പെരിന്തല്‍മണ്ണ : അഴിമതിക്കാരും കുറ്റവാളികളും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ബഹുമത സാംസ്‌കരിക പൈതൃകം തകരുമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി ഫാറൂഖ്അബ്ദുള്ള പറഞ്ഞു. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും താന്‍ ഉള്‍പ്പെടെയുള്ള കശ്മീര്‍ മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നത് അങ്ങനെയാണെന്നും കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി ഫാറൂഖ്അബ്ദുള്ള പറഞ്ഞു. പട്ടിക്കാട് ജാമിയ നൂരിയ്യ അറബിയ്യയുടെ 51-ാം വാര്‍ഷിക സമ്മേളനത്തിൽ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരും കുറ്റവാളികളും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ബഹുമത സാംസ്‌കരിക പൈതൃകം തകരും. രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം പണത്തിന്റെ ഒഴുക്കാണ്. സിറിയ, പലസ്തീന്‍, ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുസ്‌ലിംസമൂഹം പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിങ്ങള്‍ക്കിടയിലെ ഭിന്നിപ്പാണ് ഇതിന് കാരണം. ഭിന്നിപ്പുകള്‍ മറന്ന് സമൂഹത്തിന്റെ ഐക്യത്തിനുവേണ്ടി പ്രാര്‍ഥിക്കണം.
യോഗത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങളായ ഷെയ്ഖ് ഹസ്സന്‍ ഈദ്അല്‍ ബുക്കമ്മസ്, അഹമ്മദ് അബ്ദുള്‍വാഹിദ് ജാസിം ഖറാത്ത, സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഷഹ്ബാന്‍ കുക്ക്, ബിലാല്‍ അക്കീക്കോസ് (തുര്‍ക്കി), ഡോ. കെ.ടി.യു. റബീയുള്ള, കെ.പി.എ. മജീദ്, എം.എല്‍.എമാരായ കെ.എന്‍.എ. ഖാദര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, സി. മമ്മൂട്ടി, മുന്‍മന്ത്രി നാലകത്ത് സൂപ്പി, യൂനസ്‌കുഞ്ഞ്, മമ്മദ് ഫൈസി, പി. അബ്ദുള്‍ഹമീദ്, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.