റിയാദ്: പുതുതലമുറക്ക് ധാര്‍മിക ബോധനം നല്‍കണമെന്നും എങ്കില്‍ മാത്രമേ അവര്‍ സമൂഹത്തിന് ഉപകാരപ്പെടുകയുള്ളൂവെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ കൂരിയാട് അഭിപ്രായപ്പെട്ടു. റിയാദില്‍ ദാറുല്‍ഹുദാ കമ്മിറ്റി, ഹാദിയ ചാപ്റ്റര്‍, ഇസ്‌ലാമിക് സെന്റര്‍, എസ്.വൈ.എസ് സംയുക്തമായി നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക രംഗം അഭിവൃദ്ധിപ്പെട്ട ഇക്കാലത്ത് ധാര്‍മ്മിക, ഭൗതിക വിദ്യാഭ്യാസം നല്‍കി പുതുതലമുറയെ രൂപപ്പെടുത്തിയെടുക്കണം. പ്രവാചകന്റെ പാത പിന്‍പറ്റി ഇസ്‌ലാമിന്റെ ചട്ടക്കൂടില്‍ കുട്ടികളെ വളര്‍ത്തണം.
മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മുസ്‌ലിം പണ്ഡിതര്‍ ഭൗതിക വിദ്യാഭ്യാസത്തില്‍ മികവു തെളിയിച്ചിട്ടുണ്ട്. നിരവധി വാള്യങ്ങളുള്ള ഗ്രന്ഥങ്ങള്‍ അവര്‍ സ്വന്തം കൈപട കൊണ്ട് എഴുതി സമൂഹത്തിന് മുന്നില്‍ സമര്‍പ്പിച്ചു. ഇസ്‌ലാമിക പ്രബോധന മേഖലയില്‍ ദാറുല്‍ ഹുദാ മികച്ച കാല്‍വെപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആന്ധ്ര പ്രദേശിലും ആസാമിലും പശ്ചിമ ബംഗാളിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണിപ്പോള്‍ ദാറുല്‍ഹുദാ. വിദ്യ അഭ്യസിക്കാന്‍ താത്പര്യമുണ്ടെങ്കിലും അതിനുള്ള അവസരം കേരളത്തിന് പുറത്തെ മിക്ക സംസ്ഥാനങ്ങളിലുമില്ല. അത്തരം ആളുകള്‍ക്ക് അവസരമൊരുക്കിക്കൊടുക്കല്‍ നമ്മുടെ ബാധ്യതയായി നാം മനസ്സിലാക്കണം. അത്തരം സംരംഭങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കണം. അദ്ദേഹം പറഞ്ഞു.
ളിയാഉദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ, ഒ.ഐ.സി.സി പ്രസിഡന്റ് കുഞ്ഞി കുമ്പള, കെ.കെ കോയാമു ഹാജി, ഷാജി ആലപ്പുഴ, മുഹമ്മദ് കോയ തങ്ങള്‍, മുസ്തഫ ബാഖവി പെരുമുഖം, സൈതലവി ഫൈസി സംസാരിച്ചു. തെന്നല മൊയ്തീന്‍ കുട്ടി സ്വാഗതവും സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു. അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളക്കൈ, ശിഹാബ് വേങ്ങൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.