കോഴിക്കോട്: യു.എ.ഇ ദേശീയ ദിനാഘോഷത്തോ ടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ശൈഖ് സാഇദ് അവാര്‍ഡ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സമ്മാനിച്ചു. കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി അവാര്‍ഡ് വിതരണം ചെയ്തു. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയും കൈമുതലും നമ്മുടെ മത സൗഹാര്‍ദ്ദവും ഒന്നാണെന്ന വിശ്വാസവുമാണെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. കേരളത്തെ വളര്‍ത്തുന്നതിനും സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും മുഖ്യപങ്കു വഹിക്കുന്നവരാണ് പ്രവാസികള്‍. കേരളത്തിലെ പ്രവാസികളെ അടുത്തറിയുന്നതിനാല്‍ അവരുടെ പ്രശ്‌നങ്ങളില്‍ പ്രത്യേക താല്‍പര്യമെടുത്ത് പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്. ഇന്ത്യയും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ഇന്നും പുലര്‍ത്തിപോരാന്‍ സാധിക്കുന്നതില്‍ പ്രവാസികള്‍ പ്രധാന ഘടകമായി നിലകൊള്ളുകയാണ്.
ശൈഖ് സാഇദ് അവാര്‍ഡിലൂടെ ഈ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ പുലര്‍ത്തിപ്പോരുന്ന അറബ് ബന്ധം കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ശക്തി, സമൂഹം ഒന്നാണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ്. അതിന് ഏറ്റവും പ്രചോദനമായി നില്‍ക്കുന്നത് പാണക്കാട് കുടുംബമാണ്. ഐക്യത്തിന്റെയും നന്‍മയുടെയും വളര്‍ച്ചയില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഹൈദരലി തങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചതിലൂടെ രാജ്യം അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയോട് ഏറെ ബന്ധവും പ്രതിബന്ധതയും കാണിച്ച ഭരണാധികാരിയായിരുന്നു ശൈഖ് സാഇദ് എന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ കെട്ടുറപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മഹത്‌വ്യക്തിത്വത്തിനുടമയായ ഹൈദരലി തങ്ങള്‍ക്ക് അവാര്‍ഡ് നല്‍കിയതിലൂടെ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗള്‍ഫ് മലയാളികളുടെ ഉപഹാരം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഡോ. കെ.വി തോമസ് ഹൈദരലി തങ്ങള്‍ക്ക് സമ്മാനിച്ചു. പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ പ്രശസ്തിപത്രം നല്‍കി. അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഹൈദരലി തങ്ങളെ പൊന്നാടയണിയിച്ചു. അബൂബക്കര്‍ സൈദി രചിച്ച ശൈഖ് സാഇദ് കാലത്തിന്റെ കരുത്ത് പുസ്തകം എം.പി വീരേന്ദ്രകുമാര്‍ പ്രകാശനം ചെയ്തു.
ദുബൈ മുഹമ്മദ്ബിന്‍ റാശീദ് അല്‍മഖ്തൂം അവാര്‍ഡ് ഫോര്‍ പീസ് ഡയറക്ടര്‍ ഖലീഫാ മുഹമ്മദ് അല്‍ശര്‍ അല്‍സുവൈദി മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, സി മോയിന്‍കുട്ടി എം.എല്‍.എ, മുന്‍ മന്ത്രി സി.ടി അഹമ്മദലി, പി.വി ഗംഗാധരന്‍, കെ.എസ്.ഐ.ഇ ചെയര്‍മാന്‍ എം.സി മായിന്‍ ഹാജി, കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ മൊയ്തീന്‍കോയ, സി.ഡി.എ ചെയര്‍മാന്‍ എന്‍.സി അബൂബക്കര്‍, ഹാന്‍വീവ് ചെയര്‍മാന്‍ യു.സി രാമന്‍, ഡോ. മുഹമ്മദ് ഹസ്സന്‍, കെ.കെ അബ്ദുസലാം, പുത്തൂര്‍ റഹ്മാന്‍, മഹ്‌റൂഫ് ചെമ്പ, ആറ്റക്കോയ പള്ളിക്കണ്ടി, മുഹമ്മദ് ഈസ, നൗഷാദ് അരീക്കോട് സംസാരിച്ചു.
യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് അല്‍ സയ്യദ് അലി അല്‍ ഹാഷിമിയുടെ സന്ദേശം ചരിഷ്മ ഇബ്രാഹീം കുട്ടി മുംബൈ വായിച്ചു. ഇന്ത്യാ-അറബ് സൗഹൃദത്തിന്റെ കാഴ്ചകളൊരുക്കിയുള്ള ഫോട്ടോ-പെയിന്റിംഗ് പ്രദര്‍ശനം ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു.