മുസ്‌ലിം സമുദായത്തിന്റെ ദാരിദ്യമകറ്റാന്‍ വഖഫ് സ്വത്ത് ഉപയോഗപ്പെടുത്തണം: മന്ത്രി അലി

 പെരിന്തല്‍മണ്ണ : മുസ്‌ലിം സമുദായത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വഖഫ് സ്വത്തിന്റെ കാര്യക്ഷമമായ ഉപാേയഗത്തിലൂടെ സാധിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു. ജാമിഅ 51ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന വഖ്ഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നാലു ലക്ഷം ഏക്കര്‍ വഖ്ഫ് ഭൂമി രജിസ്റ്റര്‍ ചെപ്പെട്ടിരുന്നു. ഇന്നത് രണ്ടു ലക്ഷം ഏക്കര്‍ ആയി ചുരുങ്ങിയിരിക്കുന്നു. വന്‍ നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളും തിയേറ്ററുകളും വഖ്ഫ് സ്വത്ത് കൈയ്യേറ്റം ചെയ്തിരിക്കുന്നുവെന്ന് ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വഖ്ഫ് സ്വത്തിന്റെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് വഖ്ഫ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതു രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകമാകും, അദ്ദേഹം പറഞ്ഞു.
അന്യാധീനപ്പെട്ടു പോകുന്ന വഖ്ഫ് സ്വത്തുകള്‍ തിരിച്ചു പിടിക്കുകയും അതിന്റെ ഫലപ്രദമായ ഉപയോഗങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വഖ്ഫ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസകളുടെ മിച്ച സമയങ്ങള്‍ ഐ.ടി രംഗങ്ങളില്‍ ഉപയോഗപ്പെടുത്തണമെന്നും പ്രബോധന രംഗത്തെ ഐ.ടി സാധ്യതകള്‍ വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖ്ഫ് ഉടമാവകാശവും ഗുണഭോക്താക്കളും എന്ന വിഷയത്തില്‍ സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ സംസാരിച്ചു. അബ്ദു റഹ്മാന്‍ ഫൈസി അരിപ്ര, ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, പരീദ് ഹാജി പ്രസംഗിച്ചു.