൂണിസത്തിന്റെ പ്രായോഗിക പരാജയം മറച്ചുവെക്കാന്‍ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടികള്‍ ഇപ്പോള്‍ നടത്തിവരുന്ന അടവുനയങ്ങളുടെ രീതി സ്വീകരിച്ചു തന്നെയാണ് മൗദൂദിസത്തിന്റെ പരാജയം മറച്ചുവെക്കാന്‍ പുതിയ പദ്ധതികള്‍ ജമാഅത്തെ ഇസ്ലാമി ആവിഷ്‌കരിക്കുന്നതെന്ന് SKSSF റിപ്പബ്ലിക് ദിനത്തില്‍ പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതപൈതൃകവും മതരാഷ്ട്ര വാദവും ടേബിള്‍ ടോക് അഭിപ്രായപ്പെട്ടു.
മുസ്ലിം ഹെറിറ്റേജ് കോണ്‍ഫ്രന്‍സ് എന്ന ചരിത്ര സെമിനാറിന്റെ മറവില്‍ ജനാധിപത്യ പാര്‍ട്ടികളെ കബളിപ്പിക്കാനുള്ള അടയാളങ്ങള്‍ തേടി അലയുകയാണ് അതിന്റെ സംഘാടകര്‍ ചെയ്തത്. മുസ്ലിം പണ്ഡിതലോകത്തിന്റെ ശ്രദ്ധ നേടിയ മഹാരഥരായ മഖ്ദൂമുമാരും, ഉമര്‍ ഖാസിയും, മമ്പുറം തങ്ങളും നാട്ടുരാജാക്കന്മാരുടെ കീഴില്‍ നിന്ന് കൊണ്ടാണ് സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നടത്തിയത്. ബഹുസ്വര സമൂഹത്തിന്റെ പാരസ്പര്യത്തെ അംഗീകരിച്ച് മതധാര്‍മ്മിക മൂല്യങ്ങളെ പ്രചരിപ്പിക്കുകയും മത തത്വങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്ത പൂര്‍വ്വ സൂരികളായ പണ്ഡിതന്മാര്‍ മൗദൂദി മുന്നോട്ടുവെച്ച രാഷ്ട്രീയ ഇസ്ലാമിനെ ഒരു സ്ഥലത്തും പരാമര്‍ശിക്കുകയോ, നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. മോദിയെ മുന്നില്‍ നിര്‍ത്തി സംഘപരിവാര്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത വളര്‍ത്തുകയും ഗോള്‍വാള്‍ക്കറിസത്തിന് വൈകാരിക സിംബല്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ മതേതര സമൂഹത്തിന്റെ ഒന്നിച്ചുള്ള മുന്നേറ്റം തടസ്സപ്പെടുത്തുകയാണ് മൗദൂദിസത്തിന്റെ പുനര്‍ വായനയിലൂടെ സംഭവിക്കുന്നത്.
മഖ്ദൂമുമാര്‍ മമ്പുറം തങ്ങള്‍ , ആലി മുസ്ലിയാര്‍ , ഉമര്‍ ഖാസി, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മക്തി തങ്ങള്‍ തുടങ്ങിയ മലബാറിലെ മഹാരഥരുടെ പേരില്‍ നഗറുകള്‍ ഒരുക്കി ജമാഅത്തെ ഇസ്ലാമി കളിച്ച നാടകം മലബാറിലെ മുസ്ലിം മതപൈതൃകത്തെ വികൃതമാക്കാനെ ഉപകരിക്കുകയുള്ളു. മതേതര മുഖംമൂടിയണിഞ്ഞ ജമാഅത്തെ ഇസ്ലാമിയെ മനസ്സിലാക്കാന്‍ മതേതര ജനാധിപത്യ പാര്‍ട്ടികള്‍ തയ്യാറാവണമെന്നും SKSSF ടേബിള്‍ ടോക് ആവശ്യപ്പെട്ടു. കുഞ്ഞാലന്‍ കുട്ടി ഫൈസി അദ്ധ്യക്ഷതവഹിച്ചു. നാസര്‍ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി മലയമ്മ ചര്‍ച്ച നിയന്ത്രിച്ചു. സത്താര്‍ പന്തല്ലൂര്‍ , .പി അബ്ദുസ്സലാം (ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി), നിസാര്‍ ഒളവണ്ണ (ന്യൂസ് കേരള), ആശിഖ് ചെലവൂര്‍ (യൂത്ത്‌ലീഗ്), കെ.പി കോയ (സി.എച്ച് സെന്റര്‍ ), എഞ്ചിനീയര്‍ മാമുക്കോയ ഹാജി, അയ്യൂബ് കൂളിമാട്, ആര്‍.വി സലീം, ശുകൂര്‍ മാസ്റ്റര്‍ , നൂറുദ്ദീന്‍ ഫൈസി സംസാരിച്ചു. ടി.പി സുബൈര്‍ മാസ്റ്റര് സ്വാഗതവും ഒ.പി എം അഷ്‌റഫ് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE