ഭാര്യ ഖദീജ (റ) ക്ക് പറയാനുള്ളത്
"പ്രവാചകത്വത്തിന്റെ തുടക്കമെന്നോണം ദിവ്യസന്ദേശവുമായെത്തിയ ജിബ്രീല്‍ എന്ന മാലാഖയെ കണ്ട് പ്രവാചകര്‍ (സ്വ) പേടിച്ചു പോയി. ഭയചകിതനായി പനിപിടിച്ചാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ആ ചരിത്രസന്ധിയില്‍ അവരെ സമാശ്വസിപ്പിച്ചുകൊണ്ട് പ്രിയപത്നി ഖദീജ (റ) പറഞ്ഞ വാക്കുകള്‍ ഇന്നും ചരിത്രത്തില്‍ തെളിഞ്ഞുകിടക്കുന്നു. പതിനഞ്ചുവര്‍ഷക്കാലത്തെ ഭാര്യാ-ഭര്‍തൃജീവിതത്തിലൂടെ പ്രവാചകരെ അടുത്തറിഞ്ഞവരായിരുന്നു മഹതി ഖദീജ. ആ വാക്കുകള്‍ ഇങ്ങനെ വായിക്കാം, താങ്കള്‍ ഒന്ന്കൊണ്ടും ഭയപ്പെടരുത്, ഇല്ല, അല്ലാഹു ഒരിക്കലും താങ്കളെ നിസ്സാരനാക്കുകയില്ല, കാരണം, താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നവരാണ്, ജീവിതത്തില്‍ സത്യം മാത്രം പറയുന്നവരാണ്, ഇതരരുടെ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും സ്വയം ഏറ്റെടുത്ത് അവര്‍ക്ക് ആശ്വാസം പകരുന്നവരാണ്, അതിഥികളെ യഥോചിതം സ്വീകരിക്കുന്നവരാണ്, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തില്‍ ആര്‍ക്ക് പ്രയാസങ്ങള്‍ നേരിട്ടാലും അവരെയെല്ലാം സഹായിക്കുന്നവരാണ്, ആയതിനാല്‍ അല്ലാഹു താങ്കളെ ഒരിക്കലും നിസ്സാരപ്പെടുത്തുകയില്ല.
ഒരു വ്യക്തിയുടെ സ്വഭാവം സ്വന്തം ഭാര്യയോളം അറിയുന്നവര്‍ മറ്റാരുമുണ്ടാകില്ലല്ലോ. അത് കൊണ്ട് തന്നെ പ്രവാചകരുടെ സ്വഭാവത്തിന് സൃഷ്ടികളില്‍നിന്ന് ലഭിക്കാവുന്ന ഏറ്റവും വലിയ സാക്ഷിപത്രം കൂടിയാണ് ഇത്. പ്രപഞ്ചനാഥന്‍ അവന്റെ സന്ദേശം വഹിക്കാനുള്ള ദൂതനായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന് പറയേണ്ട താമസം, ആ ദൂതന്റെ ആദ്യ അനുയായിയാവാന്‍ ഖദീജ (റ) തയ്യാറായതും അത് കൊണ്ട് തന്നെ.....