അതിരില്ലാത്ത സ്‌നേഹത്തിന്റെ തിരുപ്പിറവി

രിത്രത്തിന്റെ പ്രകാശ ധാരയില്‍ ജീവിച്ച മഹാത്മാവാണ് ഹ.മുഹമ്മദ് നബി (സ). ചിന്തയിലും സംസ്‌കാരത്തിലും സദാചാരത്തിലും ജീവിത ശൈലിയിലും ഇത്ര അഗാധമായും സമഗ്രമായും സ്വാധീനം ചെലുത്തിയ ഒരു നേതാവിനെ പ്രവാചകനു തുല്യം കണ്ടെത്തുക അസാധ്യമാണ്. ആകര്‍ഷകമായ വ്യക്തിത്വവും ഹൃദ്യമായ മാനവികതയുടെ ദൗത്യവുമാണ് വിശ്വാസികളുടെ വികാരങ്ങളില്‍ അദ്ദേഹത്തോട് ആത്മബന്ധം സൃഷ്ടിച്ചത്. ആ തിരുപ്പിറവിയുടെ വസന്തം വിരിയിച്ച നാളുകള്‍ ആത്മഹര്‍ഷത്തിന്റെ പൊന്‍പുലരി തന്നെയാണ്.
കാലത്തിന്റെ വിളികേട്ട സ്‌നേഹസന്ദേശമാണ് അദ്ദേഹം ലോകത്തിന് നല്‍കിയത്. സ്‌നേഹത്തിന്റെ അതിരില്ലാത്ത ലോകം ആ മഹാത്മാവു തുറന്നുകൊടുത്തു. തൊലിയുടെയും വംശത്തിന്റെയും തറവാടിന്റെയും ഭാഷയുടെയും നിറം നോക്കി മനുഷ്യനെ തരം തിരിക്കാന്‍ അദ്ദേഹം സമ്മതിച്ചില്ല. നീഗ്രോ വര്‍ഗക്കാരനായ ബിലാലിനെ മാറോടണച്ചു ചേര്‍ത്തു അവനും ഒരു മനുഷ്യനാണെന്നു ലോകത്തോട് പ്രഖ്യാപിച്ചത് ഹ.മുഹമ്മദ് നബി (സ)യാണ്. ഈ മനുഷ്യ സ്‌നേഹി മാനവികതയുടെ ഉന്നത മൂല്യങ്ങള്‍ ഏഴാം നൂറ്റാണ്ടില്‍ നടപ്പാക്കി.
ഖുര്‍ആന്‍ പറയുന്നു: നിങ്ങളുടെ ജീവിത പ്രയാസങ്ങളില്‍ സങ്കടപ്പെടുകയും പരിഹാരത്തിനായി ആവേശ ഭരിതനാവുകയും സഹപ്രവര്‍ത്തകരോട് കരുണാമയനും കൃപാലുവുമായിട്ടാണ് അദ്ദേഹം വന്നിട്ടുള്ളത്. 9:128.
''ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍ ഉപരിലോകത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും'' പ്രവാചകന്റെ ശ്രദ്ധേയമായ ഒരു പ്രസ്താവനയാണിത്.
അലിവും ആര്‍ദ്രതയും സഹജീവികളോടു പ്രകടമാക്കുമ്പോള്‍ മാത്രമേ അതിരില്ലാത്ത സ്‌നേഹപ്രപഞ്ചം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. യുദ്ധത്തില്‍ പോലും മുഖം സൂക്ഷിക്കാന്‍ പ്രവാചകന്‍ നിഷ്‌കര്‍ഷിച്ചു. സല്‍സ്വഭാവമാണ് സ്വര്‍ഗത്തിലേക്കുള്ള പ്രയാണം പ്രയാസരഹിതമാക്കുന്നതെന്നു ഓര്‍മ്മിപ്പിച്ച പ്രവാചകന്‍ അതിന്റെ മാതൃകകളാണ് ജീവിതത്തിലുടനീളം ബാക്കിവെച്ചത്. ഇമാം ഗസാലി (റ) പറയുന്നു 'ധീരത, വിനയം, കഴുതപ്പുറത്ത് സഞ്ചരിക്കുക, സഹയാത്രികരെ സംഘടിപ്പിക്കുക, രോഗ സന്ദര്‍ശനം, ജനാസയോടൊപ്പം അനുഗമിക്കുക, സ്വയം ചെരുപ്പ് തുന്നല്‍, വസ്ത്രം കഷ്ണംവെച്ചു തുന്നുക, വീട്ടുജോലിയില്‍ കുടുംബത്തെ സഹായിക്കുക, ഭരണാധിപന്മാരുടെ പ്രസന്റേഷന്‍ സ്വീകരിക്കുക തുടങ്ങിയവ പ്രവാചകന്റെ സ്വഭാവമായിരുന്നു (ഇഹ്‌യാ).

നബി (സ) പറയുന്നു.''ദീര്‍ഘിപ്പിക്കണമെന്ന വിചാരത്തോടെ ഞാന്‍ ചിലപ്പോള്‍ നമസ്‌കാരത്തില്‍ പ്രവേശിക്കും. അപ്പോഴായിരിക്കും ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുക; ആ കുട്ടിയുടെ മാതാവിന്റെ വേദനയോര്‍ത്തു വേഗം നമസ്‌കാരം ചുരുക്കും (ബുഖാരി)''. തന്റെ മകന്‍ ഇബ്രാഹിമിന്റെ മരണവേളയില്‍ നബി (സ) കണ്ണീരൊഴുക്കിയപ്പോള്‍ അബ്ദുറഹ്മാനുബ്‌നു ഔഫ് (റ) ചോദിച്ചു. പ്രവാചകാ!! നിങ്ങളും കരയുകയാണോ? അവിടുന്നു പറഞ്ഞു. ഇതു കാരുണ്യത്തിന്റെ കണ്ണീരാണ്. കണ്ണുനീര്‍ ഒലിക്കുന്നു. ഹൃദയം ദു:ഖിക്കുന്നു. അല്ലാഹുവിന് ഇഷ്ടമില്ലാത്തതൊന്നും ഞാന്‍ പറയുന്നില്ല. ഇബ്രാഹിമേ!! നിന്റെ വിരഹം ഞങ്ങളില്‍ ദു:ഖം പരത്തിയിരിക്കുന്നു (ബുഖാരി).

കുട്ടികളോട് അതിരറ്റ വാല്‍സല്യം കാണിച്ചിരുന്ന പ്രവാചകന്‍ അവരുടെ കളിയിലും തമാശയിലും പങ്കു ചേര്‍ന്നിരുന്നു. ഹ: ആയിശ (റ) പറയുന്നു. ''നബി (സ) യുടെ വീട്ടില്‍ കൂട്ടുകാരികളോടൊത്തു കളിപ്പാവകളുമായി ഞാന്‍ കളിക്കാറുണ്ടായിരുന്നു. നബിയെ കണ്ടാല്‍ അവര്‍ ഓടിക്കളയും. അവരെ വിളിച്ചു എന്നോടൊപ്പം കളിക്കാന്‍ നബി പ്രേരിപ്പിക്കും (മുസ്‌ലിം). ഇമാം ഗസാലി(റ) എഴുതുന്നു: ''അവിടുന്നു ആരോടും പിണങ്ങിയിരുന്നില്ല. അനുവദനീയ വിനോദം കണ്ടിരിക്കും. വീട്ടുകാരോടു മല്‍സരത്തിലേര്‍പ്പെടും. കൂട്ടുകാരുടെ ഉദ്യാനങ്ങള്‍ സന്ദര്‍ശിക്കും. പാവങ്ങളെ നിന്ദിക്കുകയോ പ്രമാണിമാരെ അതിരുവിട്ടു പ്രശംസിക്കുകയോ ചെയ്യില്ല. ആരെയും ആക്ഷേപിക്കില്ല. ഹസ്തദാനം ചെയ്താല്‍ ആദ്യം കൈവലിക്കുകയില്ല. സദസ്സില്‍ സൗകര്യമുള്ളേടത്ത് ഇരിക്കും. സന്ദര്‍ശകര്‍ വന്നാല്‍ തന്റെ മുണ്ടു വിരിച്ചു അതിലിരുത്തും.'' തന്നെ കാണാന്‍ വന്ന ആള്‍ പ്രവാചകത്വത്തിന്റെ ഗാംഭീര്യത ഓര്‍ത്തു വിറക്കുന്നതു കണ്ടപ്പോള്‍ നബി(സ) അയാളോടു പറഞ്ഞു: ''ഞാനൊരു രാജാവല്ല. ഉണക്ക മാംസവും ഉണക്ക റൊട്ടിയും കഴിക്കുന്ന ഖുറൈശി വനിതയുടെ മകനാണ്.''

അനുയായികളുടെ ദു:ഖത്തില്‍ ദു:ഖിക്കുകയും സന്തോഷത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നത് നബി(സ)യുടെ പതിവായിരുന്നു. ദരിദ്രരുടെ കൂടെ നടക്കാനും അവരെ സന്ദര്‍ശിക്കാനും തിരുമേനി മടിച്ചിരുന്നില്ല. അവിടുന്ന് ഒരു ദരിദ്രനായി ജീവിക്കാനാണ് ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും. നിങ്ങള്‍ക്ക് കിട്ടുന്ന ഈ ഭക്ഷണം ദരിദ്രരുടെ മഹത്വം കൊണ്ടാണെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. നാളെ മഅ്ശറയില്‍ മൂന്നു വിഭാഗത്തിനെതിരെ ഞാന്‍ വാദിക്കും. എടുത്ത ജോലിക്കു മതിയായ വേതനം കൊടുക്കാത്തവരാണവരില്‍ ഒരു വിഭാഗം. ജൂതനായ ഭൃത്യന്‍ രോഗിയാണെന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ അവനെ സന്ദര്‍ശിച്ചു. സമാശ്വസിപ്പിച്ചു. ഹ: അബൂഹൂറൈറ(റ) ബഹുദൈവ വിശ്വാസികള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഞാന്‍ ശപിക്കാനല്ല അനുഗ്രഹത്തിനാണ് നിയോഗിക്കപ്പെട്ടത് എന്നായിരുന്നു പ്രവാചകന്റെ പ്രതികരണം.

മക്ക ഇസ്‌ലാമിക സ്റ്റേറ്റായി പ്രഖ്യാപിച്ച ദിനത്തില്‍ ശത്രുക്കള്‍ക്ക് പൊതുമാപ്പു പ്രഖ്യാപിച്ചു. കൊടിയ ശത്രുവായ സഫുവാനുബുനു ഉമയ്യത്തിനെ പ്രവാചകന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹം രണ്ടുമാസത്തെ അവധി ആവശ്യപ്പെട്ടു. പ്രവാചകന്‍ പറഞ്ഞു ''നാലുമാസം അവധി നല്‍കാം.'' ഉറുമ്പിന്‍ കൂട്ടത്തെ തീകൊണ്ടു കരിച്ചതു കണ്ടപ്പോള്‍ പ്രവാചകന്‍ അതു പാടില്ലെന്നും അല്ലാഹുവിനല്ലാതെ അഗ്നികൊണ്ട് ശിക്ഷിക്കാനവകാശമില്ലെന്നും ഓര്‍മ്മിപ്പിച്ചു. മൃഗങ്ങളെ അറുക്കുമ്പോള്‍ കത്തി മൂര്‍ച്ചകൂട്ടാന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു. ഒരു തോട്ടത്തില്‍ ഒട്ടകം ഒച്ച വെച്ചു കരയുന്നതു കണ്ടപ്പോള്‍ അതിന്റെ ചെവി തടവി കൊണ്ടു ഉടമസ്ഥനാരാണെന്നു പ്രവാചകന്‍ ചോദിച്ചു. ഒരു അന്‍സാരി സഹാബിയുടേതായിരുന്നു ആ ഒട്ടകം. നബി (സ) അദ്ദേഹത്തോടു പറഞ്ഞു. ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അതിനെ അമിത ജോലികൊണ്ടു പ്രയാസപ്പെടുത്തുന്നതായി അതെന്നോട് സങ്കടപ്പെട്ടിരിക്കുന്നു.'' കൂട്ടില്‍ നിന്നു പക്ഷി കുഞ്ഞുങ്ങളെ എടുത്തവരോട് തിരിച്ചു ആ കൂട്ടില്‍ കൊണ്ടുപോയി വെക്കാന്‍ ശാസിച്ചു.
ദാഹിച്ച നായക്ക് വെള്ളം കൊടുത്ത ഒരഭിസാരിക സ്വര്‍ഗ പ്രവേശനത്തിനര്‍ഹതനേടിയ സംഭവം പ്രവാചകന്‍ കേള്‍പിച്ചു (ബുഖാരി). ഒട്ടകപ്പുറത്തിരുന്നു സംസാരിച്ചവരോട് അതു വാഹനമാണ് നിങ്ങളതിനെ ഇരിപ്പിടമാക്കരുതെന്നും ഓര്‍മ്മിപ്പിക്കുകയുണ്ടായി. നജ്‌റാനില്‍ നിന്നെത്തിയ പുരോഹിത തലവന്മാരായ പാത്രിയാക്കീസുമാര്‍ക്കു മദീനയില്‍ ആരാധനക്ക് സൗകര്യപ്പെടുത്തിക്കൊണ്ടു മത സൗഹാര്‍ദ്ദത്തിന്റെ മഹത്തായ സന്ദേശം തന്റെ രാഷ്ട്രത്തില്‍ നടപ്പാക്കി കാണിച്ചുകൊടുത്തു.

വൈവിധ്യമാര്‍ന്ന ജീവിത മേഖലകളിലെല്ലാം ഉജ്ജ്വലമായ കര്‍മ്മ കാന്തി കൊണ്ടു അനുപമമായ മാതൃക സമ്മാനിച്ച പ്രവാചകനെ പദ്യത്തിലും ഗദ്യത്തിലും മാത്രം ഒതുക്കാനുള്ളതല്ല. ഇരുപത്തി മൂന്ന് വര്‍ഷം ആ മഹാത്മാവു നടന്നുപോയ പാതയുടെ തിളക്കം ജീവിതത്തിലൂടെ ഒപ്പിയെടുക്കാന്‍ മുത്തു നബിയുടെ സ്‌നേഹ വസന്തം പ്രേരണയാകണം
-സൈദ്‌ മുഹമ്മദ്‌ നിസാമി