മോഡിയുടെ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ കക്ഷിചേരണമെന്ന് മുസ്‍ലിം സംഘടനകള്‍


തിരുവനന്തപുരം: ന്യൂനപക്ഷപദ്ധതി കള്‍ക്ക് എതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാര്‍ കക്ഷി ചേരണമെന്ന് മുസ്‌ലിം സംഘടനകള്‍. ചില മുസ്‌ലിം സംഘടനകളും കേസില്‍ കക്ഷിചേരാനും സന്നദ്ധത അറിയിച്ചു.
വഖഫ് നിയമഭേദഗതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് മുസ്‌ലിംസംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് ചര്‍ച്ചക്ക് ശേഷം വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സച്ചാര്‍കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷ, വിദ്യാഭ്യാസ, പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികള്‍ അനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം വരുന്നത്. കേസിലെ സുപ്രീംകോടതി വിധി അവസാനവാക്കായിരിക്കും.
ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുകയെന്നത് സംസ്ഥാന, കേന്ദ്രസര്‍ക്കാറുകളുടെ നയമാണ്. അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നുമുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം നല്‍കരുതെന്ന് പറഞ്ഞ് ഒരു ഭരണകൂടം തന്നെ രംഗത്ത് വരുന്നത് ഗൗരവമായി കാണണം. രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ന്യൂനപക്ഷ, വിദ്യാഭ്യാസവകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതിക്ക് എതിരെ കോടതിയില്‍ ഹര്‍ജി വരുമ്പോള്‍ സംസ്ഥാനസര്‍ക്കാറിന് ഒരു നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


വഖഫ് നിയമം, ന്യൂനപക്ഷ ക്ഷേമപദ്ധികള്‍, വിവിധ കോടതികളിലെ കേസുകള്‍, ഇതില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ അടക്കമുള്ള വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിംസംഘടനകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ശരി അത്ത് നിയമവുമായി ബന്ധപ്പെട്ട് കോടതികളില്‍ വന്ന വിവിധ കേസുകളും വഖഫ് നിയമത്തിലെ ഭേദഗതി നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു.

വഖഫ് ബോര്‍ഡില്‍ വനിതാപ്രാതിനിധ്യം നല്‍കല്‍, വഖഫ് ഭൂമി കൈമാറല്‍, ലീസ്, വഖഫ് ഭൂമിയിലെ നിര്‍മാണം തുടങ്ങിയവയിലെല്ലാം പുതിയ നിര്‍ദേശങ്ങള്‍ ആക്ട് മുന്നോട്ടുവെക്കുന്നുണ്ട്. വഖഫ് ഭേദഗതി നിയമത്തില്‍ സ്വത്ത് അന്യാധീനപ്പെടുന്നത് തടയാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ കേരളത്തിലെ സാഹചര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യം പഠിച്ച ശേഷം പിന്നീട് അഭിപ്രായം അറിയിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. മുസ്‌ലിം വ്യക്തിനിയമത്തെ ചോദ്യം ചെയ്ത് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ചിരിക്കുന്ന സ്വകാര്യ അന്യായത്തില്‍ സര്‍ക്കാര്‍ സമുദായത്തിന് അനുകൂല നിലപാട് സ്വീകരിക്കമെന്നും ആവശ്യം ഉയര്‍ന്നു.

കുഞ്ഞാലിക്കുട്ടിക്ക് പുറമെ മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്‌ലിംലീഗ് സംസ്ഥാനസെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ്, മുന്‍ എം.എല്‍.എ പി.എം.എ.സലാം, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പാണക്കാട് സാദിഖലി ഷിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, അബ്ദുല്‍ ഖാദര്‍ മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.കെ മുഹമ്മദാലി, ഇസ്സുദ്ദീന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. ബഹാഉദ്ദീന്‍ കൂരിയാട്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അഡ്വ.പൂക്കുഞ്ഞ്, അഡ്വ പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, കെ.എം.എ റഹീം, അഡ്വ.കെ.എ ഹസന്‍, അഡ്വ താജൂദ്ദീന്‍, എന്‍. അലിയാരുകുട്ടി, പി. മുഹമ്മദ് കോയ, ടി.കെ സൈദാലിക്കുട്ടി, ഡോ.പി.നസീര്‍, സി.പി ഉമ്മര്‍ സുല്ലമി, തട്ടാമല അബ്ദുല്‍ അസീസ്, ഡോ.ഐ.പി അബ്ദുല്‍ സലാം, കൊയ്ത്തൂര്‍ക്കോണം അബ്ബാസ്, അഹമദ്കുട്ടി പുത്തലത്ത്, പി.കെ.കരിം, എം.അബൂബക്കര്‍ കുഞ്ഞ്, എ.നജീബ് മൗലവി, അബ്ദുല്‍ ഹക്കിം മൗലവി, അന്‍വര്‍ വഹാബ്, ഡോ. ഹുസൈന്‍ സഖാഫി, പ്രൊഫ.കെ.എം.എ റഹിം, പ്രൊഫ.ഒ.എ.ജെ ലബ്ബ, വഖഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.