ചക്കരക്കല്‍: കരീംഫൈസി എന്ന ഒരു യുവ പണ്ഡിതന്റെ അപകട മരണം ചക്കരക്കല്‍പ്രദേശത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. വിനയം കൊണ്ടും കര്‍മ്മം കൊണ്ടും ഒരു സമൂഹത്തെ കീഴടക്കിയ സുന്നി സംഘടനയുടെ യുവ നേതാവിന്റെ ആകസ്മികമായ വേര്‍പാട് താങ്ങാനാവാതെ ശിഷ്യഗണങ്ങളും നാട്ടുകാരും.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ വൈസ് പ്രസിഡന്റും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗവുമായ സി.പി.എ കരീംഫൈസിയുടെ വിയോഗമാണ്പ്രദേശത്തുകാരെ ദു:ഖത്തിലാക്കിയത്. തന്റെ കര്‍മ്മ വീഥിയില്‍ കേന്ദ്രീകരിച്ചിരുന്ന കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററിലേക്കുള്ള യാത്രയിലാണ് ഫൈസിയെ മരണം തട്ടിയെടുത്തത്.
എന്നും പുഞ്ചിരിച്ചു ജനങ്ങള്‍ക്കിടയില്‍ പ്രബോധനത്തിന്റെ വഴിത്താരയില്‍ സഞ്ചരിച്ച യുവ പണ്ഡിതന്റെ വേര്‍പാട് പെട്ടെന്നാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല.
മദ്രസ വിട്ടു രാവിലെ 10.30 തോടെയാണ് കരീംഫൈസിയും സഹപ്രവര്‍ത്തകനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സിദ്ദീഖ് ഫൈസി വെണ്‍മണലും കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. ഒരു വര്‍ഷം മുന്‍പ് വാങ്ങിയ കരീം ഫൈസിയുടെ ആക്ടീവ സ്‌കൂട്ടറിലായിരുന്നു യാത്ര.

ദുരന്ത വാര്‍ത്ത അറിഞ്ഞു സമസ്ത നേതാക്കളും നിരവധി പ്രവര്‍ത്തകരും ആസ്പത്രിയില്‍ ഓടിയെത്തി. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ ദാരുണ അന്ത്യം അറിഞ്ഞു വിതുമ്പുകയായിരുന്നു പലരും. ജില്ലാ ആസ്പത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മയ്യിത്ത് വൈകിട്ട് 6 മണിയോടെ സീത്തയില്‍ പൊയിലിലെ വീട്ടിലെത്തിച്ചു. ഈ സമയം സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയത്.
പണ്ഠിത നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഏറെ നേരം കാത്തുനില്‍ക്കുകയായിരുന്നു ഇവര്‍. വേദനകള്‍ക്കിടയിലും ആശ്വാസത്തിന്റെ വാക്കുകളുമായി തങ്ങളുടെ കൂടെ എപ്പോഴുമുണ്ടായിരുന്ന സുഹൃത്തിന്റെ ചേതനയറ്റ ശരീരം കൂടുതല്‍ നേരം ആര്‍ക്കും കണ്ടുനില്‍ക്കാനായില്ല.
ജനബാഹുല്യം കാരണം സീത്തയില്‍ പൊയില്‍ ജുമാ മസ്ജിദിനു മുറ്റത്തും ഏറെ നേരം പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് പാളയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി കൊടക് അബ്ദുള്‍ റഹ്മാന്‍ മുസ്ല്യാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപ്പാറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സമസ്ത ജില്ലാ നേതാക്കളായ മാണിയൂര്‍ അഹ്മദ് മൗലവി, പി.പി ഉമര്‍ മുസ്ല്യാര്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുസ്സമദ് മുട്ടം, പി.ടി മുഹമ്മദ് മാസ്റ്റര്‍, അഹ്മദ് തേര്‍ലായി, അബ്ദുസലാം ദാരിമി കിണവക്കല്‍, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, എ.കെ അബ്ദുല്‍ ബാഖി, ഷഹീര്‍ പാപ്പിനിശ്ശേരി, അഫ്‌സല്‍ രാമന്തളി, സാജിദ് മാടായി, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, ട്രഷറര്‍ വി.പി വമ്പന്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബംഗാളിമൊഹല്ല, സെക്രട്ടറി എം.പി മുഹമ്മദലി, സി. സമീര്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി താഹിര്‍, അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ കല്ലാട്ട് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഖബറടക്കത്തിനു ശേഷം സര്‍വ്വകക്ഷി അനുശോചന യോഗവും നടന്നു. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി അനുശോചിച്ചു.