ഖാസിമിയെ സമസ്തയിൽ നിന്നും പുറത്താക്കി എന്ന വാർത്തകൾ കുപ്രചരണം
കോഴിക്കോട്: സുന്നി യുവജനസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് റഹ് മത്തുല്ല ഖാസിമിയെ നീക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗമാണ് ഖാസിമിയെ SYS വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കിയ തീരുമാനം ശരിവച്ചത്. സമസ്ത പ്രസിഡന്‍റ് ശൈഖുനാ ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ , ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള സമുന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം. എന്നാൽ 'തീജാനി' ത്വരീഖത്തില്‍ അംഗത്വം നേടിയതിനാൽ ഖാസിമിയെ സമസ്തയിൽ നിന്നും പുറത്താക്കി എന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. 'തീജാനി' ത്വരീഖത്തിനെ കുറിച്ച് സമസ്ത പഠിച്ചു കൊണ്ടിരിക്കുകയാണെന്നും വൈകാതെ അതേ കുറിച്ചുള്ള സമസ്തയുടെ തീരുമാനം ഉണ്ടായേക്കുമെന്നും സമസ്‌തയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അദ്ധേഹത്തെ ഒഴിവാക്കിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേ സമയം "ശൈഖുനാ ആനക്കര കോയക്കുട്ടി ഉസ്‌താദ് പ്രസിഡന്റും ചെറുശ്ശേരി ഉസ്‌താദ് ജന.സെക്രട്ടറിയുമായ സമസ്‌തയുടെ എളിയ പ്രവര്‍ത്തകനായി താന്‍ തുടരുമെന്നും പാണക്കാട് സയ്യിദന്മാരുടെ കല്‍പന അക്ഷരാര്‍ത്ഥത്തില്‍ താന്‍ അനുസരിക്കുമെന്നും" 'ഖാസിമി സമസ്‌ത വിട്ടു' വെന്ന വിഘടിത കുപ്രചരണങ്ങള്‍ക്ക് മറുപടിയായി റഹ്‌മത്തുള്ളാ ഖാസിമി തന്റെ ഫൈസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.
"...സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യം വെച്ച് കൊണ്ട് കാട്ടിക്കൂട്ടുന്ന കുത്സിതശ്രമങ്ങളിലും കപടമുഖങ്ങളിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാത്വികരായ പ്രവര്‍ത്തകര്‍ വഞ്ചിതരാകരുത്. എന്റെ സമ്മതമില്ലാതെ എന്റെ പേരില്‍ ഇറക്കപ്പെടുന്ന സോഷ്യല്‍നെറ്റ്‍വര്‍ക്ക് പേജുകളിലും മറ്റുമായി വരുന്ന പോസ്റ്റുകളുമായി യാതൊരു ബന്ധമോ പിന്തുണയോ എനിക്കില്ല എന്ന് ഇവിടെ പ്രഖ്യാപിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മഹാന്മാരായ പണ്ഡിതമഹത്തുക്കളുടെ ചെരുപ്പെടുത്ത് തലയില്‍ വെച്ച് മരണം വരെ അവരെ പിന്തുടര്‍ന്ന് ജീവിതം അല്ലാഹുവിന്റെ പൊരുത്തത്തിലാക്കിത്തീര്‍ക്കാനാണ് ഈ വിനീതന്‍ ആഗ്രഹിക്കുന്നത്." എന്നും തന്റെ ഫൈസ്‌ബുക്ക് സന്ദേശത്തിലൂടെ അദ്ദേഹം തുടരുന്നുണ്ട്.