കോഴിക്കോട്: പൊതു സ്വത്ത് അന്യായമായി കവര്‍ന്നെടുക്കുന്നതും, പ്രകൃതി സമ്പത്ത് ചൂഷണം നടത്തി ആവാസ വ്യവസ്ഥകള്‍ താറുമാറാക്കുന്നതും ഇസ്‌ലാമിക വിരുദ്ധമാണെന്ന് സുന്നി യുവജന സംഘം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ചക്കിട്ടപ്പാറ, മാവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നല്‍കിയ ഇരുമ്പയിര് ഖനനാനുമതിയും അതിന്റെ പിന്നിലും മുന്നിലുമുള്ള ശക്തികളും അടിസ്ഥാനപരമായി രാജ്യദ്രോഹനടപടിയാണ്. രാഷ്ട്രീയ നേതൃത്വത്തിനും, ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തിലുള്ള പങ്കും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ചിലരുടെ പങ്കും താല്‍പര്യവും മാധ്യമചര്‍ച്ചകളില്‍ ഇടം നേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൃതുസമീപനം സ്വീകരിക്കാതെ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. സമുദായത്തെ എന്നപോലെ രാജ്യത്തെയും ചൂഷണ വസ്തുവാക്കുന്ന നടപടികള്‍ അങ്ങേഅറ്റം പ്രതിഷേധാര്‍ഹമാണെന്നും കോഴിക്കോട് സമസ്താലയത്തില്‍ ചേര്‍ന്ന എസ്.വൈഎസ്. 60-ാം വാര്‍ഷിക സമ്മേളന സബ് കമ്മിറ്റി ഭാരവാഹികളുടെ യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എം.ഖാസിം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ഉമര്‍ ഫൈസി മുക്കം, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, മെട്രൊ മുഹമ്മദ് ഹാജി, പിണങ്ങോട് അബൂബക്കര്‍, ഖത്തര്‍ ഇബ്രാഹീം ഹാജി, ടി.കെ.സി.അബ്ദുല്‍ഖാദര്‍ ഹാജി, കെ.എം.അബ്ബാസ് ഫൈസി, മുസ്തഫ മുണ്ടുപാറ, കെ.മുഹമ്മദ് കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍, അഹ്മദ് തെര്‍ളായി, സത്താര്‍ പന്തല്ലൂര്‍, സലീം എടക്കര, ബശീര്‍ ദാരിമി തളങ്കര ഹസന്‍ ആലംകോട് ചര്‍ച്ചയില്‍ പങ്കെടുത്തു.