അധികാരം ആ കൈകളിലെത്തിയപ്പോള്‍..
ക്രിസ്ത്വബ്ദം 631. പ്രവാചകര്‍ അനുയായികളോടൊപ്പം തന്റെ ജന്മ നാടായ മക്കയിലേക്ക് തിരിച്ചുവരുന്നു. ഏകദൈവവിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു എന്ന ഏകകാരണം കൊണ്ട് ഒമ്പത് വര്‍ഷം മുമ്പ് തന്നെയും അനുയായികളെയും ജന്മനാട് ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബദ്ധരാക്കിയവരാണ് മക്കാനിവാസികള്‍. ഇന്ന് പ്രവാചകരുടെ അനുയായികള്‍ ഏറെയാണ്, ശക്തിയും സന്നാഹവും വേണ്ടത്രയുണ്ട്. മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും പ്രതിരോധിക്കണമെന്നും ആദ്യമൊക്കെ പലരും അഭിപ്രായപ്പെട്ടെങ്കിലും പ്രവാചകരും അനുയായികളും കടന്നുവരുന്നത് കണ്ടതോടെ അവരെല്ലാം ആ ചിന്ത ഉപേക്ഷിച്ച്, സുരക്ഷിത താവളങ്ങള്‍ തേടി ഉള്‍വലിഞ്ഞു. വിജയശ്രീലാളിതനായ പ്രവാചകര്‍ കഅ്ബാലയത്തിന് സമീപമെത്തി. രക്ഷപ്പെടാനാവാതെ പലരും അവിടെ കുടുങ്ങിനില്‍പ്പുണ്ട്. ചുറ്റുപാടുമുള്ള കുന്നുകളിലൊളിച്ചവരും വീടുകള്‍ക്കുള്ളില്‍ വാതിലടച്ചിരുന്നവരും ആ രംഗം വീക്ഷിക്കുന്നുണ്ട്. തന്നെയും അനുയായികളെയും പീഢിപ്പിച്ചവരോട് എന്തെങ്കിലും പ്രതികാരനടപടി ഉണ്ടാവാതിരിക്കില്ലെന്ന് അവരൊക്കെ ന്യായമായും പ്രതീക്ഷിച്ചു. എന്നാല്‍ ചരിത്രം പോലും മൂക്കത്ത് വിരല്‍ വെച്ചുപോയ രംഗങ്ങളാണ് പിന്നീട് അവിടെ കാണാനായത്. സ്വതസിദ്ധമായ പുഞ്ചിരിയോടെ പ്രവാചകര്‍ അവരെ അഭിസംബോധനചെയ്തു, അവിടന്ന് ചോദിച്ചു, നിങ്ങളോട് ഞാന്‍ എങ്ങനെ പെരുമാറുമെന്നാണ് നിങ്ങള്‍ കരുതുന്നത്? പ്രതീക്ഷ ഒട്ടുമില്ലെങ്കിലും അവര്‍ ഇങ്ങനെ പ്രതിവചിച്ചു, താങ്കള്‍ മാന്യനായ ഒരു സഹോദരനാണ്, താങ്കളുടെ പിതാവും അങ്ങനെത്തന്നെയായിരുന്നല്ലോ. അത് പറയുമ്പോഴും അവരുടെ കാല്‍മുട്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു, വാക്കുകള്‍ പുറത്തുവരാതെ അവര്‍ ഗദ്ഗദകണ്ഠരാവുന്നുണ്ടായിരുന്നു.ലേഖനത്തിന്റെ തുടർന്നുള്ള ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക